1. 2025 ലെ ആദായനികുതി നിയമപ്രകാരം വ്യക്തികളുടെ താമസത്തിനുള്ള അടിസ്ഥാന പരിശോധനയിൽ മാറ്റം വന്നിട്ടുണ്ടോ?

വ്യക്തിഗത താമസസ്ഥലം നിർണ്ണയിക്കുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. 2025 ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 6 പ്രകാരം ഒരു വ്യക്തി ബന്ധപ്പെട്ട നികുതി വർഷത്തിൽ 182 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ താമസിക്കുകയാണെങ്കിൽ അല്ലെങ്കിൽ ആ വർഷത്തിൽ 60 ദിവസമോ അതിൽ കൂടുതലോ താമസിക്കുകയും അതോടൊപ്പം തൊട്ടുമുമ്പുള്ള നാല് വർഷങ്ങളിൽ ആകെ 365 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ ഉണ്ടാവുകയും ചെയ്താൽ ആ വ്യക്തിയെ നികുതി താമസക്കാരനായി കണക്കാക്കും. ഈ വ്യവസ്ഥകൾ ആദായനികുതി നിയമം, 1961 ലെ വകുപ്പ് 6(1) ന് സമാനമാണ്.

2.ഇന്ത്യയ്ക്ക് പുറത്ത് ജോലിക്ക് പോകുന്ന ഒരു ഇന്ത്യൻ പൗരനെയോ അല്ലെങ്കിൽ ഒരു ഇന്ത്യൻ കപ്പലിലെ ജീവനക്കാരനെയോ അദ്ദേഹം 182 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ താമസിച്ചാൽ മാത്രം താമസക്കാരനായി കണക്കാക്കുന്ന 1961 ലെ നിയമപ്രകാരമുള്ള പ്രത്യേക ഇളവ് ബന്ധപ്പെട്ട നികുതി വർഷത്തിൽ തുടർന്നും ബാധകമാണോ?

അതെ, പ്രത്യേക ഇളവ് മാറ്റമില്ലാതെ തുടരുന്നു. ഒരു ഇന്ത്യൻ പൗരൻ ഇന്ത്യയ്ക്ക് പുറത്ത് ജോലിക്കായി അല്ലെങ്കിൽ ഒരു ഇന്ത്യൻ കപ്പലിലെ ക്രൂ അംഗമായി രാജ്യം വിടുകയാണെങ്കിൽ ബന്ധപ്പെട്ട നികുതി വർഷത്തിൽ ഇന്ത്യയിൽ 182 ദിവസമോ അതിൽ കൂടുതലോ താമസിച്ചാൽ മാത്രമേ അയാളെ താമസക്കാരനായി കണക്കാക്കൂ. അത്തരം സന്ദർഭങ്ങളിൽ, ബന്ധപ്പെട്ട നികുതി വർഷത്തിൽ 60 ദിവസം താമസിക്കണമെന്ന വ്യവസ്ഥ
മുൻകാല നികുതി വർഷങ്ങളിലെ 365 ദിവസങ്ങൾക്കൊപ്പം ബാധകമല്ല.

3. ഇന്ത്യ സന്ദർശിക്കുന്ന ഇന്ത്യൻ പൗരന്മാർക്കോ ഇന്ത്യൻ വംശജർക്കോ ഉള്ള നിയമങ്ങളിൽ പുതിയ നിയമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ?

ഇല്ല. ആദായനികുതി നിയമം, 2025 പ്രകാരവും ഈ നിയമം മാറ്റമില്ലാതെ തുടരുന്നു. ഇന്ത്യ സന്ദർശിക്കുന്ന ഒരു ഇന്ത്യൻ പൗരനെയോ അല്ലെങ്കിൽ ഇന്ത്യൻ വംശജരെയോ ഒരു നികുതി വർഷത്തിൽ ആകെ 182 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ ഉണ്ടെങ്കിൽ മാത്രമേ താമസക്കാരനായി കണക്കാക്കുകയുള്ളൂ. നികുതി വർഷത്തിൽ (വിദേശ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം ഒഴികെ) 15 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള വ്യക്തികൾക്ക് പുതിയ നിയമത്തിലെ വകുപ്പ് 6(2)(b) പ്രകാരമുള്ള ബദൽ നിബന്ധനയും ബാധകമാണ്, കൂടാതെ പ്രസ്തുത വകുപ്പിലെ '60 ദിവസം' എന്നത് '120 ദിവസം' എന്നും ആ നികുതി വർഷത്തിന് മുമ്പുള്ള നാല് വർഷങ്ങളിൽ 365 ദിവസം അല്ലെങ്കിൽ അതിൽ കൂടുതൽ എന്നും വായിക്കണം.

4. ഒരു താമസക്കാരനായി കണക്കാക്കപ്പെടുക എന്നാലെന്ത്? ആദായനികുതി നിയമം, 1961 ലെ 'താമസക്കാരനായി കണക്കാക്കപ്പെടുക' എന്ന വ്യവസ്ഥയിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?

1961 ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 6(1A) പ്രകാരം വിദേശ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം ഒഴികെ 15 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളതും സ്ഥിരമായ താമസസ്ഥലം, താമസസ്ഥലം അല്ലെങ്കിൽ സമാനമായ മാനദണ്ഡങ്ങൾ കാരണം മറ്റൊരു രാജ്യത്തും നികുതി ബാധ്യതയില്ലാത്ത ഒരു ഇന്ത്യൻ പൗരനെ താമസക്കാരനായി കണക്കാക്കപ്പെടുക എന്ന് കരുതുന്നു. ഈ താമസക്കാരനായി കണക്കാക്കപ്പെടുക എന്ന നിയമം ആദായനികുതി നിയമം, 2025 ലും നിലനിർത്തിയിട്ടുണ്ട്. ആദായനികുതി നിയമം, 2025 ലെ വകുപ്പ് 6(7) ന് സമാനമാണ് ആദായനികുതി നിയമം, 1961 ലെ വകുപ്പ് 6(1A). ഈ സാഹചര്യത്തിൽ ഇന്ത്യയിൽ താമസിക്കുന്ന ദിവസങ്ങളുടെ എണ്ണം അപ്രധാനമാണ്.

5. പുതിയ നിയമപ്രകാരം 'സാധാരണ താമസക്കാരനല്ല' (NOR) എന്ന ആശയത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ?

NOR മാനദണ്ഡങ്ങളിൽ മാറ്റമൊന്നുമില്ല. ഒരു വ്യക്തി കഴിഞ്ഞ പത്ത് വർഷങ്ങളിൽ ഒമ്പത് വർഷവും പ്രവാസിയായിരുന്നില്ലെങ്കിൽ അല്ലെങ്കിൽ കഴിഞ്ഞ ഏഴ് വർഷങ്ങളിൽ 729 ദിവസമോ അതിൽ കുറവോ ഇന്ത്യയിൽ താമസിച്ചിട്ടുണ്ടെങ്കിൽ, അയാൾ ഒരു നികുതി വർഷത്തിൽ സാധാരണ താമസക്കാരനല്ല. ആദായനികുതി നിയമം, 2025 ലും നിലനിർത്തിയിട്ടുണ്ട്. ആദായനികുതി നിയമം, 2025 ലെ വകുപ്പ് 6(13) ന് സമാനമാണ് ആദായനികുതി നിയമം, 1961 ലെ വകുപ്പ് 6(6).

6. 2025 ലെ ആദായനികുതി നിയമപ്രകാരം ഒരു കമ്പനിയുടെ താമസസ്ഥലം നിർണയിക്കുന്ന പരിശോധനയിൽ മാറ്റം വരുത്തിയിട്ടുണ്ടോ?

ഇല്ല, 2025 ലെ ആദായനികുതി നിയമപ്രകാരം ഒരു കമ്പനിയുടെ താമസസ്ഥലം നിർണയിക്കുന്ന പരിശോധനയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ആദായനികുതി നിയമം, 1961, ആദായനികുതി നിയമം, 2025 എന്നിവ പ്രകാരം ഒരു കമ്പനി ഒരു ഇന്ത്യൻ കമ്പനിയാണെങ്കിൽ അല്ലെങ്കിൽ ബന്ധപ്പെട്ട വർഷത്തിൽ ആ കമ്പനിയുടെ ഫലപ്രദമായ മാനേജ്‌മെന്റ് കേന്ദ്രം (POEM) ഇന്ത്യയിലാണെങ്കിൽ ആ കമ്പനിയെ ഇന്ത്യയിലെ താമസക്കാരനായി കണക്കാക്കും.

7. 2026 ഏപ്രിൽ 1ന് മുമ്പുള്ള നികുതി വർഷങ്ങളിലെ താമസസ്ഥലത്തിന്‍റെ നിലവിലെ സ്ഥിതി ഏത് നിയമമാണ് നിർണ്ണയിക്കുന്നത്?

2026 ഏപ്രിൽ 1 ന് മുമ്പ് ആരംഭിക്കുന്ന ഏതൊരു നികുതി വർഷത്തെയും താമസസ്ഥലത്തിന്‍റെ നിലവിലെ സ്ഥിതി അതിന്‍റെ മൂല്യനിർണ്ണമോ പുനർമൂല്യനിർണ്ണമോ ആദായനികുതി നിയമം, 2025 പ്രാബല്യത്തിൽ വന്നതിനുശേഷമാണ് നടക്കുന്നതെങ്കിൽപോലും ആദായനികുതി നിയമം, 1961ലെ വകുപ്പ് 6 പ്രകാരം തന്നെ തുടർന്നും നിർണ്ണയിക്കും. മുൻകാല നികുതി വർഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ നടപടികൾക്കും നിയമം1961 ലെ പ്രയോഗികത നിലനിർത്തുന്ന സേവിംഗ്സ് ക്ലോസ് മുൻനിർത്തിയാണ് ഇത് നടപ്പിലാക്കുന്നത്.

8. 2025 -26 മൂല്യനിർണ വർഷത്തേക്കുള്ള പുനർമൂല്യനിർണയം 2026 ഏപ്രിൽ 1 നുശേഷം ആരംഭിച്ചാൽ ഒരു വ്യക്തിയുടെ നികുതി-താമസസ്ഥലം നിർണ്ണയിക്കുന്നതിന് ഏതൊക്കെ വ്യവസ്ഥകളാണ് ബാധകമാകുക?

2025-26 മൂല്യനിർണയ വർഷത്തേക്കുള്ള പുനർമൂല്യനിർണയത്തിനുള്ള നോട്ടീസ് 2026 ഏപ്രിൽ 1നുശേഷം പുറപ്പെടുവിച്ചാലും അതിന്‍റെ താമസസ്ഥലത്തിന്‍റെ നിലവിലെ സ്ഥിതി പൂർണ്ണമായും ആദായനികുതി നിയമം, 1961-ലെ വകുപ്പ് 6 പ്രകാരം തന്നെ നിർണ്ണയിക്കണം. കാരണം, ഇതിൽ ഉൾപ്പെട്ടിരിക്കുന്ന നികുതി വർഷം ആരംഭിക്കുന്നത് 2026 ഏപ്രിൽ 1 ന് മുമ്പാണ്. അത്തരം വർഷങ്ങളുമായി ബന്ധപ്പെട്ട നടപടികൾ, പുതിയ നിയമം നിലവിൽ വന്നിട്ടില്ലാത്തതുപോലെ പഴയ നിയമപ്രകാരം തന്നെ തുടർന്നു കൊണ്ടുപോകണമെന്ന് പുതിയ നിയമത്തിലെ വകുപ്പ് 536 വ്യക്തമായി വ്യവസ്ഥ ചെയ്യുന്നുണ്ട്. അതിനാൽ, 2026 ഏപ്രിൽ 1 ന് മുമ്പ് ആരംഭിക്കുന്ന ഏതൊരു നികുതി വർഷത്തെയും നികുതി-താമസസ്ഥലം നിർണ്ണയിക്കുന്നതിൽ ആദായനികുതി നിയമം, 2025ന് യാതൊരുവിധ പ്രായോഗികതയുമില്ല.

9.ഏത് വർഷം മുതലാണ് താമസസ്ഥലത്തിന്‍റെ നിലവിലെ സ്ഥിതി ആദായനികുതി നിയമം, 2025ന് കീഴിലാകുന്നത്?

ആദായനികുതി നിയമം, 2025ലെ വകുപ്പ് 6 പ്രകാരമുള്ള താമസസ്ഥലത്തിന്‍റെ നിലവിലെ സ്ഥിതി 2026 ഏപ്രിൽ 1 നോ അതിനുശേഷമോ ആരംഭിക്കുന്ന നികുതി വർഷങ്ങൾക്ക് മാത്രമേ ബാധകമാകൂ. അത്തരം വർഷങ്ങളിലെ താമസക്കാരൻ, പ്രവാസി, താമസക്കാരനായ കണക്കാക്കപ്പെടുക, സാധാരണ താമസക്കാരനല്ല എന്നിവ നിർണ്ണയിക്കുന്നത് പൂർണ്ണമായും പുതിയ നിയമത്തിന് കീഴിലായിരിക്കും. ഒരേ നികുതി വർഷത്തിൽ രണ്ട് നിയമങ്ങളും ഒരേസമയം ബാധകമാകുന്ന സാഹചര്യം ഉണ്ടാകില്ല. ഇതിന്‍റെ നിർണ്ണായക മാനദണ്ഡം നികുതി വർഷം ആരംഭിക്കുന്ന തീയതിയാണ് അല്ലാതെ നടപടികൾ നടക്കുന്ന തീയതിയല്ല.

10. രണ്ട് നിയമങ്ങളും പ്രാബല്യത്തിലുള്ള കാലയളവിൽ ഒരു വ്യക്തി ഇന്ത്യയിൽ താമസിക്കുന്നുണ്ടെങ്കിൽ എങ്ങനെയാണ് താമസസ്ഥലത്തിന്‍റെ നിലവിലെ സ്ഥിതി വിലയിരുത്തുന്നത്?

താമസസ്ഥലത്തിന്‍റെ നിലവിലെ സ്ഥിതി ഓരോ നികുതി വർഷത്തേക്കും പ്രത്യേകം പ്രത്യേകമായാണ് വിലയിരുത്തുന്നത്. ഒരു വ്യക്തിയുടെ ഇന്ത്യയിലെ താമസം 2025-26, 2026-27 സാമ്പത്തിക വർഷങ്ങളിലുടനീളം നീണ്ടുനിൽക്കുകയാണെങ്കിൽ, 2025-26 സാമ്പത്തിക വർഷത്തെ നികുതി താമസസ്ഥലം ലെ ആദായനികുതി നിയമം, 1961ലെ വ്യവസ്ഥകൾ അനുസരിച്ച് 2026 മാർച്ച് 31 വരെയുള്ള താമസ കാലയളവ് അടിസ്ഥാനമാക്കി നിർണ്ണയിക്കും.
എന്നാൽ 2026-27 സാമ്പത്തിക വർഷത്തെ താമസസ്ഥലത്തിന്‍റെ നിലവിലെ സ്ഥിതി ആദായനികുതി നിയമം, 2025ലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും നിർണ്ണയിക്കുക. ഇതിനായി 2026 ഏപ്രിൽ 1 മുതലുള്ള താമസ കാലയളവാണ് കണക്കിലെടുക്കുക. എന്നിരുന്നാലും, "60 ദിവസം (പ്രസക്തമായ നികുതി വർഷത്തിലെ താമസം) + 365 ദിവസം (തൊട്ടുമുമ്പുള്ള നാല് നികുതി വർഷങ്ങളിലെ താമസം)" എന്ന നിബന്ധന പരിശോധിക്കുമ്പോൾ, 2025-26 സാമ്പത്തിക വർഷത്തെയും അതിന് മുമ്പുള്ള വർഷങ്ങളിലെയും താമസം കൂടി ആവശ്യാനുസരണം കണക്കിലെടുക്കുന്നതാണ്.

11. നിയമം റദ്ദാക്കുന്നത് 'സാധാരണ താമസക്കാരനല്ല' എന്ന പദവിക്ക് ആവശ്യമായ തുടർച്ചാ നിബന്ധനകളെ ബാധിക്കുമോ?

ഇല്ല, "തൊട്ടുമുമ്പുള്ള പത്ത് വർഷങ്ങളിൽ ഒമ്പത് വർഷം" അല്ലെങ്കിൽ "തൊട്ടുമുമ്പുള്ള ഏഴ് വർഷങ്ങളിൽ 729 ദിവസങ്ങൾ" എന്നിങ്ങനെയുള്ള തുടർച്ചയെ അടിസ്ഥാനമാക്കിയുള്ള പരിശോധനകൾക്കായി മുൻവർഷങ്ങളിലെ വിവരങ്ങൾ തുടർന്നും പരിശോധിക്കുന്നതാണ്; ആ വർഷങ്ങൾ ആദായനികുതി നിയമം, 1961 ന് കീഴിലായിരുന്നെങ്കിൽ പോലും ഇത് ബാധകമായിരിക്കും. 2026 ഏപ്രിൽ 1-നോ അതിനുശേഷമോ ആരംഭിക്കുന്ന ഒരു നികുതി വർഷത്തേക്ക് 2025-ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 6 ബാധകമാക്കുമ്പോൾ അതിന് തൊട്ടുമുമ്പുള്ള വർഷങ്ങളിൽ റദ്ദാക്കപ്പെട്ട പഴയ നിയമത്തിന് കീഴിലുള്ള വർഷങ്ങളും ഉൾപ്പെടാം.

12. താമസക്കാരനായി കണക്കാക്കപ്പെടുക എന്നത് നിയമം റദ്ദാക്കുന്ന വ്യവസ്ഥയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

2026 ഏപ്രിൽ 1-ന് മുമ്പുള്ള നികുതി വർഷങ്ങളിൽ, മറ്റൊരിടത്തും നികുതി ബാധ്യതയില്ലാത്തതും 15 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളതുമായ ഇന്ത്യയിലെ താമസക്കാരനായി കണക്കാക്കപ്പെടുക എന്ന ആദായ നികുതി നിയമം, 1961 ലെ വകുപ്പ്6(1A) പ്രകാരം നിയന്ത്രിക്കപ്പെടും. 2026 ഏപ്രിൽ 1-നോ അതിനുശേഷമോ ആരംഭിക്കുന്ന നികുതി വർഷങ്ങളിൽ, 2025 ലെ ആദായ നികുതി നിയമത്തിലെ വകുപ്പ്6(7) ലെ സമാനമായ താമസക്കാരനായി കണക്കാക്കപ്പെടുക എന്ന വ്യവസ്ഥ ബാധകമാകും. പുതിയ വ്യവസ്ഥ പ്രകാരം മുൻ വർഷങ്ങളിലെ താമസക്കാരനായി കണക്കാക്കപ്പെടുക എന്ന പദവി പരിശോധിക്കാൻ കഴിയില്ലെന്ന് റദ്ദാക്കൽ വ്യവസ്ഥ ഉറപ്പുനൽകുന്നു.

13.1961 ലെ ആദായനികുതി നിയമപ്രകാരം ഒരാളെ ഒരു പ്രത്യേക വർഷത്തേക്ക് താമസക്കാരനായി കണക്കാക്കിയിട്ടുണ്ടെങ്കിൽ, 2025 ലെ ആദായനികുതി നിയമപ്രകാരം നിലവിലെ പുന:പരിശോധിക്കാൻ കഴിയുമോ?

ഇല്ല, ആദായനികുതി നിയമം, 1961 പ്രകാരം ഒരു നികുതി വർഷത്തേക്ക് താമസക്കാരൻ എന്ന് ഒരിക്കൽ നിർണ്ണയിച്ചുകഴിഞ്ഞാൽ ആ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി മാത്രമേ പുന:പരിശോധിക്കാൻ കഴിയൂ.

14. ആദായനികുതി നിയമം, 1961 ലെ 115D, 115E, 115F എന്നീ വകുപ്പുകളിൽ അടങ്ങിയിരിക്കുന്ന NRI-കൾക്കുള്ള നികുതി ഇളവ് വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിബന്ധനകൾക്ക് ആദായനികുതി നിയമം, 2025 പ്രകാരം എന്തെങ്കിലും മാറ്റത്തിന് വിധേയമായിട്ടുണ്ടോ?

ഇല്ല. NRI-കൾക്കായുള്ള പ്രത്യേക നികുതി വ്യവസ്ഥയുടെ അടിസ്ഥാന സവിശേഷതകളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
ആദായനികുതി നിയമം, 1961പ്രകാരം:
• ഒരു പ്രവാസി ഭാരതീയന്‍റെ (NRI) നിക്ഷേപ വരുമാനം കണക്കാക്കുമ്പോൾ യാതൊരുവിധ ചെലവുകളും അലവൻസുകളും കിഴിവ് ചെയ്യാൻ വകുപ്പ് 115D അനുവദിച്ചിരുന്നില്ല; കൂടാതെ ആകെ മൊത്തം വരുമാനത്തിൽ ഇത്തരം നിക്ഷേപ വരുമാനം മാത്രമാണ് ഉള്ളതെങ്കിൽ അദ്ധ്യായം VI-A പ്രകാരമുള്ള കിഴിവുകൾക്കും ഇത് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
• നിക്ഷേപ വരുമാനത്തിന് 20% എന്ന കുറഞ്ഞ നികുതി നിരക്കും, കൈമാറ്റം ചെയ്യുന്ന തീയതിയെ ആശ്രയിച്ച് ദീർഘകാല മൂലധന നേട്ടത്തിന് 10% / 12.5% എന്ന നിരക്കും വകുപ്പ് 115E വ്യവസ്ഥ ചെയ്തിരുന്നു.
• വിദേശ വിനിമയ ആസ്തികൾ കൈമാറ്റം ചെയ്തതിലൂടെ ലഭിച്ച അറ്റാദായം ആറ് മാസത്തിനുള്ളിൽ നിർദ്ദിഷ്ട ആസ്തികളിൽ പുനർനിക്ഷേപിച്ചാൽ മൂലധന നികുതിയിൽ നിന്ന് വകുപ്പ് 115F ഇളവ് നൽകിയിരുന്നു. ഇത് ആനുപാതികമായ ഇളവ് നൽകുന്ന ഫോർമുലയ്ക്കും മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവിനും കാലാവധി തികയുന്നതിനുമുമ്പ് കൈമാറ്റത്തിന്മേലുള്ള നികുതി തിരിച്ചുപിടിക്കൽ വ്യവസ്ഥയ്ക്കും വിധേയമായിരുന്നു.
 2025-ലെ പുതിയ ആദായനികുതി നിയമത്തിലെ അനുബന്ധ വകുപ്പുകളായ 213, 214, 215 എന്നിവ ഈ വ്യവസ്ഥകളെ സാരമായി പുനർനിർമ്മിക്കുന്നു. അതിനാൽ, നികുതി കിഴിവുകളിലെ നിയന്ത്രണം, കുറഞ്ഞ നിരക്കിലുള്ള നികുതി വ്യവസ്ഥ, പുനർനിക്ഷേപ ഇളവ് ( A = B × C / D) എന്ന ഫോർമുല ഉൾപ്പെടെ), ലോക്ക്-ഇൻ നിബന്ധന, നികുതി തിരിച്ചുപിടിക്കൽ വ്യവസ്ഥ എന്നിവയൊന്നും കാര്യമായ മാറ്റങ്ങളില്ലാതെ പുതിയ നിയമത്തിലും നിലനിർത്തിയിട്ടുണ്ട്.

15. 1961 ലെ നിയമത്തിലെ വകുപ്പ്115G പ്രകാരമുള്ള NRI-കൾക്കുള്ള റിട്ടേൺ സമർപ്പിക്കുന്നതിൽ നൽകിയിരുന്ന ഇളവ് ആദായനികുതി നിയമം, 2025 ലും തുടരുന്നുണ്ടോ?

അതെ. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 115G പ്രകാരം, ഒരു NRIയുടെ മൊത്തം വരുമാനത്തിൽ നിക്ഷേപ വരുമാനമോ ദീർഘകാല മൂലധന നേട്ടമോ അല്ലെങ്കിൽ ഇവ രണ്ടുമാത്രമോ ഉള്ള സാഹചര്യത്തിൽ, കൃത്യമായി TDS കിഴിച്ചിട്ടുണ്ടെങ്കിൽ അവരെ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. നടപടിക്രമങ്ങൾ ലളിതമാക്കുന്ന ഈ സമീപനം നിലനിർത്തിക്കൊണ്ട് ആദായനികുതി നിയമം, 2025 ലെ വകുപ്പ് 216ലും ഇതേ ഇളവ് സമാനമായ വ്യവസ്ഥകളോടെ നിലനിർത്തിയിട്ടുണ്ട്. പരിമിതമായ വരുമാന വിഭാഗം, സ്രോതസ്സിൽ നിന്നുള്ള കൃത്യമായ നികുതി ഈടാക്കൽ എന്നീ നിബന്ധനകൾ ഇതിലും മാറ്റമില്ലാതെ തുടരുന്നു.

16. പഴയ നിയമത്തിലെ വകുപ്പ് 115H പ്രകാരം താമസക്കാരനായതിനു ശേഷമുള്ള ആനുകൂല്യങ്ങളുടെ തുടർച്ച 2025 ലെ ആദായനികുതി നിയമത്തിലും സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ?

ആദായനികുതി നിയമം, 1961 ലെ വകുപ്പ് 115H പ്രകാരം, താമസക്കാരൻ എന്ന പദവി ലഭിച്ച ഒരു NRIയ്ക്ക് ഒരു സാക്ഷ്യപത്രം സമർപ്പിക്കുന്നതിലൂടെ ചില വിദേശ നാണയ ആസ്തികൾക്ക് (ഓഹരികൾ ഒഴികെയുള്ളവ) കുറഞ്ഞ നിരക്കിലുള്ള നികുതി ആനുകൂല്യം തുടർന്നും ലഭിക്കുമായിരുന്നു. ആദായനികുതി നിയമം, 2025 ലെ വകുപ്പ് 217 ഉം ഈ ആനുകൂല്യം തുടർന്നും നിലനിർത്തുന്നുണ്ട്. നികുതി റിട്ടേണിനൊപ്പം സാക്ഷ്യപത്രം സമർപ്പിക്കണമെന്ന നിബന്ധനയും ആസ്തി കൈമാറ്റം ചെയ്യുകയോ മാറ്റുകയോ ചെയ്യുന്നത് വരെ ഈ ആനുകൂല്യം തുടരുമെന്ന വ്യവസ്ഥയും ഇതിലും മാറ്റമില്ലാതെ തുടരുന്നു. അതനുസരിച്ച് ആനുകൂല്യങ്ങളുടെ തുടർച്ച പുതിയ നിയമത്തിലും പിൻവലിച്ചിട്ടില്ല.

17. ആദായനികുതി നിയമം, 1961 ലെ വകുപ്പ് 115 -I പ്രകാരമുള്ള ഒരു NRIയെ പ്രത്യേക ഇളവ് വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കാനും സാധാരണ വ്യവസ്ഥകൾ പ്രകാരം നികുതി ചുമത്താനും അനുവദിക്കുന്ന ഓപ്ഷൻ തെരഞ്ഞെടുക്കാനുള്ള സംവിധാനം ആദായനികുതി നിയമം, 2025 ൽ നിലനിർത്തിയിട്ടുണ്ടോ?

ആദായനികുതി നിയമം, 1961ലെ വകുപ്പ് 115-I പ്രകാരം ഒരു NRIയ്ക്ക് ഏതൊരു മൂല്യനിർണ്ണയ വർഷത്തിലും പ്രത്യേക നികുതി ഇളവ് വ്യവസ്ഥയ്ക്ക് കീഴിൽ വരാതിരിക്കാനും പകരം സാധാരണ വ്യവസ്ഥകൾ പ്രകാരം നികുതി ചുമത്തപ്പെടാനും അനുവാദമുണ്ടായിരുന്നു. ആദായനികുതി നിയമം, 2025ഉം ഈ സംവിധാനം നിലനിർത്തുന്നുണ്ട്; ഇതുപ്രകാരം ഈ പ്രത്യേക വ്യവസ്ഥകൾ തനിക്ക് ബാധകമാക്കേണ്ടതില്ലെന്ന് നികുതിദായകന് റിട്ടേണിൽ പ്രഖ്യാപിക്കാവുന്നതാണ്. അത്തരം പ്രഖ്യാപനം നടത്തുന്നതോടെ നിയമത്തിലെ പൊതുവായ വ്യവസ്ഥകൾ പ്രകാരമായിരിക്കും നികുതി ചുമത്തുക. അതിനാൽ, ഈ പ്രത്യേക നികുതി വ്യവസ്ഥ സ്വമേധയാ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ നിയമത്തിലും മാറ്റമില്ലാതെ തുടരുന്നു.

18. ഒരു NRI വകുപ്പ്115 -I (പഴയ നിയമം) പ്രകാരം ഇളവ് വ്യവസ്ഥയിൽ നിന്ന് ഒഴിവാകാൻ ഓപ്ഷൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, ആ തെരഞ്ഞെടുപ്പ് റദ്ദാക്കലിനെ അതിജീവിക്കുമോ?

അതെ, റദ്ദാക്കൽ-സംരക്ഷണ വ്യവസ്ഥ ബന്ധപ്പെട്ട മൂല്യനിർണ്ണയ വർഷത്തേക്ക് ആദായനികുതി നിയമം, 1961 പ്രകാരം സാധുതയുള്ള തെരഞ്ഞെടുത്ത ഓപ്ഷനുകളെ സംരക്ഷിക്കുന്നുണ്ട്. വകുപ്പ് 115-I പ്രകാരമുള്ള ഓപ്ഷൻ ഓരോ വർഷത്തേക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതായതിനാൽ നിയമം റദ്ദാക്കിയ ശേഷവും ആ പ്രത്യേക വർഷത്തേക്ക് അതിന്‍റെ ഫലം തുടരുന്നതാണ്. ആദായനികുതി നിയമം, 2025ന് കീഴിൽ വരുന്ന നികുതി വർഷങ്ങൾക്ക്, ഇതിന് സമാനമായ ഒഴിവാകൽ വ്യവസ്ഥ ഭാവിയിലേക്ക് ബാധകമാകും. മുമ്പ് തെരഞ്ഞെടുത്ത ഒരു ഓപ്ഷനെ മുൻകാല പ്രാബല്യത്തോടെ അസാധുവാക്കാൻ ഈ റദ്ദാക്കലിന് കഴിയില്ല. അതിനാൽ, ഓരോ നികുതി വർഷവും ആ വർഷത്തിന് ബാധകമായ നിയമത്തിന്‍റെയും നികുതിദായകൻ തെരഞ്ഞെടുത്ത ഓപ്ഷന്‍റെയും അടിസ്ഥാനത്തിൽ സ്വതന്ത്രമായി പരിശോധിക്കപ്പെടേണ്ടതാണ്.

19. ആദായനികുതി നിയമം, 1961 ലെ വകുപ്പ് 115F പ്രകാരം ഒരു NRI ഇളവ് അവകാശപ്പെട്ടു. 01.04.2026 ന് ശേഷം (അതായത്, 2025 ലെ ആദായനികുതി നിയമം ആരംഭിച്ചതിന് ശേഷം) എന്നാൽ മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവിനുള്ളിൽ അദ്ദേഹം പുതിയ ആസ്തി കൈമാറ്റം ചെയ്യുന്നു, എങ്കിൽ ആനുകൂല്യം തിരിച്ചുപിടിക്കുന്നതിന് ഏത് നിയമമാണ് ബാധകമാകുക?

പുതിയ ആസ്തി 01.04.2026-ന് ശേഷമാണ് കൈമാറ്റം ചെയ്യുന്നതെങ്കിലും അത് മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവിനുള്ളിൽ ആണെങ്കിൽ ആദായനികുതി നിയമം, 1961 ലെ വകുപ്പ് 115F(2) പ്രകാരമായിരിക്കും ആനുകൂല്യം തിരിച്ചുപിടിക്കുന്ന ബാധ്യത ഉണ്ടാകുന്നത്; കാരണം ഈ വകുപ്പ് പ്രകാരമാണ് യഥാർത്ഥ നികുതി ഇളവ് അനുവദിച്ചിട്ടുള്ളത്. ആദായനികുതി നിയമം, 2025 ലെ റദ്ദാക്കൽ-സംരക്ഷണ വ്യവസ്ഥ പ്രസ്തുത ഇളവിന്‍റെ ബാധ്യതകളെ സംരക്ഷിക്കുകയും അതിന്റെ അവകാശങ്ങളും നിബന്ധനകളും 1961-ലെ നിയമത്തിന്‍റെ പരിധിയിൽ തന്നെ നിലനിർത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, നികുതി ചുമത്തപ്പെടേണ്ട വർഷം പുതിയ ആസ്തി കൈമാറ്റം ചെയ്യപ്പെടുന്ന നികുതി വർഷമായിരിക്കും. ഇത് 01.04.2026-ന് ശേഷമാണ് സംഭവിക്കുന്നതെങ്കിൽ, ഈ കൈമാറ്റം 2025-ലെ നിയമത്തിന് കീഴിൽ വരികയും ആ വർഷത്തെ നികുതി നിർണ്ണയം പുതിയ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചായിരിക്കും നടക്കുക.

20. ആദായനികുതി നിയമം, 1961 ലെ വകുപ്പ് 115H പ്രകാരം ഒരു NRI താമസക്കാരനായതിനുശേഷം നികുതി ഇളവ് തുടരുന്നതിന് സമർപ്പിക്കുന്ന സാക്ഷ്യപത്രം ആദായനികുതി നിയമം, 2025 പ്രകാരം സാധുതയുള്ളതായി നിലനിൽക്കുമോ?

താമസമാക്കിയതിനുശേഷം കുറഞ്ഞ നിരക്കിലുള്ള നികുതി ആനുകൂല്യം തുടരുന്നതിനായി ആദായനികുതി നിയമം, 1961 ലെ വകുപ്പ് 115H പ്രകാരം ഒരു NRI ഒരു സാക്ഷ്യപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിൽ ആദായനികുതി നിയമം, 2025ലെ വകുപ്പ് 536(2)(f)ൽ പ്രതിപാദിച്ചിരിക്കുന്നതുപോലെ പ്രസ്തുത സാക്ഷ്യപത്രം പുതിയ നിയമത്തിന്‍റെ ആവശ്യങ്ങൾക്കും സാധുതയുള്ള ഒന്നായി കണക്കാക്കുന്നതാണ്.

21. പഴയ നിയമം റദ്ദാക്കിയതിനുശേഷം 115C –115I വകുപ്പുകൾ ഉൾപ്പെടുന്ന തീർപ്പാക്കാത്ത നികുതി നിർണ്ണയങ്ങളും പുനർമൂല്യനിർണ്ണയങ്ങളും എങ്ങനെയാണ് പരിഗണിക്കുന്നത്?

ആദായനികുതി നിയമം, 1961ന്‍റെ പരിധിയിൽ വരുന്ന നികുതി വർഷങ്ങളുമായി ബന്ധപ്പെട്ട നികുതി നിർണ്ണയങ്ങൾ സംരക്ഷണ വ്യവസ്ഥയുടെ ബലത്തിൽ ആ നിയമപ്രകാരം തന്നെ തുടർന്നുപോകുന്നതാണ്. പഴയ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പൂർത്തിയാക്കിയ നടപടികളെയോ അല്ലെങ്കിൽ ആരംഭിച്ചതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ പുനർനിർണ്ണയ നടപടികളെയോ ഈ റദ്ദാക്കൽ അസാധുവാക്കില്ല. അതിനാൽ, ആ നികുതി വർഷങ്ങളിലെ ഇളവ് നിരക്കുകൾ, വകുപ്പ് 115D പ്രകാരമുള്ള കിഴിവ് നിഷേധിക്കൽ, അല്ലെങ്കിൽ വകുപ്പ് 115F പ്രകാരമുള്ള നികുതി ഒഴിവാക്കൽ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പഴയ നിയമപ്രകാരം തന്നെയായിരിക്കും തീർപ്പാക്കുക. പുതിയ നിയമം 2026 ഏപ്രിൽ 1നോ അതിനുശേഷമോ ആരംഭിക്കുന്ന നികുതി വർഷങ്ങൾക്ക് മാത്രമേ പുതിയ നിയമം ബാധകമാകൂ.

22. പഴയ വ്യവസ്ഥയിൽ നേടിയ ആസ്തികൾക്കുള്ള "വിദേശ വിനിമയ ആസ്തി" എന്ന നിർവചനത്തെ റദ്ദാക്കൽ ബാധിക്കുമോ?

ഇല്ല, ആദായനികുതി നിയമം, 1961 ലെ വകുപ്പ് 115C പ്രകാരം "വിദേശ വിനിമയ ആസ്തികൾ" ആയി വാങ്ങിയ ആസ്തികളുടെ സ്വഭാവം, മുൻവർഷങ്ങളിലെ നികുതി ആവശ്യങ്ങൾക്കായി അതേപടി നിലനിൽക്കുന്നതാണ്. ആദായനികുതി നിയമം, 2025 ലെ വകുപ്പ് 212 പ്രകാരവും സമാനമായ നിർവചനങ്ങൾ തന്നെയാണ് സ്വീകരിച്ചിട്ടുള്ളത് എന്നതിനാൽ ഈ വർഗ്ഗീകരണത്തിൽ യാതൊരു തടസ്സവും ഉണ്ടാകുന്നില്ല. പഴയ നിയമപ്രകാരം നിർണ്ണയിച്ചിട്ടുള്ള ആസ്തികളുടെ സ്വഭാവവും നികുതി വ്യവസ്ഥകളും സാധുതയുള്ളതായിത്തന്നെ തുടരുമെന്ന് സംരക്ഷണ വ്യവസ്ഥ ഉറപ്പാക്കുന്നു.

23. ആദായനികുതി നിയമം, 1961 ലെ വകുപ്പ് 10(4)(ii) പ്രകാരം NRE അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി നിയമം, 2025 ൽ ഇളവ് നിലനിർത്തിയിട്ടുണ്ടോ?

ആദായനികുതി നിയമം, 1961 ലെ വകുപ്പ് 10(4)(ii) പ്രകാരം FEMA നിയമങ്ങൾക്ക് അനുസൃതമായി ഒരു വ്യക്തി നിലനിർത്തുന്ന താമസക്കാരനല്ലാത്ത (ബാഹ്യ) അക്കൗണ്ടിൽ (NRE) നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവ് നൽകിയിരുന്നു; എന്നാൽ ആ വ്യക്തി FEMA നിർവചനപ്രകാരം "ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ഒരു വ്യക്തി" ആയിരിക്കണം അല്ലെങ്കിൽ അത്തരം ഒരു അക്കൗണ്ട് നിലനിർത്താൻ RBI അനുമതി നൽകിയിട്ടുള്ള ആളായിരിക്കണം എന്ന നിബന്ധനയുണ്ടായിരുന്നു. 2025-ലെ ആദായനികുതി നിയമത്തിൽ, ഈ ഇളവ് ഷെഡ്യൂൾ IV-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലെ അടിസ്ഥാനപരമായ നിബന്ധനകൾ ഒന്നുതന്നെയായി തുടരുന്നു — FEMA പ്രകാരമുള്ള പ്രവാസി പദവിയെയും RBIയുടെ അനുമതിയെയും ആശ്രയിച്ചായിരിക്കും ഇതിന്‍റെ യോഗ്യത തുടർന്നും നിലനിൽക്കുക. ഈ നികുതി ഇളവ് പിൻവലിക്കുകയോ ഇതിന്‍റെ പ്രാധാന്യം കുറയ്ക്കുകയോ ചെയ്തിട്ടില്ല.

24. പഴയ നിയമത്തിലെ വകുപ്പ് 10(4)(ii) പ്രകാരമുള്ള ആദായനികുതി ഇളവും, FEMA പ്രകാരമുള്ള താമസസ്ഥിതിയും തമ്മിലുള്ള പരസ്പരബന്ധത്തിന് ആദായനികുതി നിയമം, 2025ൽ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടോ?

ആദായനികുതി നിയമം, 1961 പ്രകാരം, പഴയ നിയമത്തിലെ വകുപ്പ് 10(4)(ii) പ്രകാരമുള്ള ഇളവ്, ആദായനികുതി നിയമപ്രകാരമുള്ള നികുതി താമസക്കാരനല്ല, മറിച്ച് "ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തി" എന്ന ഫെമ നിർവചനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 2025 ലെ ആദായനികുതി നിയമവും ഈ വ്യത്യാസം അതേപടി നിലനിർത്തുന്നു.

25. ഓഹരികളിലോ കടപ്പത്രങ്ങളിലോ നിന്നുള്ള മൂലധന നേട്ടം യഥാർത്ഥ വിദേശ നാണയത്തിൽ കണക്കാക്കാനും തുടർന്ന് ആ നേട്ടത്തെ വീണ്ടും ഇന്ത്യൻ രൂപയിലേക്ക് മാറ്റാനും പ്രവാസികളെ അനുവദിക്കുന്ന ആദായനികുതി നിയമം, 1961ലെ വകുപ്പ് 48ലെ ഒന്നാം വ്യവസ്ഥയിൽ നൽകിയിരുന്ന അതേ സംവിധാനം ആദായനികുതി നിയമം, 2025ലും നിലനിർത്തിയിട്ടുണ്ടോ?

ആദായനികുതി നിയമം, 1961 ലെ വകുപ്പ് 48 ലെ ആദ്യ വ്യവസ്ഥ പ്രകാരം ഒരു ഇന്ത്യൻ കമ്പനിയുടെ ഓഹരികളോ കടപ്പത്രങ്ങളോ കൈമാറ്റം ചെയ്യുമ്പോൾ ലഭിക്കുന്ന മൂലധന നേട്ടം കണക്കാക്കുന്നതിന് നിക്ഷേപം നടത്തിയ അതേ വിദേശ കറൻസിയിൽ തന്നെ നേട്ടം കണക്കാനും അറ്റാദായത്തെ വീണ്ടും ഇന്ത്യൻ രൂപയിലേക്ക് മാറ്റാനും പ്രവാസികൾക്ക് അനുവാദമുണ്ടായിരുന്നു. ഇത് വിനിമയ നിരക്കിലുണ്ടാകുന്ന വ്യതിയാനങ്ങളുടെ ആഘാതത്തെ നിർവീര്യമാക്കി. 2025 ലെ ആദായനികുതി നിയമപ്രകാരം, വകുപ്പ്72 പ്രവാസികൾക്കായി ഈ സംവിധാനം അതേപടി നിലനിർത്തുന്നു.