1. ഫോം 3CB-3CD സമർപ്പിക്കുമ്പോൾ "UDIN" പേജ് പ്രദർശിപ്പിക്കുന്നു. നികുതി ഓഡിറ്റ് റിപ്പോർട്ട് അപ്‌ലോഡ് ചെയ്യുന്നതിനുമുമ്പ് UDIN എടുത്തിട്ടുണ്ടെങ്കിലും എനിക്ക് UDINന്‍റെ വിശദാംശങ്ങൾ ചേർക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ "എനിക്ക് UDIN ഇല്ല / ഞാൻ പിന്നീട് അപ്‌ഡേറ്റ് ചെയ്യാം" എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണോ?

UDIN മൊത്തമായി അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം നിലവിൽ ഫോം 15CB യ്ക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഈ സൗകര്യം ഉടൻ തന്നെ മറ്റ് ഫോമുകൾക്കും ലഭ്യമാക്കുന്നതാണ്. അതുവരെ "എനിക്ക് UDIN ഇല്ല / ഞാൻ പിന്നീട് അപ്‌ഡേറ്റ് ചെയ്യാം" എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് ഫോം സമർപ്പിക്കാവുന്നതാണ്. എല്ലാ ഫോമുകൾക്കും UDIN സൗകര്യം ലഭ്യമാകുമ്പോൾ അതിന്‍റെ വിശദാംശങ്ങൾ പിന്നീട് നിങ്ങൾക്ക് പോർട്ടലിൽ പുതുക്കാവുന്നതാണ്.

2. ഞാൻ ഫോം 10B സമർപ്പിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ സമർപ്പിക്കുന്ന സമയത്ത് പേജിൽ "അസാധുവായ ARN ഫോർമാറ്റ്" എന്ന പിശക് സന്ദേശം പ്രദർശിപ്പിക്കുന്നു. ഞാൻ എന്ത് ചെയ്യണം?

ഫോം 10B സമർപ്പിക്കുന്നതിനുമുമ്പ് "എന്‍റെ പ്രൊഫൈൽ" വിഭാഗത്തിൽ നിന്ന് നിങ്ങളുടെ പ്രൊഫൈൽ പുതുക്കുകയും എല്ലാ നിർബന്ധിത വിഭാഗങ്ങളും പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. പ്രൊഫൈൽ വിവരങ്ങൾ പുതുക്കിയശേഷം വീണ്ടും ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത് ഫോം സമർപ്പിക്കാൻ ശ്രമിക്കുക.

3. ഞാൻ എന്തിനാണ് ഫോം 67 സമർപ്പിക്കേണ്ടത്?

ഇന്ത്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും രാജ്യത്തോ നിർദ്ദിഷ്ട പ്രദേശത്തിലോ അടച്ച വിദേശ നികുതിത്തുക നേടിയെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഫോം 67 സമർപ്പിക്കേണ്ടതാണ്. കൂടാതെ, നടപ്പുവർഷത്തിലെ നഷ്ടം മുൻവർഷത്തിലേക്ക് കൊണ്ടുപോകുന്നതിന്‍റെ ഫലമായി മുൻ വർഷങ്ങളിൽ നേടിയിരുന്ന വിദേശ നികുതിയുടെ റീഫണ്ട് ലഭിക്കുന്ന സാഹചര്യത്തിലും ഫോം 67 സമർപ്പിക്കേണ്ടതാണ്.

4. ഫോം 67 ഏതെല്ലാം രീതികളിലാണ് സമർപ്പിക്കാൻ കഴിയുക?

ഫോം 67 ഇ-ഫയലിംഗ് പോർട്ടൽ മുഖേന ഓൺലൈനായി മാത്രമേ സമർപ്പിക്കാൻ കഴിയൂ. ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്തശേഷം ഫോം 67 തെരഞ്ഞെടുക്കുക, ഫോം തയ്യാറാക്കി സമർപ്പിക്കുക.

5. ഫോം 67 എങ്ങനെ ഇ-വെരിഫൈ ചെയ്യാം?

EVC അല്ലെങ്കിൽ DSC ഉപയോഗിച്ച് ഫോം ഇ-വെരിഫൈ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 'ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ' എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കുക.

6. എന്‍റെ പേരിൽ ഫോം 67 സമർപ്പിക്കുന്നതിന് ഒരു അംഗീകൃത പ്രതിനിധിയെ ചേർക്കാൻ കഴിയുമോ?

അതെ. നിങ്ങളുടെ പേരിൽ ഫോം 67 സമർപ്പിക്കുന്നതിന് ഒരു അംഗീകൃത പ്രതിനിധിയെ ചേർക്കാവുന്നതാണ്.

7. ഫോം 67 സമർപ്പിക്കുന്നതിനുള്ള സമയപരിധി എന്നാണ്?

ആദായനികുതി നിയമത്തിലെ വകുപ്പ് 139(1) പ്രകാരം നിർദേശിച്ചിരിക്കുന്ന ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതിക്കുമുമ്പ് ഫോം 67 സമർപ്പിക്കണം.

8. നിയമാനുസൃത ഫോമുകൾ സമർപ്പിക്കുമ്പോൾ ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ചില പിശക് സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നു. ഇ-ഫയലിംഗ് പോർട്ടലിൽ ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

ഫയലിന് നൽകിയിരിക്കുന്ന പേരിന്‍റെ ഫോർമാറ്റ് കാരണം ഈ പിശക് സംഭവിച്ചിരിക്കാം. ഫയലിന്‍റെ പേരിൽ പ്രത്യേക ചിഹ്നങ്ങൾ (special characters) ഉപയോഗിക്കാതിരിക്കുകയും, ഫയലിന്‍റെ പേര് ചെറുതായിരിക്കണമെന്നും ശ്രദ്ധിക്കുക. കൂടാതെ, ബന്ധപ്പെട്ട രേഖകളുടെ വലുപ്പം 5 MB ൽ താഴെയായിരിക്കണം. ബന്ധപ്പെട്ട രേഖകളുടെ ഫോർമാറ്റ് PDF അല്ലെങ്കിൽ Zip മാത്രമായിരിക്കണം.

9. എനിക്ക് ഫോം 29B അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ല. ഫോം 29B എങ്ങനെ സമർപ്പിക്കാം?

ഫോം 29B ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമാണ്. നികുതിദായകൻ ആദ്യം ഫോം 29B തന്‍റെ CA യെ ചുമതലപ്പെടുത്തണം.

നികുതിദായകൻ ഫോം ചുമതലപ്പെടുത്തിയശേഷം CA യ്ക്ക് തന്‍റെ പ്രവർത്തനപ്പട്ടികയിൽ നിന്ന് ഈ ഫോം എടുക്കാൻ സാധിക്കും.

10. ഫോം സമർപ്പിക്കുമ്പോൾ "അസാധുവായ മെറ്റാഡാറ്റ" എന്ന പിശക് സന്ദേശം പ്രദർശിപ്പിക്കുന്നു. ഞാൻ എന്ത് ചെയ്യണം?

ഈ പിശക് തുടർന്നും പ്രദർശിപ്പിക്കുന്നുണ്ടെങ്കിൽ തെരഞ്ഞെടുത്ത നികുതിദായകന്‍റെ വിവരങ്ങളിലോ സമർപ്പിക്കുന്ന തരത്തിലോ (യഥാർത്ഥം / പുതുക്കിയത്) അല്ലെങ്കിൽ മൂല്യനിർണയ വർഷത്തിലോ (AY) നിങ്ങളുടെ ലോഗിൻ വിവരങ്ങളുമായി പൊരുത്തക്കേട് ഉണ്ടായിരിക്കാം. അതിനാൽ, മേൽപ്പറഞ്ഞ വിവരങ്ങളിൽ യാതൊരു പൊരുത്തക്കേടും ഇല്ലെന്ന് ഉറപ്പാക്കിയശേഷം വീണ്ടും ഫോം സമർപ്പിക്കാൻ ശ്രമിക്കുക.

11. മൂല്യനിർണയ വർഷം 2021-22ലേക്കുള്ള ഫോം 29B സമർപ്പിക്കാൻ ശ്രമിക്കുമ്പോൾ "സമർപ്പിക്കുന്നത് പരാജയപ്പെട്ടു: തെറ്റായ വിവരങ്ങൾ" എന്ന പിശക് സന്ദേശം പ്രദർശിപ്പിക്കുന്നു. ഞാൻ എന്ത് ചെയ്യണം?

"ഒരു അക്കൗണ്ടന്‍റിന്‍റെ റിപ്പോർട്ട്" എന്ന വിഭാഗത്തിലെ ഭാഗം 3 ശൂന്യമായി വിടുമ്പോഴാണ് ഈ പ്രശ്നം സാധാരണയായി ഉണ്ടാകുന്നത്. പ്രസ്തുത വിഭാഗം ബാധകമല്ലെങ്കിൽ, "ഒരു അക്കൗണ്ടന്‍റിന്‍റെ റിപ്പോർട്ട്" എന്ന വിഭാഗത്തിലെ ഖണ്ഡിക 3ന് താഴെയുള്ള ടെക്സ്റ്റ് ബോക്സിൽ "NA" എന്ന് രേഖപ്പെടുത്തി വീണ്ടും ഫോം സമർപ്പിക്കാൻ ശ്രമിക്കുക.

12.മൂല്യനിർണയ വർഷം 2021-22 ലേക്കുള്ള ഫോം 29B സമർപ്പിക്കാൻ ശ്രമിക്കുമ്പോൾ "അസാധുവായ ARN ഫോർമാറ്റ്" എന്ന പിശക് സന്ദേശം പ്രദർശിപ്പിക്കുന്നു. ഞാൻ എന്ത് ചെയ്യണം?

ഉപയോക്താവിന്‍റെ "പ്രൊഫൈൽ" ശരിയായി പുതുക്കാത്ത സാഹചര്യത്തിലാണ് സാധാരണയായി ഈ പിശക് ഉണ്ടാകുന്നത്. ഫോമിൽ നൽകിയിരിക്കുന്ന വിവരങ്ങളും നിങ്ങളുടെ പ്രൊഫൈലിലുള്ള വിവരങ്ങളും തമ്മിൽ യാതൊരു പൊരുത്തക്കേടും ഇല്ലെന്ന് ഉറപ്പാക്കുക. പ്രൊഫൈൽ പുതുക്കിയശേഷം ഇ-ഫയലിംഗ് പോർട്ടലിൽ വീണ്ടും ലോഗിൻ ചെയ്ത് ഫോം സമർപ്പിക്കാൻ ശ്രമിക്കുക.

13.ഫോം 29Bയിലെ ഭാഗം C (വർദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ട തുകയുടെ വിശദാംശങ്ങൾ) പൂരിപ്പിക്കുമ്പോൾ ബുക്ക് പ്രോഫിറ്റ് വർദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ട തുക നൽകാൻ ശ്രമിക്കുകയാണ്. എന്നാൽ നെഗറ്റീവ് മൂല്യം നൽകാൻ ഫോം അനുവദിക്കുന്നില്ല. ഞാൻ എന്ത് ചെയ്യണം?

നിങ്ങൾ ഫോം 29Bയുടെ പഴയ കരടിലാകാം പ്രവർത്തിക്കുന്നത്. നിലവിലുള്ള കരട് ഇല്ലാതാക്കി പുതിയതായി ഫോം തയ്യാറാക്കി സമർപ്പിക്കുക.

14. വകുപ്പ് 10AA പ്രകാരമുള്ള ഫോം 56F സമർപ്പിക്കുമ്പോൾ പിശകുകൾ പ്രദർശിപ്പിക്കുന്നു. ഡിസംബർ 29ലെ വിജ്ഞാപനപ്രകാരം ഫോം 56F ഒഴിവാക്കി അതിന് പകരം 56FF (പുനർനിക്ഷേപത്തിന്‍റെ വിശദാംശങ്ങൾക്കായി മാത്രം) കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ വകുപ്പ് 10AAയും വകുപ്പ് 10Aയും സംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റമില്ല. ഈ സാഹചര്യത്തിൽ ഞാൻ ഫോം 56F സമർപ്പിക്കേണ്ടതുണ്ടോ?

രണ്ട് ഫോമുകളും പോർട്ടലിൽ ലഭ്യമാണ്. ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും മാർഗനിർദേശങ്ങളുടെയും കൂടാതെ ആദായനികുതി നിയമത്തിലെയും ചട്ടങ്ങളിലെയും ബാധകമായ വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ അനുയോജ്യമായ ഫോം സമർപ്പിക്കാവുന്നതാണ്.

15. ഞാൻ എപ്പോഴാണ് ഫോം 10E സമർപ്പിക്കേണ്ടത്?

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് മുമ്പ് ഫോം 10E സമർപ്പിക്കണം.
 

16. ഫോം 10E നിർബന്ധമായുംസമർപ്പിക്കേണ്ടതുണ്ടോ?

അതെ. കുടിശ്ശിക വരുമാനത്തിനോ മുൻകൂർ വരുമാനത്തിനോ നികുതി ഇളവ് നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഫോം 10E നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.

17. ഞാൻ ഫോം 10E സമർപ്പിക്കാതെ എന്‍റെ ITRൽ വകുപ്പ് 89 പ്രകാരമുള്ള നികുതി ഇളവ് നേടിയാൽ എന്ത് സംഭവിക്കും?

നിങ്ങൾ ഫോം 10E സമർപ്പിക്കാതെ ആദായനികുതി റിട്ടേണിൽ വകുപ്പ് 89 പ്രകാരമുള്ള നികുതി ഇളവ് നേടിയാൽ നിങ്ങളുടെ ആദായനികുതി റിട്ടേൺ നടപടി പൂർത്തിയാക്കുന്നതാണ്. എന്നിരുന്നാലും, വകുപ്പ് 89 പ്രകാരം നേടിയ നികുതി ഇളവ് അനുവദിക്കുകയില്ല.

18. എന്‍റെ ITRൽ നേടിയ നികുതി ഇളവ് ITD അനുവദിച്ചിട്ടില്ലെന്ന് എനിക്ക് എങ്ങനെ അറിയാൻ കഴിയും?

നിങ്ങൾ വകുപ്പ് 89 പ്രകാരം നേടിയ നികുതി ഇളവ് അനുവദിക്കാതിരുന്നാൽ നിങ്ങളുടെ ആദായനികുതി റിട്ടേൺ നടപടി പൂർത്തിയാക്കിയതിനുശേഷം വകുപ്പ് 143(1) പ്രകാരമുള്ള അറിയിപ്പിലൂടെ ആദായനികുതി വകുപ്പ് അത് നിങ്ങളെ അറിയിക്കുന്നതാണ്.

19. FY 2019-20ലെ വരുമാന വിശദാംശങ്ങൾ നൽകി ഫോം 10E സമർപ്പിക്കാൻ ശ്രമിക്കുമ്പോൾ വരുമാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചേർക്കാൻ കഴിയുന്നില്ല. ഞാൻ എന്ത് ചെയ്യണം?

നിങ്ങൾ മൂല്യനിർണയ വർഷം 2021-22ലേക്കാണ് ഫോം 10E സമർപ്പിക്കുന്നതെന്ന് ഉറപ്പാക്കുക. ഇ-ഫയൽ > ആദായനികുതി ഫോമുകൾ > ആദായനികുതി ഫോമുകൾ സമർപ്പിക്കുക > ആദായനികുതി നിയമം, 1961 പ്രകാരമുള്ള ഫോമുകൾ > ഫോം 10E > ഇപ്പോൾ സമർപ്പിക്കുക എന്നതിൽ ക്ലിക്കുചെയ്യുക. എന്നിട്ട് മൂല്യനിർണയ വർഷം 2021-22 എന്ന് തെരഞ്ഞെടുക്കുകയും തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുകയും ചെയ്യുക.

20. ഞാൻ മൂല്യനിർണയ വർഷം 2021-22ലേക്കുള്ള ITR സമർപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ ഫോം 10E സമർപ്പിക്കുമ്പോൾ ഏത് മൂല്യനിർണയ വർഷമാണ് തെരഞ്ഞെടുക്കേണ്ടത്?

നിങ്ങൾ മൂല്യനിർണയ വർഷം 2021-22ലേക്കുള്ള ആദായനികുതി റിട്ടേൺ സമർപ്പിക്കുകയാണെങ്കിൽ ഫോം 10E സമർപ്പിക്കുമ്പോഴും മൂല്യനിർണയ വർഷം 2021-22 തന്നെ തെരഞ്ഞെടുക്കണം.

21. ഫോം 10E സമർപ്പിക്കുമ്പോൾ, മൂല്യനിർണയ വർഷത്തിന് ബാധകമായ നികുതിയുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്നില്ല. ഞാൻ എങ്ങനെ മുന്നോട്ടുപോകണം?

വരുമാനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (പട്ടിക Aയിലെ മുൻവർഷ വരുമാനത്തിന്‍റെ വിശദാംശങ്ങൾ ഉൾപ്പെടെ) നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ബാധകമായ നികുതി നിരക്കിന്‍റെ അടിസ്ഥാനത്തിൽ നികുതിയുടെ വിശദാംശങ്ങൾ സ്വയമേ പ്രദർശിപ്പിക്കപ്പെടുന്നതാണ്. പോർട്ടലിൽ ലഭ്യമായ വരുമാനവിവരങ്ങൾ നിങ്ങളുടെ കണക്കുകൂട്ടലുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് സ്ഥിരീകരിച്ച് അതത് പട്ടികയിൽ നികുതിത്തുക രേഖപ്പെടുത്തുക.

22. ഫോം 10BA സമർപ്പിക്കുമ്പോൾ "പിശക് : ദയവായി ശരിയായ വിവരങ്ങൾ രേഖപ്പെടുത്തുക" എന്ന പിശക് സന്ദേശം പ്രദർശിപ്പിക്കുന്നു. ഞാൻ എന്ത് ചെയ്യണം?

ഫോം സമർപ്പിക്കുമ്പോൾ ഈ പിശക് നേരിടുന്നുവെങ്കിൽ പ്രൊഫൈൽ പുതുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ, "കരട് ഇല്ലാതാക്കുക" എന്നതിൽ ക്ലിക്ക് ചെയ്ത് ഫോമിന്‍റെ പഴയ കരട് ഇല്ലാതാക്കുക. തുടർന്ന് ഇ-ഫയലിംഗ് പോർട്ടലിൽ വീണ്ടും ലോഗിൻ ചെയ്ത് ഫോം വീണ്ടും സമർപ്പിക്കാൻ ശ്രമിക്കുക.

23. ഫോം 35 സമർപ്പിക്കുമ്പോൾ, അപ്പീൽ ഫീസിന്‍റെ ചലാൻ വിശദാംശങ്ങൾ നൽകുമ്പോൾ "സാഹചര്യത്തിനനുസരിച്ച് അടയ്‌ക്കേണ്ട അപ്പീൽ ഫീസ് 250, 500 അല്ലെങ്കിൽ 1000 രൂപ ആയിരിക്കണം" എന്ന പിശക് സന്ദേശം പ്രദർശിപ്പിക്കുന്നു. ഞാൻ എന്ത് ചെയ്യണം?

നാലാമത്തെ പാനലായ "അപ്പീൽ വിശദാംശങ്ങൾ" തുറക്കുക.

  • "നിർണ്ണയിക്കപ്പെട്ട വരുമാന തുക" ഉൾപ്പെടെയുള്ള എല്ലാ നിർബന്ധിത വിഭാഗങ്ങളും പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
  • TDS അപ്പീലിന്‍റെ കാര്യത്തിൽ "ബാധകമല്ല" എന്നത് തെരഞ്ഞെടുക്കാവുന്നതാണ്.

തുടർന്ന് ഏഴാമത്തെ പാനലായ "അപ്പീൽ സമർപ്പിക്കുന്നതിന്‍റെ വിശദാംശങ്ങൾ" എന്നതിലേക്ക് പോയി ചലാനിന്‍റെ വിശദാംശങ്ങൾ ഇല്ലാതാക്കി വീണ്ടും നൽകാൻ ശ്രമിക്കുക.

24. ഫോം 10 IC സമർപ്പിക്കുമ്പോൾ, "വകുപ്പ് 115BA(4) പ്രകാരമുള്ള ഓപ്ഷൻ ഫോം 10-IBയിൽ തെരഞ്ഞെടുത്തിട്ടുണ്ടോ?" എന്ന ചോദ്യത്തിന് "അതെ" തെരഞ്ഞെടുത്തിരുന്നു. എന്നിരുന്നാലും, സ്വയമേ പൂരിപ്പിക്കപ്പെടേണ്ട "മുൻവർഷം", "ഫോം 10-IB സമർപ്പിച്ച തീയതി" എന്നീ വിഭാഗങ്ങൾ ലഭ്യമല്ല. ഞാൻ എന്ത് ചെയ്യണം?

"ആദായനികുതി ഫോമുകൾ സമർപ്പിക്കുക" എന്ന വിഭാഗത്തിൽ നിലവിൽ സേവ് ചെയ്തിരിക്കുന്ന ഫോം 10-ICയുടെ കരട് ഇല്ലാതാക്കി പുതിയതായി ഫോം സമർപ്പിക്കണം.

25. ഫോം 10-IC സമർപ്പിക്കുമ്പോൾ, "വകുപ്പ് 115BA(4) പ്രകാരമുള്ള ഓപ്ഷൻ ഫോം 10-IBയിൽ തെരഞ്ഞെടുത്തിട്ടുണ്ടോ?" എന്ന ചോദ്യത്തിന് "അതെ" എന്ന് തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ "... തീയതിയിൽ തെരഞ്ഞെടുത്ത വകുപ്പ് 115BA(4) പ്രകാരമുള്ള ഓപ്ഷൻ ഞാൻ ഇതിനാൽ പിൻവലിക്കുന്നു" എന്ന ചെക്ക് ബോക്സ് സേവ് ചെയ്യപ്പെടുന്നില്ല. ഞാൻ എന്ത് ചെയ്യണം?

"ആദായനികുതി ഫോമുകൾ സമർപ്പിക്കുക" എന്ന വിഭാഗത്തിൽ നിലവിൽ സേവ് ചെയ്തിരിക്കുന്ന ഫോം 10-ICയുടെ കരട് ഇല്ലാതാക്കി പുതിയതായി ഫോം സമർപ്പിക്കണം.

26. ഫോം 10-IB സമർപ്പിക്കുമ്പോൾ കമ്പനിയുടെ അടിസ്ഥാന വിവരങ്ങൾ "എന്‍റെ പ്രൊഫൈൽ" എന്ന വിഭാഗത്തിൽ നിന്ന് ശരിയായി സ്വയമേ പൂരിപ്പിക്കപ്പെട്ടില്ല. ഞാൻ എന്ത് ചെയ്യണം?

"ആദായനികുതി ഫോമുകൾ സമർപ്പിക്കുക" എന്ന വിഭാഗത്തിൽ നിലവിൽ സേവ് ചെയ്തിരിക്കുന്ന ഫോം 10-IBയുടെ കരട് ഇല്ലാതാക്കി പുതിയതായി ഫോം സമർപ്പിക്കണം.

27. ഫോം 10-ID സമർപ്പിക്കുമ്പോൾ, "അസ്സസിംഗ് ഓഫീസർ" എന്നതിന്‍റെ വിശദാംശങ്ങൾ "എന്‍റെ പ്രൊഫൈൽ" എന്ന വിഭാഗത്തിൽ നിന്ന് സ്വയമേ പൂരിപ്പിക്കപ്പെടുന്നില്ല. ഞാൻ എന്ത് ചെയ്യണം?

"ആദായനികുതി ഫോമുകൾ സമർപ്പിക്കുക" എന്ന വിഭാഗത്തിൽ നിലവിൽ സേവ് ചെയ്തിരിക്കുന്ന ഫോം 10-IDയുടെ 'കരട്' ഇല്ലാതാക്കി പുതിയതായി ഫോം സമർപ്പിക്കണം.

28. "സമർപ്പിക്കുന്നത് പരാജയപ്പെട്ടു" എന്ന പിശക് സന്ദേശം പ്രദർശിപ്പിക്കുന്നതിനാൽ എനിക്ക് ഫോം 10DA സമർപ്പിക്കാൻ കഴിയുന്നില്ല. ഞാൻ എങ്ങനെ മുന്നോട്ടുപോകണം?

"ആദായനികുതി ഫോമുകൾ സമർപ്പിക്കുക" എന്ന വിഭാഗത്തിൽ നിലവിൽ സേവ് ചെയ്തിരിക്കുന്ന പഴയ ഫോം പിൻവലിക്കുകയോ ഇല്ലാതാക്കുകയോ ചെയ്ത് പുതിയതായി ഫോം സമർപ്പിക്കണം. കൂടാതെ സ്ഥിരീകരണം എന്ന പാനലിൽ വിലാസവുമായി ബന്ധപ്പെട്ട വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും പൂർണ്ണമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കി വീണ്ടും ഫോം സമർപ്പിക്കാൻ ശ്രമിക്കുക.

29. എന്‍റെ പാൻ, കർണാടക ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട്, 1959 പ്രകാരം ഒരു ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കായി രജിസ്റ്റർ ചെയ്തിരിക്കുന്നു. വകുപ്പ് 115BAD പ്രകാരമുള്ള കുറഞ്ഞ നികുതി നിരക്ക് തെരഞ്ഞെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഫോം 10-IF സമർപ്പിക്കാൻ കഴിയുന്നില്ല. ഞാൻ എന്തുചെയ്യണം?

വകുപ്പ് 115BAD പ്രകാരമുള്ള ആനുകൂല്യം കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് മാത്രമാണ് ലഭ്യമാകുന്നത്. നിങ്ങളുടെ രജിസ്ട്രേഷൻ AOP എന്നതിനുപകരം സാങ്കല്പിക നിയമവ്യക്തി എന്ന വിഭാഗത്തിലായിരിക്കാനാണ് സാധ്യത. അതിനാലാണ് ഫോം 10-IF സമർപ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമല്ലാത്തത്. ഇത്തരം സാഹചര്യത്തിൽ NSDL മുഖേന നിങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ പുതുക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.