1. TDS/TCS, മുൻകൂർ നികുതി, അല്ലെങ്കിൽ സ്വയം വിലയിരുത്തൽ നികുതി എന്നിവയിലൂടെ ആദായനികുതി അടയ്ക്കാനുള്ള അടിസ്ഥാന ബാധ്യത ആദായനികുതി നിയമം, 2025 പ്രകാരം തുടരുന്നുണ്ടോ?
അതെ. വരുമാനനികുതി അടയ്ക്കാനുള്ള അടിസ്ഥാന ബാധ്യത-നികുതി കിഴിച്ചതോ സ്രോതസ്സിൽ നിന്ന് ശേഖരിച്ചതോ (TDS/TCS), മുൻകൂർ നികുതി, സ്വയം വിലയിരുത്തൽ നികുതി, അല്ലെങ്കിൽ പതിവ് വിലയിരുത്തൽ എന്നിവയിലൂടെ- ആദായനികുതി നിയമം, 2025 പ്രകാരം മാറ്റമില്ലാതെ തുടരുന്നു. പുതിയ നിയമം നികുതിയടവുകളുടെ രീതിയെ നിയന്ത്രിക്കുന്ന ചട്ടക്കൂടിൽ മാറ്റം വരുത്തുന്നില്ല; മറിച്ച് നിലവിലുള്ള നിയമപാലനം നിലനിർത്തിക്കൊണ്ട് നിയമഭാഷ കൂടുതൽ ലളിതമാക്കുകയാണ് ചെയ്യുന്നത്.
2. ആദായനികുതി നിയമം, 2025 പ്രകാരം നികുതിയടയ്ക്കുന്നതിനുള്ള അനുവദനീയമായ രീതികളിൽ മാറ്റം വന്നിട്ടുണ്ടോ?
ഇല്ല. ആദായനികുതി നിയമം, 2025 പ്രകാരം നികുതി അടയ്ക്കുന്നതിനുള്ള രീതികൾ മാറ്റമില്ലാതെ തുടരുന്നു. സർക്കാർ കാലാകാലങ്ങളിൽ അറിയിക്കുന്ന ഇലക്ട്രോണിക് പണമടവ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അംഗീകൃത ബാങ്കിംഗ് ചാനലുകൾ വഴി നികുതിയടയ്ക്കേണ്ടത്.
3. ആദായനികുതി നിയമം, 1961 ൽ അടങ്ങിയിരിക്കുന്ന സ്രോതസ്സിൽ നിന്ന് കിഴിച്ച നികുതി (TDS) വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ആദായനികുതി നിയമം, 2025 ൽ എന്ത് മാറ്റം വരുത്തിയിട്ടുണ്ട്?
പൊതുവെ പറഞ്ഞാൽ, നയത്തിൽ മാറ്റമൊന്നുമില്ല, പക്ഷേ പുതിയ നിയമം TDS വ്യവസ്ഥകൾ ലളിതവും പട്ടികരൂപത്തിലുമാണ് അവതരിപ്പിക്കുന്നത്. ആദായനികുതി നിയമം, 1961 ലെ എല്ലാ TDS വകുപ്പുകളും (വകുപ്പ് 192 മുതൽ 194T വരെ) ഇപ്പോൾ 2025 ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 392, വകുപ്പ് 393 എന്നീ രണ്ട് വകുപ്പുകൾക്ക് കീഴിൽ സംയോജിപ്പിച്ചിരിക്കുന്നു. പുതിയ നിയമത്തിലെ വകുപ്പ് 392 'ശമ്പളം' എന്ന ഇനത്തിൽ നടത്തുന്ന പണമടവുകളിൽ സ്രോതസ്സിൽ നിന്ന് നികുതി കിഴിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രതിപാദിക്കുന്നു. മറുവശത്ത്, കമ്മീഷൻ അല്ലെങ്കിൽ ബ്രോക്കറേജ്, വാടക, ചില സ്ഥാവര വസ്തുക്കളുടെ (കാർഷിക ഭൂമി ഒഴികെയുള്ള) കൈമാറ്റത്തിലെ പണമടവ്, മറ്റ് നിർദ്ദിഷ്ട പണമടവുകൾ എന്നിവ പോലുള്ള മറ്റ് തരത്തിലുള്ള പണമടവുകളിൽ സ്രോതസ്സിൽ നിന്ന് നികുതി കിഴിക്കുന്നതിന് വകുപ്പ് 393 വ്യവസ്ഥ ചെയ്യുന്നു. പുതിയ നിയമത്തിലെ വകുപ്പ് 393-ൽ മൂന്ന് വിശാലമായ വിഭാഗങ്ങളായ പണമടവുകൾ - താമസക്കാർ, പ്രവാസികൾ, ഏതെങ്കിലും വ്യക്തി എന്നിവയ്ക്ക് ബാധകമായ 3 പട്ടികകൾ അടങ്ങിയിരിക്കുന്നു. ഓരോ വിഭാഗത്തിനുമുള്ള ബന്ധപ്പെട്ട പട്ടിക വരുമാനത്തിന്റെയോ തുകയുടെയോ സ്വഭാവം, സാമ്പത്തിക പരിധി, പണമടയ്ക്കുന്നയാൾ/വ്യക്തി, ബാധകമായ TDS നിരക്ക് എന്നിവ വ്യക്തമാക്കുന്നു. TDS/TCS നിരക്കുകളും പരിധികളും പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും നിരക്കുകൾക്ക് സമാനമാണ്. കൃത്യമായ TDS/TCS നിരക്കുകൾക്ക് ബാധകമാകുന്നതുപോലെ പുതിയ നിയമത്തിലെയും ധനകാര്യ നിയമത്തിലെയും പ്രസക്തമായ വ്യവസ്ഥകൾ പരിശോധിക്കാവുന്നതാണ്.
4. പരിവർത്തന കാലയളവിൽ TDS ബാധ്യതകളെ നിയന്ത്രിക്കുന്ന നിയമം ഏതാണ്?
തുക അടച്ചതോ ലഭിച്ചതോ ആയ സാമ്പത്തിക വർഷത്തിന് ബാധകമായ നിയമപ്രകാരം TDS ബാധ്യതകൾ തുടർന്നും നിയന്ത്രിക്കപ്പെടും. അതനുസരിച്ച്, 2026 മാർച്ച് 31 നോ അതിനുമുമ്പോ അടച്ചതോ ലഭിച്ചതോ ആയ ഏതൊരു തുകയും ആദായനികുതി നിയമം, 1961 ലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും നിയന്ത്രിക്കപ്പെടുക. കൂടാതെ, 2026 ഏപ്രിൽ 1-നോ അതിനുശേഷമോ അടച്ചതോ ലഭിച്ചതോ ആയ ഏതൊരു തുകയും ആദായനികുതി നിയമം, 2025 ലെ അനുബന്ധ തടഞ്ഞുവയ്ക്കൽ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും നിയന്ത്രിക്കപ്പെടുന്നത്.
5. 2026 ഏപ്രിൽ 01 ന് ശേഷം നടത്തിയ TDS/TCS ന് ഏത് വകുപ്പാണ് പരാമർശിക്കേണ്ടത്?
2026 ഏപ്രിൽ 01-നോ അതിനുശേഷമോ നടത്തിയ ഇടപാടുകൾക്ക്, ഡിഡക്റ്റർമാർ/പിരിവുകാർ ആദായനികുതി നിയമം, 2025 ലെ വകുപ്പ് 393 (അല്ലെങ്കിൽ TCS-നുള്ള വകുപ്പ് 394) ലെ പ്രസക്തമായ പട്ടിക ഇനം ഉദ്ധരിക്കണം. അത്തരം ഇടപാടുകൾക്ക് ആദായനികുതി നിയമം, 1961ലെ 194C, 194J, അല്ലെങ്കിൽ 194H പോലുള്ള പഴയ വകുപ്പ് നമ്പറുകൾ ഉദ്ധരിക്കുന്നത് സിസ്റ്റം-തല സ്ഥിരീകരണ പിശകുകൾക്ക് കാരണമായേക്കാം.
ഉദാഹരണം: M/s. XYZ ഇൻഡസ്ട്രീസ് 2026 ഏപ്രിൽ 5-ന് ഒരു കരാറുകാരന് ഒരു പണമടയ്ക്കുന്നു.
2026 -27 ലെ നികുതി വർഷത്തിലെ ഒന്നാം പാദത്തിലെ TDS റിട്ടേൺ സമർപ്പിക്കുമ്പോൾ സ്ഥാപനം പഴയ നിയമത്തിലെ വകുപ്പ് 194C ക്ക് പകരം പുതിയ നിയമത്തിലെ വകുപ്പ് 393(1) [പട്ടിക: ക്രമ നമ്പർ 6(i)] പരാമർശിക്കണം.
6. 2026 മാർച്ച്-ഏപ്രിൽ വരെയുള്ള കാലയളവിലെ കരാറുകൾക്കോ സേവനങ്ങൾക്കോ TDS എങ്ങനെയാണ് നിർണ്ണയിക്കുന്നത്?
റദ്ദാക്കിയ വരുമാനനികുതി നിയമം, 1961ലെ വ്യവസ്ഥകളെപ്പോലെ തന്നെ, വരുമാനനികുതി നിയമം, 2025-ലും TDS ബാധകമാകുന്നത് “ലഭിക്കുന്നത് അല്ലെങ്കിൽ അടയ്ക്കുന്നത്, ഇതിൽ ആദ്യം സംഭവിക്കുന്നത്” എന്ന രീതിയിലാണ് നിർണ്ണയിക്കുന്നത്.
ലഭിക്കുന്നത് അല്ലെങ്കിൽ അടയ്ക്കുന്നത് സംബന്ധിച്ച മുൻകാല സംഭവം 2026 മാർച്ച് 31 നോ അതിനുമുമ്പോ ആണെങ്കിൽâ ആദായനികുതി നിയമം, 1961 പ്രകാരമുള്ള TDS വ്യവസ്ഥകൾ ബാധകമാണ്.
ലഭിക്കുന്നത് അല്ലെങ്കിൽ അടയ്ക്കുന്നത് സംബന്ധിച്ച മുൻകാല സംഭവം 2026 ഏപ്രിൽ 1നോ അതിനു ശേഷമോ ആണെങ്കിൽâ ആദായനികുതി നിയമം, 2025 ലെ വകുപ്പ് 393 പ്രകാരമുള്ള TDS വ്യവസ്ഥകൾ ബാധകമാണ്.
7. സർക്കാർ അക്കൗണ്ടിലേക്ക് TDS നിക്ഷേപിക്കേണ്ട അവസാന തീയതി എന്നാണ്? ആദായനികുതി നിയമം, 2025 ൽ ഈ സമയപരിധികളിൽ എന്തെങ്കിലും മാറ്റമുണ്ടോ?
ആദായനികുതി നിയമം, 1961 പ്രകാരം, പൊതുവെ, കിഴിവ് ലഭിച്ചതിന് ശേഷമുള്ള മാസത്തിലെ 7-ാം തീയതിക്കുള്ളിൽ TDS കേന്ദ്രസർക്കാരിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കണം. ഈ പൊതുനിയമത്തിന് ചില ഒഴിവാക്കലുകളുണ്ട്;
(i) മാർച്ച് മാസത്തിൽ കിഴിച്ച TDS, സർക്കാരിതര നികുതിദായകർക്ക് ഏപ്രിൽ 30 ആണ് അവസാന തീയതി; കൂടാതെ
(ii) പഴയ നിയമത്തിലെ 194 -IA, 194 -IB, 194M, 194S എന്നീ വകുപ്പുകൾ പ്രകാരം TDS (സ്ഥാവരസ്വത്ത് വാങ്ങൽ, നിർദ്ദിഷ്ട വ്യക്തികൾ/HUFകൾ നൽകുന്ന വാടക, വ്യക്തികൾ/HUFകൾ കരാറുകാർ/തൊഴിൽ ചെയ്യുന്നവർക്കും നൽകുന്ന പണമടവുകൾ, വെർച്വൽ ഡിജിറ്റൽ ആസ്തികളുടെ കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട ചലാൻ സഹിത പ്രസ്താവന കേസുകൾ), ഇവിടെ നികുതി കിഴിച്ച മാസാവസാനം മുതൽ 30 ദിവസത്തിനുള്ളിൽ അവസാന തീയതി ലഭിക്കും.
2025 ലെ ആദായനികുതി നിയമപ്രകാരം, സർക്കാർ അക്കൗണ്ടിലേക്ക് പണമടയ്ക്കേണ്ട അവസാന തീയതി നിയമങ്ങൾ പ്രകാരം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ആദായനികുതി നിയമം, 2026 ലെ (പഴയ നിയമങ്ങളിലെ ചട്ടം 30 ന് അനുസൃതമായ ചട്ടം 218) നയപരമായ മാറ്റങ്ങളൊന്നുമില്ലാതെ അതേ സമയപരിധികൾ നിലനിർത്തുന്നു.
8. 2026 മാർച്ച് മാസത്തിൽ സ്രോതസ്സിൽ നിന്ന് കിഴിച്ച നികുതി നിക്ഷേപിക്കേണ്ട അവസാന തീയതി എന്നാണ്?
2026 മാർച്ച് മാസത്തിൽ കുറച്ച നികുതി, സർക്കാരിതര ഡിഡക്ടർമാർ 2026 ഏപ്രിൽ 30 ന് മുമ്പ് സർക്കാർ അക്കൗണ്ടിൽ നിക്ഷേപിക്കണം. സർക്കാർ ഡിഡക്ടർമാർ ചലാൻ വഴി TDS നിക്ഷേപിക്കുകയാണെങ്കിൽ, അവസാന തീയതി 2026 ഏപ്രിൽ 7 ആയിരിക്കും. എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ പലിശയും ശിക്ഷാ നടപടികളും നേരിടേണ്ടിവരും.
9. 31.03.26 ന് മുമ്പ് അടച്ച/ലഭിച്ച തുകയ്ക്ക് 2026 ഏപ്രിൽ 1 ന് ശേഷം TDS നിക്ഷേപിക്കണമെങ്കിൽ ചലാൻ വരുമാനനികുതി നിയമം, 1961 പ്രകാരമുള്ളതാണോ, അതോ വരുമാനനികുതി നിയമം, 2025 പ്രകാരമുള്ളതാണോ?
TDS കിഴിവും നിക്ഷേപവും സ്രോതസ്സിൽ നിന്ന് നികുതി കിഴിവ് ചെയ്യുന്ന തീയതിയുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ് ഭരണതത്വം. പണമടയ്ക്കുന്നയാൾക്ക് പണം നൽകുന്ന/ലഭിക്കുന്ന തീയതിയിൽ TDS ബാധ്യത വ്യക്തമാകുന്നതിനാൽ, പണം സ്വീകരിക്കുന്നയാൾക്ക് പണം നൽകുന്ന/ലഭിക്കുന്ന തീയതി 31.03.2026 നോ അതിനുമുമ്പോ ആണെങ്കിൽ പഴയ ചലാൻ ബാധകമാകും.
അങ്ങനെ, പരിവർത്തന തീയതിക്ക് മുമ്പ് 1961 ലെ നിയമപ്രകാരം നികുതി കുറച്ചാൽ 1961 ലെ നിയമപ്രകാരം നിക്ഷേപ ബാധ്യതകൾ തുടരും. അങ്ങനെ, 01.04.2026 ന് മുമ്പ് കിഴിച്ച നികുതി നിക്ഷേപിക്കുന്നതിന് ആദായനികുതി നിയമം, 1961 വുമായി ബന്ധിപ്പിച്ചിട്ടുള്ള നിലവിലുള്ള ചലാനുകളും പണമടവ് കോഡുകളും തുടരും.
10.2026 ഏപ്രിൽ 01-ന് മുമ്പ് പണം സ്വീകരിക്കുന്നയാളുടെ അക്കൗണ്ടിൽ ലഭ്യമാകുന്ന സമയത്ത് സ്രോതസ്സിൽ നിന്ന് നികുതി കിഴിച്ചിട്ടുണ്ടെങ്കിൽ, 2026 ഏപ്രിൽ 01 നോ അതിനുശേഷമോ യഥാർത്ഥ പണമടവ് നടത്തുമ്പോൾ വീണ്ടും നികുതി കിഴിക്കേണ്ട ആവശ്യമുണ്ടോ?
ഇല്ല. അത്തരം സാഹചര്യങ്ങളിൽ ആദായനികുതി നിയമം, 1961 പ്രകാരം, പണമടയ്ക്കുന്നയാളുടെ അക്കൗണ്ടിൽ ഒരു തുക ലഭ്യമായ തീയതിയിൽ നികുതി കിഴിവ് ചെയ്തുകഴിഞ്ഞാൽ ആദായനികുതി നിയമം, 2025 പ്രകാരം അതേ തുക അടയ്ക്കുമ്പോൾ കൂടുതൽ കിഴിവ് ആവശ്യമില്ല.
11. 2026 മാർച്ച് 31 വരെ സാധുതയുള്ള കുറഞ്ഞ നിരക്കിൽ TDS കുറയ്ക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആദായനികുതി നിയമം, 1961 പ്രകാരം നികുതി കിഴിച്ചിട്ടുണ്ടെങ്കിൽ, അതുമായി ബന്ധപ്പെട്ട നികുതി 2026 ഏപ്രിൽ 1 ന് ശേഷം സർക്കാർ അക്കൗണ്ടിലേക്ക് അടച്ചാലും ആ നികുതി കിഴിവ് നിയമപരമായി സാധുതയുള്ളതായിരിക്കുമോ?
അതെ, 2026 മാർച്ച് 31 നോ അതിനുമുമ്പോ നൽകുകയോ ലഭിക്കുയോ ചെയ്തിട്ടുണ്ടെങ്കിൽ, 2026 മാർച്ച് 31 വരെ സാധുതയുള്ള ഒരു സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയിട്ടുള്ള കുറഞ്ഞ നിരക്കിൽ നികുതി കിഴിവ് ഉൾപ്പെടെയുള്ള TDS നിയമപാലനങ്ങൾ ആദായനികുതി നിയമം, 1961 പ്രകാരം നിയന്ത്രിക്കപ്പെടും. 2026 മാർച്ച് 31 ന് ശേഷം അത്തരം നികുതി സർക്കാർ ട്രഷറിയിൽ നിക്ഷേപിച്ചാലും ആദായനികുതി നിയമം, 1961ലെ വ്യവസ്ഥകളും അതിന്റെ അടിസ്ഥാനത്തിൽ നൽകിയ കുറഞ്ഞ നിരക്കിൽ നികുതി കുറയ്ക്കുന്നതിനുള്ള സർട്ടിഫിക്കറ്റും തുടർന്നും ബാധകമായിരിക്കും.
12. പഴയ നിയമത്തിലെ വകുപ്പ് 197 പ്രകാരം അനുവദിച്ച കുറഞ്ഞ നിരക്കിലോ/പൂജ്യം നിരക്കിലോ ഉള്ള നികുതി കിഴിച്ച സർട്ടിഫിക്കറ്റ് 2026 ഏപ്രിൽ 1 നോ അതിനുശേഷമോ നൽകുകയോ ലഭിക്കുകയോ ചെയ്യുന്ന തുകയ്ക്ക് സാധുതയുണ്ടായിരിക്കുമോ?
അതെ. ആദായനികുതി നിയമം, 1961 ലെ വകുപ്പ് 197 പ്രകാരം നൽകിയ സർട്ടിഫിക്കറ്റ്, 2026–27 നികുതി വർഷത്തിലെ പ്രതീക്ഷിത വരുമാനവുമായി ബന്ധപ്പെട്ട കുറഞ്ഞ/ശൂന്യ നികുതി കിഴിവിനായി നൽകിയതാണെങ്കിൽ 1 ഏപ്രിൽ 2026 ന് അല്ലെങ്കിൽ അതിനുശേഷം നൽകുകയോ ലഭിക്കുകയോ ചെയ്യുന്ന തുകയ്ക്ക് അത് സാധുതയുള്ളതായിരിക്കും.
13. പുതിയ നിയമപ്രകാരം TDS/TCS താമസിച്ചടയ്ക്കുന്നതിനുള്ള പലിശ നിരക്കിൽ എന്തെങ്കിലും മാറ്റമുണ്ടോ?
ഇല്ല. TDS/TCS കിഴിക്കുന്നതിലോ അടയ്ക്കുന്നതിലോ കാലതാമസം സംഭവിച്ചവയ്ക്ക് ബാധകമായ പലിശ നിരക്കുകൾ പഴയ നിയമത്തിൽ നിർദ്ദേശിച്ചിരിക്കുന്നതിൽ നിന്ന് മാറ്റമില്ലാതെ തുടരുന്നു. 2025 ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 398(3)(a) പ്രകാരം പലിശ താഴെപ്പറുന്ന രീതിയിൽ കണക്കാക്കുന്നു:
(i) TDS/TCS കിഴിക്കുന്നതിൽ/പിരിക്കുന്നതിൽ പരാജയം: നികുതി കിഴിവ് ചെയ്യേണ്ട/ പിരിക്കേണ്ട തീയതി മുതൽ അത് യഥാർത്ഥത്തിൽ കിഴിവ് ചെയ്ത/പിരിച്ച തീയതി വരെ മാസത്തിനോ ഭാഗികമായോ 1% നിരക്കിൽ പലിശ — വകുപ്പ് 398(3)(a)(i).
(ii) കിഴിവ്/പിരിവ് ചെയ്തശേഷം TDS/TCS നിക്ഷേപിക്കുന്നതിൽ പരാജയം: കിഴിവ്/പിരിവ് തീയതി മുതൽ യഥാർത്ഥ അടയ്ക്കേണ്ട തീയതി വരെ മാസത്തിനോ ഭാഗികമായോ 1.5% പലിശ — വകുപ്പ് 398(3)(a)(ii).
14. പുതിയ ആദായനികുതി നിയമം, 2025 ലെ മുൻകൂർ നികുതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടോ?
മുൻകൂർ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ നയപരമായ മാറ്റങ്ങളൊന്നുമില്ല. എന്നിരുന്നാലും, മുൻകൂർ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ താഴെപ്പറുന്ന സമീപനത്തിലൂടെ എളുപ്പത്തിൽ വായിക്കാൻ കഴിയും:
(i) അസസ്സിംഗ് ഓഫീസറുടെ ഉത്തരവ് അനുസരിച്ചും സ്വന്തം ഇഷ്ടപ്രകാരം നികുതിദായകൻ നടത്തുന്ന പണമടയ്ക്കലുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ആശയക്കുഴപ്പം ഒഴിവാക്കാൻ രണ്ട് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
(ii) അനാവശ്യമായ വ്യവസ്ഥകൾ നീക്കം ചെയ്തു.
(iii) മുൻകൂർ നികുതി ബാധ്യത കണക്കാക്കുന്നതിനായി ഒരു സമവാക്യം പുതിയ നിയമത്തിലെ വകുപ്പ് 405 ൽ നൽകിയിട്ടുണ്ട്.
15. 2026-27 മൂല്യനിർണ്ണയ വർഷത്തിലെ (FY 2025-26 ) അവസാന മുൻകൂർ നികുതി ഗഡു 2026 മാർച്ച് 15 ന് അടയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു. ഈ അടവിനെ നിയന്ത്രിക്കുന്ന നിയമം ഏതാണ്?
മുൻകൂർ നികുതി ബാധ്യത, പുതിയ നിയമം പ്രാബല്യത്തിൽ വരുന്ന തീയതിയുമായിട്ടല്ല, മറിച്ച് വരുമാനം ബന്ധപ്പെട്ട നികുതി വർഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗഡു 2025 -26 സാമ്പത്തിക വർഷത്തിൽ നേടിയ വരുമാനവുമായി ബന്ധപ്പെട്ടതും 2026 ഏപ്രിൽ 1 ന് മുമ്പ് അടച്ചതുമായതിനാൽ, ആദായനികുതി നിയമം, 1961 ആണ് ഈ മുൻകൂർ നികുതി പേയ്മെന്റിനെ നിയന്ത്രിക്കുന്നത്.
16. FY 2025–26 (AY 2026–27) ൽ മുൻകൂർ നികുതി അടച്ചത് കുറവായാൽ, FY 2026–27 ൽ പലിശ ഈടാക്കുമ്പോൾ ഏത് നിയമമാണ് ബാധകമാകുന്നത്?
2025-26 സാമ്പത്തിക വർഷത്തിലാണ് മുൻകൂർ നികുതി അടയ്ക്കാനുള്ള ബാധ്യത ഉണ്ടായത്, 1961 ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് അത്തരമൊരു ബാധ്യത സൃഷ്ടിക്കപ്പെട്ടത്. പുതിയ നിയമം ആരംഭിക്കുന്നതിന് മുമ്പും മുൻകൂർ നികുതി അടയ്ക്കുന്നതിൽ വീഴ്ച സംഭവിച്ചു. അതനുസരിച്ച്, പലിശ അടയ്ക്കേണ്ട അനന്തരഫല ബാധ്യത ആദായനികുതി നിയമം, 1961 പ്രകാരം നിയന്ത്രിക്കപ്പെടും. ഈ സാഹചര്യങ്ങളിൽ ആദായനികുതി നിയമം, 1961 ലെ വകുപ്പ് 234B (മുൻകൂർ നികുതി അടയ്ക്കുന്നതിൽ വീഴ്ച), വകുപ്പ് 234C (മുൻകൂർ നികുതി തവണകൾ മാറ്റിവയ്ക്കൽ) എന്നിവ പ്രകാരം മുൻകൂർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ നികുതിദായകൻ പലിശ നൽകാൻ ബാധ്യസ്ഥനാകും.
17. പുതിയ നിയമപ്രകാരം മുൻകൂർ നികുതി അടയ്ക്കുന്നതിനുള്ള പരിധി എത്രയാണ്?
2025 ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 404 പ്രകാരം, മുൻകൂർ നികുതി വ്യവസ്ഥകൾ പ്രകാരം കണക്കാക്കുന്ന വാർഷിക നികുതി തുക 10,000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ മുൻകൂർ നികുതി നൽകേണ്ടതാണ്. പഴയ നിയമത്തിലെ പരിധിയ്ക്ക് മാറ്റമില്ല.
18.2026-27 നികുതി വർഷത്തേക്കുള്ള (2026-27 സാമ്പത്തിക വർഷം) മുൻകൂർ നികുതിയുടെ ആദ്യ തവണ 2026 ജൂൺ 15 ന് അടയ്ക്കേണ്ടതാണ്. അത്തരം അടവുകൾക്ക് ഏത് നിയമമാണ് ബാധകമാകുക?
2026-27 സാമ്പത്തിക വർഷത്തിൽ നേടിയ വരുമാനത്തിന് ആദായനികുതി നിയമം, 2025-ലെ വ്യവസ്ഥകൾ അനുസരിച്ച് നികുതി ചുമത്തപ്പെടും. അതനുസരിച്ച്, 2026-27 നികുതി വർഷത്തേക്കുള്ള മുൻകൂർ നികുതി അടയ്ക്കാനുള്ള ബാധ്യത ഉണ്ടാകുന്നതും അത് അടയ്ക്കേണ്ടതും ഈ പുതിയ നിയമപ്രകാരം ആയിരിക്കും.
19. അനുമാന നികുതി പദ്ധതി പ്രകാരം ബിസിനസ്സ് വരുമാനത്തിന് നികുതി അടയ്ക്കുന്ന നികുതിദായകർക്ക്, പുതിയ നിയമപ്രകാരം മുൻകൂർ നികുതി ആവശ്യകത എന്താണ്?
പുതിയ നിയമപ്രകാരം, അനുമാന നികുതി പദ്ധതി (വകുപ്പ് 58) തെരഞ്ഞെടുക്കുന്ന നികുതിദായകർ, വകുപ്പ് 408(2) അനുസരിച്ച്, ബന്ധപ്പെട്ട സാമ്പത്തിക വർഷത്തിലെ മാർച്ച് 15 ന് മുമ്പോ അതിനുമുമ്പോ അവരുടെ മുഴുവൻ മുൻകൂർ നികുതി ബാധ്യതയും ഒറ്റ തവണയായി തീർക്കണം. ഈ നിബന്ധന പഴയ നിയമത്തിന് സമാനമായി നിയമത്തിലും മാറ്റമില്ലാതെ തുടരുന്നു.
20. പുതിയ നിയമപ്രകാരം മുൻകൂർ നികുതി അടയ്ക്കുന്നതിലെ വരുത്തുന്ന കുറവിന് ഈടാക്കുന്ന പലിശ നിരക്കുകളിൽ എന്തെങ്കിലും മാറ്റമുണ്ടോ?
ഇല്ല. മുൻകൂർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബാധകമായ പലിശ നിരക്കുകൾ പഴയ നിയമത്തിൽ നിർദ്ദേശിച്ചിരിക്കുന്നതിൽ നിന്ന് മാറ്റമില്ലാതെ തുടരുന്നു. ആദായനികുതി നിയമം, 2025 പ്രകാരം പലിശ താഴെപ്പറയുന്ന രീതിയിൽ കണക്കാക്കുന്നു:
(i) വകുപ്പ് 424 പ്രകാരമുള്ള പലിശ (പഴയ നിയമത്തിലെ വകുപ്പ് 234B പ്രകാരം) - മുൻകൂർ നികുതി അടയ്ക്കുന്നതിൽ പരാജയപ്പെടുകയോ അല്ലെങ്കിൽ മുൻകൂർ നികുതി അടച്ചത് വിലയിരുത്തിയ നികുതിയുടെ 90% ൽ താഴെയാണെങ്കിൽ, നിർദ്ദിഷ്ട കാലയളവിലേക്ക് പ്രതിമാസമോ ഭാഗികമായോ 1%;
(ii) വകുപ്പ് 425 പ്രകാരമുള്ള പലിശ (പഴയ നിയമത്തിലെ വകുപ്പ് 234C പ്രകാരം) - മുൻകൂർ നികുതി തവണകൾ മാറ്റിവയ്ക്കുന്നതിന് നിർദ്ദിഷ്ട കാലയളവിലേക്ക് 1% അല്ലെങ്കിൽ 3%.
21. 2026 -27 മൂല്യനിർണ്ണയ വർഷത്തേക്കുള്ള (FY 2025 -26) സ്വയം വിലയിരുത്തൽ നികുതി 2026 ജൂലൈയിലാണ് അടയ്ക്കുന്നത്. ഏത് നിയമമാണ് ഈ അടവിനെ നിയന്ത്രിക്കുന്നത്?
സ്വയം വിലയിരുത്തൽ നികുതി എന്നത് നികുതി ബാധ്യത തീർപ്പാക്കുന്നതിനുള്ള ഒരു മാർഗം മാത്രമാണ്, ബാധകമായ നിയമം നിർണ്ണയിക്കുന്നത് വരുമാനം ഉണ്ടായ വർഷത്തെ അടിസ്ഥാനമാക്കിയാണ്, പണമടച്ച തീയതിയല്ല. ഈ സാഹചര്യത്തിൽ സ്വയം വിലയിരുത്തൽ നികുതി അടയ്ക്കുന്നതിനെ ആദായനികുതി നിയമം, 1961 ലെ വകുപ്പ് 140A നിയന്ത്രിക്കും.
22.പരിവർത്തന വർഷത്തിൽ (FY 2026 -27) നികുതി അടയ്ക്കുമ്പോൾ നികുതിദായകർ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?
ഈ പരിവർത്തന കാലയളവിൽ, നികുതി സമർപ്പിക്കുന്ന പോർട്ടലുകളിൽ രണ്ട് നിയമങ്ങളുടെയും പ്രവർത്തനം ഒരേസമയം ഉറപ്പാക്കാൻ സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കുന്നു. എന്നിരുന്നാലും, 2025-26 സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട നികുതിയടവുകൾക്കായി മൂല്യനിർണ്ണയ വർഷം (AY 2026-27) ശരിയായി തെരഞ്ഞെടുത്തിട്ടുണ്ടെന്ന് നികുതിദായകർ ഉറപ്പാക്കണം; 2026-27 സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട നികുതിയടവുകൾക്കായി 2026-27 നികുതി വർഷവും ശരിയായി തെരഞ്ഞെടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം, അങ്ങനെ കൃത്യയായ വർഷത്തിലെ നികുതിത്തുക അനുവദിക്കപ്പെടും.
ഉദാഹരണം: FY 2025 -26 ലെ സ്വയം വിലയിരുത്തൽ നികുതി 2026 ജൂണിൽ അടച്ചാൽ - നികുതിദായകൻ AY 2026 -27 വർഷം തെരഞ്ഞെടുക്കും.
2026 ഏപ്രിൽ മുതൽ 2027 മാർച്ച് വരെ നേടിയ വരുമാനത്തിന് മുൻകൂർ നികുതി നൽകുന്നതിന് - നികുതിദായകൻ നികുതി വർഷം 2026 -27 തെരഞ്ഞെടുക്കും.
23.പുതിയ നിയമപ്രകാരം വാർഷിക വിവര പ്രസ്താവന തുടരുമോ?
ആദായനികുതി നിയമം, 1961 (AY 2026–27 വരെ) നിയന്ത്രിക്കുന്ന നികുതി കാലയളവുകളിൽ വാർഷിക വിവര പ്രസ്താവന തുടരും, കൂടാതെ 2025 ലെ ആദായനികുതി നിയമപ്രകാരം നികുതി വർഷം 2026–27 മുതൽ വികസിത വാർഷിക വിവര പ്രസ്താവനയായി ഫോം നമ്പർ 168 ഉപയോഗിച്ച് ഇത് മാറ്റിസ്ഥാപിക്കും.
24. പഴയ നിയമപ്രകാരം മുന്നോട്ട് കൊണ്ടുപോകാൻ അനുവദനീയമായതും എന്നാൽ 2026 ഏപ്രിൽ 1 ന് മുമ്പ് ഉപയോഗിച്ചിട്ടില്ലാത്തതുമായ മിനിമം ആൾട്ടർനേറ്റ് ടാക്സ് (MAT)/ആൾട്ടർനേറ്റ് മിനിമം ടാക്സ് (AMT) തുകകൾക്ക് എന്ത് സംഭവിക്കും?
ആദായനികുതി നിയമം, 1961 ലെ വകുപ്പ് 115JAA അല്ലെങ്കിൽ 115JD പ്രകാരം
മുന്നോട്ട് കൊണ്ടുപോകാൻ അനുവദിച്ചിട്ടുള്ള MAT/AMT തുകകളിൽ ഉപയോഗിക്കപ്പെടാതെ ശേഷിക്കുന്നവ ആദായനികുതി നിയമം, 2025 പ്രകാരം യോഗ്യമായ തുകകളായി പരിഗണിക്കപ്പെടും.
ഉദാഹരണത്തിന്, ഒരു നികുതിദായകന് AY 2024–25-ൽ നിന്ന് MAT തുക മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെങ്കിൽ, ആ തുക പുതിയ നിയമപ്രകാരം ലഭ്യമാകും, കൂടാതെ ആദായനികുതി നിയമം, 2025 ൽ നിർദേശിച്ചിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി പിന്നീടുള്ള വർഷങ്ങളിൽ അത് ഉപയോഗിക്കാനാകും.
25. പഴയ നിയമത്തിൽ നിന്നുള്ള അത്തരം മുന്നോട്ട് കൊണ്ടുപോകുന്ന നികുതിത്തുകകൾ പുതിയ നിയമപ്രകാരം എത്ര കാലത്തേക്ക് ഉപയോഗിക്കാൻ കഴിയും?
ഉപയോഗിക്കപ്പെടാതെ ശേഷിക്കുന്ന തുകകൾ, അവ ആദ്യമായി ലഭ്യമായ വർഷം മുതൽ പരമാവധി 15 വർഷത്തേക്ക് മുന്നോട്ട് കൊണ്ടുപോകാവുന്നതാണ്. ഉപയോഗിക്കപ്പെടാതെ ശേഷിക്കുന്ന MAT തുക, 01.04.2026-നോ അതിനുശേഷമോ ആരംഭിക്കുന്ന നികുതി വർഷങ്ങളിൽ, ആദായനികുതി നിയമം, 2025 ൽ നിർദേശിച്ചിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി നികത്താവുന്നതാണ്.
26. പഴയ നിയമപ്രകാരം ഒരാൾക്ക് നികുതി കുടിശ്ശികയുണ്ടെങ്കിൽ, പുതിയ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷവും ആ നികുതി നൽകേണ്ടതുണ്ടോ?
അതെ, പഴയ നിയമപ്രകാരം കണക്കാക്കിയ നികുതി ബാധ്യത തുടർന്നും നിലനിൽക്കും. ഉദാഹരണത്തിന്, ഒരു നികുതിദായകന് AY 2022–23-നായി പഴയ നിയമപ്രകാരം നികുതിബാധ്യത നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിലും അത് ഇതുവരെ അടച്ചിട്ടില്ലെങ്കിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നശേഷവും ആ നികുതിത്തുക അദ്ദേഹം അടയ്ക്കേണ്ടതാണ്.
27. ആദായനികുതി നിയമം, 2025 ആരംഭിച്ചതിനുശേഷം നികുതി വകുപ്പിന് പഴയ നികുതി കുടിശ്ശികകൾ തിരിച്ചുപിടിക്കാൻ കഴിയുമോ?
അതെ. പഴയ നിയമപ്രകാരം അടയ്ക്കേണ്ട ഏതൊരു തുകയും ആദായനികുതി നിയമം, 2025 പ്രകാരം ഈടാക്കാവുന്നതാണ്. ആദായനികുതി നിയമം, 1961 പ്രകാരം ഉന്നയിച്ച അടയ്ക്കാത്ത നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് ആദായനികുതി നിയമം, 2025 ൽ നൽകിയിട്ടുള്ള ഈടാക്കൽ സംവിധാനങ്ങൾ വകുപ്പിന് ഉപയോഗിക്കാം.
28. പുതിയ നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷവും പഴയ ആദായനികുതി നിയമപ്രകാരം പുറപ്പെടുവിച്ച നികുതി ഈടാക്കൽ സർട്ടിഫിക്കറ്റുകളോ ജപ്തി ഉത്തരവുകളോ നടപ്പിലാക്കാൻ കഴിയുമോ?
അതെ. 1961 ലെ ആദായനികുതി നിയമപ്രകാരം ഇതിനകം സ്വീകരിച്ചിട്ടുള്ള ഈടാക്കൽ നടപടികൾ ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട്, പുതിയ നിയമത്തിൽ നൽകിയിരിക്കുന്ന ഈടാക്കൽ സംവിധാനങ്ങൾ ഉപയോഗിച്ച് ശേഷിക്കുന്ന തുകകൾ ഈടാക്കാൻ കഴിയും.
ഉദാഹരണത്തിന്, ആദായനികുതി നിയമം, 1961 ലെ വ്യവസ്ഥകൾ പ്രകാരം ഒരു നികുതിദായകന്റെ ഒരു സ്വത്ത് കണ്ടുകെട്ടിയാൽ ആദായനികുതി നിയമം, 2025 പ്രാബല്യത്തിൽ വന്നതിനുശേഷവും ആ ജപ്തി സാധുതയുള്ളതായി തുടരും.
29. ആദായനികുതി നിയമം, 1961 പ്രകാരം ഉണ്ടായിട്ടുള്ളതും ആദായനികുതി നിയമം, 2025 പ്രാബല്യത്തിൽ വരുന്നതുവരെ തീർപ്പാക്കാത്തതുമായ റീഫണ്ട് അവകാശവാദങ്ങൾക്ക് എന്ത് സംഭവിക്കും?
പഴയ നിയമപ്രകാരം ഉയർന്നുവന്ന അവകാശങ്ങൾ, ആനുകൂല്യങ്ങൾ, ബാധ്യതകൾ അല്ലെങ്കിൽ ഉത്തരവാദിത്തങ്ങൾ എന്നിവ തുടർന്നും നിലനിൽക്കും. അതിനാൽ, പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള ഏതെങ്കിലും നികുതി വർഷവുമായി ബന്ധപ്പെട്ട് ഒരു നികുതിദായകന് പഴയ നിയമപ്രകാരം റീഫണ്ട് ലഭിക്കാനുള്ള അവകാശമുണ്ടായിരുന്നെങ്കിൽ, പുതിയ നിയമം പ്രാബല്യത്തിൽ വന്നശേഷവും അദ്ദേഹത്തിന് ആ റീഫണ്ട് ലഭിക്കാനുള്ള അർഹതയുണ്ട്.
30. ഒരു ഡിഡക്ടർ FY 2024–25ൽ ആവശ്യത്തിലധികം TDS കിഴിവ് ചെയ്തിട്ടുണ്ടെങ്കിൽ, 2026 ഏപ്രിൽ 1 ന് പുതിയ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷവും ആ അധിക കിഴിവിനുള്ള റീഫണ്ട് അവകാശം സമർപ്പിക്കാനാകുമോ? അതെ എങ്കിൽ, ഏത് നിയമമാണ് ബാധകമാകുക — കിഴിവ് ചെയ്ത സമയത്ത് നിലവിലുണ്ടായിരുന്ന നിയമമോ അതോ പുതിയ നിയമമോ?
മുമ്പ് വ്യക്തമാക്കിയതുപോലെ, പഴയ നിയമപ്രകാരം ഉണ്ടായ അവകാശങ്ങൾ, ആനുകൂല്യങ്ങൾ, ബാധ്യതകൾ, ഉത്തരവാദിത്തങ്ങൾ എന്നിവ തുടർന്നും നിലനിൽക്കും. അതിനാൽ, പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള ഏതെങ്കിലും നികുതി വർഷവുമായി ബന്ധപ്പെട്ട് ഒരു ഡിഡക്ടറിന് ആദായനികുതി നിയമം, 1961 പ്രകാരം റീഫണ്ട് നേടാനുള്ള അവകാശമുണ്ടായിരുന്നെങ്കിൽ ആദായനികുതി നിയമം, 2025 പ്രാബല്യത്തിൽ വന്നശേഷവും അദ്ദേഹത്തിന് ആ റീഫണ്ട് നേടാനുള്ള അവകാശം തുടരും. എന്നാൽ നികുതി കിഴിവ് ലഭിച്ച സാമ്പത്തിക വർഷം അവസാനിച്ചതിനുശേഷം 2 വർഷത്തിനുള്ളിൽ റീഫണ്ട് അവകാശവാദം സമർപ്പിച്ചിരിക്കണം.
ഈ റീഫണ്ട് അവകാശവാദം ആദായനികുതി നിയമം, 1961 പ്രകാരമുള്ള ഫോം No. 26B ൽ സമർപ്പിക്കേണ്ടതാണ്. ഇത് ആദായനികുതി നിയമം, 1961 ലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും പരിഗണിക്കുകയും തീർപ്പാക്കുകയും ചെയ്യുക.