1. ആദായനികുതി നിയമം, 2025 പ്രകാരം പുനർപരിശോധനാ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചുരുക്കി വിശദീകരിക്കുക.
ആദായനികുതി നിയമം, 2025 ലെ വകുപ്പ് 280 പ്രകാരം, ബന്ധപ്പെട്ട നികുതി വർഷത്തിൽ നികുതി നിർണ്ണയത്തിൽ നിന്നും വരുമാനം വിട്ടുപോയിട്ടുണ്ടെങ്കിൽ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചുരുക്കി താഴെപ്പറയുന്ന രീതിയിൽ വിശദീകരിച്ചിരിക്കുന്നു:
i) വിവരങ്ങൾ - നികുതി നിർണ്ണയത്തിൽ നിന്നും വരുമാനം വിട്ടുപോയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ അസ്സസ്സിംഗ് ഓഫീസറുടെ പക്കൽ ഉണ്ടായിരിക്കണം.
ii) കാരണം കാണിക്കൽ നോട്ടീസ് - നിയമത്തിലെ 280-ാം വകുപ്പ് പ്രകാരം നോട്ടീസ് പുറപ്പെടുവിക്കുന്നതിനുമുമ്പ് പുതിയ നിയമത്തിലെ വകുപ്പ് 281(1) പ്രകാരം ഒരു കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ട് അസസ്സിംഗ് ഓഫീസർ നികുതിദായകന് തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നൽകേണ്ടതുണ്ട്. നികുതി ചുമത്തേണ്ട വരുമാനം വിട്ടുപോയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുകയും നിശ്ചിത സമയത്തിനകം അതിന് മറുപടി നൽകാനുള്ള അവസരം നൽകുകയും വേണം.
iii) മറുപടി പരിഗണിക്കുക - AO നികുതിദായകന്റെ പ്രതികരണം പരിഗണിക്കണം.
iv) ന്യായമായ ഉത്തരവ് - പുനർമൂല്യനിർണ്ണയത്തിന് അനുയോജ്യമാണോ എന്ന് തീരുമാനിച്ചുകൊണ്ട് അഡീഷണൽ കമ്മീഷണറുടെയോ ജോയിന്റ് കമ്മീഷണറുടെയോ മുൻകൂർ അനുമതിയോടെ വകുപ്പ് 281(3) പ്രകാരം ഒരു ഉത്തരവ് പുറപ്പെടുവിക്കുക.
v) നിയമത്തിലെ വകുപ്പ് 280 പ്രകാരം പുനർപരിശോധനാ നോട്ടീസ് പുറപ്പെടുവിക്കുക. കുറിപ്പ്: നിയമത്തിലെ വകുപ്പ് 281(4)-ൽ നൽകിയിരിക്കുന്ന ചില സാഹചര്യങ്ങളിൽ നിയമത്തിലെ വകുപ്പ് 281 ൽ നൽകിയിരിക്കുന്ന നടപടിക്രമങ്ങൾ അസസ്സിംഗ് ഓഫീസർ പാലിക്കേണ്ടതില്ല. എന്നിരുന്നാലും അത്തരം സന്ദർഭങ്ങളിൽ പോലും വകുപ്പ് 280 പ്രകാരമുള്ള നോട്ടീസ് പുറപ്പെടുവിക്കുന്നതിനുമുമ്പ് അഡീഷണൽ കമ്മീഷണറുടെയോ ജോയിന്റ് കമ്മീഷണറുടെയോ അനുമതി നിർബന്ധമാണ്.
2. പുതിയ നിയമപ്രകാരം നികുതി നിർണ്ണയം പുനർപരിശോധിക്കുന്നതിനായി, 'നികുതി ചുമത്തേണ്ട വരുമാനം വിട്ടുപോയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ' ആയി കണക്കാക്കുന്നത് എന്തൊക്കെയാണ്?
നിയമത്തിലെ വകുപ്പ് 280(6) പ്രകാരം നികുതി നിർണ്ണയത്തിൽ നിന്നും വരുമാനം വിട്ടുപോയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളായി കണക്കാക്കുന്നത് താഴെപ്പറയുന്നവയാണ്:
(i) പ്രസക്തമായ വർഷത്തേക്ക് ബോർഡിന്റെ അപകടസാധ്യത കൈകാര്യ തന്ത്രപ്രകാരം തിരിച്ചറിഞ്ഞ വിവരങ്ങൾ.
(ii) നികുതി നിർണ്ണയം നിയമപ്രകാരമല്ല നടന്നിട്ടുള്ളത് എന്ന് ചൂണ്ടിക്കാണിക്കുന്ന ഓഡിറ്റ് എതിർപ്പുകൾ
(iii) നിയമത്തിലെ വകുപ്പ് 159-ൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും വിദേശ രാജ്യത്തിന്റെയോ നിർദ്ദിഷ്ട പ്രദേശത്തിന്റെയോ സർക്കാരുമായുള്ള ഏതെങ്കിലും കരാറുകൾ പ്രകാരം ലഭിച്ച വിവരങ്ങൾ.
(iv) വിവരശേഖരണത്തിനായി നിയമത്തിലെ വകുപ്പ് 260 പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള ഏതെങ്കിലും പദ്ധതി പ്രകാരം അസസ്സിംഗ് ഓഫീസർക്ക് ലഭ്യമാക്കിയ വിവരങ്ങൾ.
(v) ഒരു ട്രൈബ്യൂണലിന്റെയോ കോടതിയുടെയോ ഉത്തരവിന്റെ ഫലമായി നടപടി സ്വീകരിക്കേണ്ടി വരുന്ന വിവരങ്ങൾ.
(vi) വകുപ്പ് 253 പ്രകാരം നടത്തിയ സർവേകളിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ (ഉപവകുപ്പ് 4 ഒഴികെ).
(vii) വകുപ്പ് 274(6) പ്രകാരം അംഗീകാര പാനലിൽ നിന്നുള്ള നിർദ്ദേശങ്ങൾ.
(viii) ആദായനികുതി നിയമം, 2025 പ്രകാരമുള്ള നടപടികളിലോ മറ്റേതെങ്കിലും നിയമപ്രകാരമുള്ള നടപടികളിലോ ഏതെങ്കിലും അതോറിറ്റി, ട്രൈബ്യൂണൽ അല്ലെങ്കിൽ കോടതി പാസാക്കിയ ഉത്തരവിലോ ഉള്ള കണ്ടെത്തലുകളോ നിർദ്ദേശങ്ങളോ.
3. പുതിയ നിയമത്തിലെ വകുപ്പ് 280 പ്രകാരം നികുതിദായകന് നോട്ടീസ് നൽകാതെ AOയ്ക്ക് എന്തെങ്കിലും നികുതി നിർണ്ണയം, പുനർമൂല്യനിർണ്ണയം അല്ലെങ്കിൽ പുനർകണക്കുകൂട്ടൽ നടത്താൻ കഴിയുമോ?
ഇല്ല, ആദായനികുതി നിയമം, 1961ലെ വകുപ്പ് 148 ന് സമാനമായ പുതിയ നിയമത്തിലെ വകുപ്പ് 280 പ്രകാരമുള്ള നോട്ടീസ് നൽകാതെ AO വകുപ്പ് 279 ന് കീഴിൽ യാതൊരുവിധ നികുതി നിർണ്ണയമോ പുനർമൂല്യനിർണ്ണയമോ പുനർകണക്കുകൂട്ടലോ നടത്താൻ പാടുള്ളതല്ല.
4. പുതിയ നിയമത്തിലെ വകുപ്പ് 280 പ്രകാരം നോട്ടീസ് നൽകുന്നതിന് മുമ്പ്, അസസ്സിംഗ് ഓഫീസർ വകുപ്പ് 281 പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതില്ലാത്ത പ്രത്യേക സാഹചര്യങ്ങൾ ഏതാണ്?
പുതിയ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സാധാരണയായി AO വകുപ്പ് 281 ൽ നിർദേശിച്ചിരിക്കുന്ന നടപടിക്രമം പൂർത്തിയാക്കുകയും വകുപ്പ് 281(3) അനുസരിച്ചുള്ള ഉത്തരവിനോടൊപ്പം വകുപ്പ് 280 പ്രകാരമുള്ള നോട്ടീസ് അയക്കേണ്ടതുമാണ്. എന്നിരുന്നാലും താഴെപ്പറയുന്ന സാഹചര്യങ്ങളിൽ AO വകുപ്പ് 281 ൽ നിർദേശിച്ചിരിക്കുന്ന നടപടിക്രമം ഒഴിവാക്കേണ്ടതാണ്:
(i) പുതിയ നിയമത്തിലെ വകുപ്പ് 260 പ്രകാരം വിജ്ഞാപനം ചെയ്തിരിക്കുന്ന മുഖമില്ലാത്ത വിവരശേഖരണ പദ്ധതിയുടെ കീഴിൽ ലഭിച്ച വിവരങ്ങൾ; അല്ലെങ്കിൽ
(ii) അദ്ധ്യായം XI-യിലെ വ്യവസ്ഥകൾ പ്രകാരം ഒരു ക്രമീകരണത്തെ അനുവദനീയമല്ലാത്ത നികുതി ഒഴിവാക്കൽ ക്രമീകരണം ആയി പ്രഖ്യാപിക്കുന്നതിനുമായി അംഗീകാര പാനൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ, കൂടാതെ ആ പ്രഖ്യാപനം ബാധകമാകുന്ന നികുതി വർഷം(ങ്ങൾ) വ്യക്തമാക്കുന്ന വിധത്തിൽ വകുപ്പ് 274(6) പ്രകാരം നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ; അല്ലെങ്കിൽ
(iii) ഈ നിയമപ്രകാരം അപ്പീൽ, പരിശോധന അല്ലെങ്കിൽ പുനഃപരിശോധന വഴി നടത്തുന്ന ഏതെങ്കിലും നടപടികളിൽ, ഏതെങ്കിലും അധികാരിയോ ട്രിബ്യൂണലോ കോടതിയുടെയോ പുറപ്പെടുവിക്കുന്ന ഉത്തരവിൽ ഉൾപ്പെട്ടിരിക്കുന്ന ഏതെങ്കിലും കണ്ടെത്തലോ നിർദ്ദേശമോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും നിയമപ്രകാരമുള്ള നടപടികളിൽ ഒരു കോടതിയാൽ പുറപ്പെടുവിക്കുന്ന കണ്ടെത്തലോ നിർദ്ദേശമോ.
5. പുതിയ നിയമത്തിലെ പുനർനിർണ്ണയ വ്യവസ്ഥകൾ ഏത് നികുതി വർഷങ്ങൾക്ക് ബാധകമാണ്?
ആദായനികുതി നിയമം, 2025 ലെ പുനർനിർണ്ണയ വ്യവസ്ഥകൾ (വകുപ്പുകൾ 279 മുതൽ 286 വരെ) 2026-27 നികുതി വർഷത്തിനും അതിനുശേഷമുള്ള നികുതി വർഷങ്ങൾക്കും ബാധകമായിരിക്കും. 2026 ഏപ്രിൽ 1 ന് മുമ്പ് ആരംഭിക്കുന്ന ഏതൊരു നികുതി വർഷത്തിലെയും പുനർനിർണ്ണയത്തിന് പഴയ നിയമത്തിലെ വ്യവസ്ഥകൾ മാത്രമേ ബാധകമാകൂ.
6. ആദായ നികുതി നിയമം, 2025 പ്രകാരം പുനർനിർണ്ണയം പൂർത്തിയാക്കാനുള്ള സമയപരിധി എന്നാണ്?
വകുപ്പ് 286(1) [പട്ടിക: ക്രമനമ്പർ 4] പ്രകാരം വകുപ്പ് 280 പ്രകാരമുള്ള നോട്ടീസ് എന്നാണ് നൽകിയിരിക്കുന്നത് ആ സാമ്പത്തിക വർഷം അവസാനിക്കുന്നത് മുതൽ ഒരു വർഷത്തിനുള്ളിൽ വകുപ്പ് 279 പ്രകാരമുള്ള പുനർനിർണ്ണയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കണം. പ്രത്യേക സാഹചര്യങ്ങൾക്കായി (ഉദാഹരണത്തിന്: കൈമാറ്റവിലയിരുത്തൽ റഫറൻസുകൾ, ITAT/കോടതി സ്റ്റേ ഉത്തരവുകൾ തുടങ്ങിയവ) വിവിധ സമയപരിധി നീട്ടലുകളും ഒഴിവാക്കലുകളും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
7. മുൻവർഷത്തെ ഒരു മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് പഴയ നിയമത്തിലെ വകുപ്പ് 147/148 പ്രകാരം ആരംഭിച്ച പുനർനിർണ്ണയ നടപടികൾ 01.04.2026 ൽ തീർപ്പാകാതെ കിടക്കുകയാണെങ്കിൽ അവ പഴയ നിയമപ്രകാരം തന്നെ തുടരുമോ?
അതെ. 2025-ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 536(2)(c) പ്രകാരം, പുതിയ നിയമം നിലവിൽ വരുന്ന തീയതിയിൽ തീർപ്പാകാതെ കിടക്കുന്ന ഏതൊരു നടപടിക്രമത്തിനും റദ്ദാക്കപ്പെട്ട പഴയ നിയമത്തിലെ വ്യവസ്ഥകൾ തുടർന്നും ബാധകമായിരിക്കുമെന്ന് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ആയതിനാൽ, പഴയ നിയമപ്രകാരം ഇതിനകം ആരംഭിച്ച പുനർനിർണ്ണയ നടപടികൾ ആദായനികുതി നിയമം, 1961ലെ വ്യവസ്ഥകൾക്ക് വിധേയമായിത്തന്നെ തുടർന്നും നിയന്ത്രിക്കപ്പെടും. ഉദാഹരണം: അസ്സസ്സിംഗ് ഓഫീസർ 2025 ഡിസംബറിൽ മിസ്റ്റർ X ന് AY 2023-24 ൽ പഴയ നിയമത്തിലെ വകുപ്പ് 148A(1) പ്രകാരം ഒരു നോട്ടീസ് അയക്കുകയും തുടർന്ന് 2026 ഫെബ്രുവരിയിൽ വകുപ്പ് 148 പ്രകാരം നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഈ പുനർനിർണ്ണയ നടപടിയുടെ മൂല്യനിർണ്ണയ ഉത്തരവ് പുറപ്പെടുവിക്കുന്നത് 01.04.2026 ന് ശേഷമാണെങ്കിൽ പോലും ഇത് പഴയ നിയമപ്രകാരം തന്നെയായിരിക്കും പൂർത്തിയാക്കുക.
8. 01.04.2026 ന് ശേഷം ആദായനികുതി വകുപ്പിന് മുൻ മൂല്യനിർണ്ണയ വർഷങ്ങളിലെ (AY 2022-23 അല്ലെങ്കിൽ AY 2024-25 പോലുള്ള) പുനർനിർണ്ണയ നടപടികൾ പഴയ നിയമപ്രകാരം പുതുതായി ആരംഭിക്കാൻ സാധിക്കുമോ?
അതെ, 2026 ഏപ്രിൽ 1ന് ശേഷവും 2026–27 മൂല്യനിർണ്ണയ വർഷം വരെ വരുന്ന മുൻ മൂല്യനിർണ്ണയവർഷങ്ങളുമായി ബന്ധപ്പെട്ട മൂല്യനിർണ്ണയം, പുനർമൂല്യനിർണ്ണയം, തിരുത്തൽ പിഴ, പുനഃപരിശോധന എന്നിവ പോലുള്ള നടപടികൾ പഴയ നിയമപ്രകാരം തന്നെ ആരംഭിക്കാനും പൂർത്തിയാക്കാനും സാധിക്കും. ഉദാഹരണത്തിന്, ആദായനികുതി വകുപ്പ് 2027–28 സാമ്പത്തിക വർഷത്തിൽ ആദായ നികുതി നിയമം, 1961 ൽ നിർദേശിച്ചിരിക്കുന്ന പുനഃപരിശോധനാ നിബന്ധനകൾ പാലിക്കപ്പെടുന്നുണ്ടെങ്കിൽ 2023–24 മൂല്യനിർണ്ണയ വർഷത്തെ ഒരു മൂല്യനിർണ്ണയം പഴയ നിയമപ്രകാരം പുനഃപരിശോധിക്കാൻ കഴിയും.
9. പഴയ നിയമത്തിലെ വകുപ്പ് 148A(1) പ്രകാരമുള്ള നോട്ടീസ് 01.04.2026-ന് മുമ്പ് നൽകിയിട്ടുണ്ടെങ്കിലും വകുപ്പ് 148 പ്രകാരമുള്ള നോട്ടീസ് ഇതുവരെ നൽകിയിട്ടില്ലെങ്കിൽ അത് 01.04.2026 ന് ശേഷം നൽകാൻ കഴിയുമോ?
അതെ. 2025-ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 536(2)(c) പ്രകാരം പുതിയ നിയമം നിലവിൽ വരുന്ന തീയതിയിൽ നിലവിലിരിക്കുന്ന ഏതൊരു നടപടിക്രമത്തിനും റദ്ദാക്കപ്പെട്ട പഴയ നിയമത്തിലെ വ്യവസ്ഥകൾ തുടർന്നും ബാധകമായിരിക്കും. പഴയ നിയമത്തിലെ വകുപ്പ് 148A(1) പ്രകാരമുള്ള നോട്ടീസ് മുഖേനയാണ് നടപടികൾ ആരംഭിച്ചതെന്നതിനാൽ അതിന്റെ തുടർച്ചയായി ഉണ്ടാകുന്ന എല്ലാ നടപടിക്രമങ്ങളും - വകുപ്പ് 148A(3) പ്രകാരമുള്ള ഉത്തരവും വകുപ്പ് 148 പ്രകാരമുള്ള നോട്ടീസും ഉൾപ്പെടെ - 1961 ലെ പഴയ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും കൈകാര്യം ചെയ്യുക. എന്നാൽ, ഇത്തരത്തിലുള്ള തുടർച്ചയായ നടപടികൾ ആദായനികുതി നിയമം, 1961 ലെ വകുപ്പ് 149 പ്രകാരം നിഷ്കർഷിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ആയിരിക്കണം. ഉദാഹരണം: AO ഒരു നികുതിദായകന് AY 2022-23 നികുതി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് 2026 മാർച്ച് 20 ന് വകുപ്പ് 148A(1) പ്രകാരം ഒരു കാരണം കാണിക്കൽ നോട്ടീസ് അയക്കുന്നു. നികുതിദായകന്റെ മറുപടി പരിഗണിച്ചശേഷം AO 2026 ഏപ്രിൽ 15 ന് വകുപ്പ് 148A(3) പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും തുടർന്ന് 2026 ഏപ്രിൽ 30ന് പഴയ നിയമത്തിലെ വകുപ്പ് 148 പ്രകാരമുള്ള നോട്ടീസ് അയക്കുകയും ചെയ്യുന്നു. പുതിയ നിയമം 2026 ഏപ്രിൽ 1 ന് നിലവിൽ വന്നിട്ടുണ്ടെങ്കിൽ പോലും ഈ നടപടികളെല്ലാം പൂർണ്ണമായും സാധുതയുള്ളവയാണ്.
10. 01.04.2026 ന് പുതിയ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം AY 2026–27 അല്ലെങ്കിൽ അതിന് മുമ്പുള്ള ഏതെങ്കിലും മൂല്യനിർണ്ണയ വർഷത്തിന് പുനർനിർണ്ണയ നോട്ടീസ് നൽകാൻ ആരുടെ അംഗീകാരം ആവശ്യമാണ്?
2026-27 അല്ലെങ്കിൽ അതിന് മുൻപുള്ള ഏതൊരു മൂല്യനിർണ്ണയ വർഷത്തിലെയും നികുതി നിർണ്ണയ നടപടികൾ പഴയ നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്നതിനാൽ പഴയ നിയമത്തിലെ വകുപ്പ് 151ൽ നിർദ്ദേശിച്ചിട്ടുള്ള അനുമതി ശ്രേണി തന്നെയായിരിക്കും ബാധകമാകുക; ആയതിനാൽ ആദായനികുതി നിയമം, 1961 ലെ വകുപ്പ് 148, 148A എന്നിവയുടെ ആവശ്യങ്ങൾക്കായി അഡീഷണൽ കമ്മീഷണർ, അഡീഷണൽ ഡയറക്ടർ, ജോയിന്റ് കമ്മീഷണർ അല്ലെങ്കിൽ ജോയിന്റ് ഡയറക്ടർ എന്നിവരാണ് നിർദ്ദിഷ്ട അധികാരികൾ.
11. 2026 ഫെബ്രുവരിയിൽ AY 2022–23 സംബന്ധിച്ച് പഴയ നിയമത്തിലെ വകുപ്പ് 148 പ്രകാരമുള്ള ഒരു പുനർനിർണ്ണയ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും അതിന് പ്രതികരണമായി നികുതിദായകൻ ഇതുവരെ റിട്ടേൺ സമർപ്പിച്ചിട്ടില്ലെങ്കിൽ 01.04.2026 ന് ശേഷം റിട്ടേൺ സമർപ്പിക്കാനാകുമോ?
അതെ. (വകുപ്പ് 536(2)(c) പ്രകാരം) പുനർനിർണ്ണയ നടപടികൾ പൂർണ്ണമായും പഴയ നിയമത്തിന്റെ പരിധിയിൽ വരുന്നതായതുകൊണ്ട് നികുതിദായകൻ പഴയ നിയമത്തിലെ വകുപ്പ് 148 പ്രകാരമുള്ള നോട്ടീസിനുള്ള പ്രതികരണമായി അതിൽ നിർദ്ദേശിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കേണ്ടതാണ്. ഈ സമയപരിധി വകുപ്പ് 148 പ്രകാരമുള്ള നോട്ടീസ് പുറപ്പെടുവിച്ച മാസം അവസാനിക്കുന്നത് മുതൽ മൂന്ന് മാസത്തിൽ കൂടാൻ പാടില്ലാത്തതുമാണ്. ITR സമർപ്പിക്കേണ്ട ഫോം ആദായനികുതി നിയമം, 1961 ന് അനുസൃതമായിട്ടുള്ളതായിരിക്കും.
12. അസ്സസ്സിംഗ് ഓഫീസർക്ക് ഒരു നികുതിദായകനുവേണ്ടി AY 2024-25 വർഷത്തെ പുനർനിർണ്ണയ നടപടികളും (പഴയ നിയമപ്രകാരം) 2026-27 നികുതി വർഷത്തെ നികുതി നിർണ്ണയ നടപടികളും (പുതിയ നിയമപ്രകാരം) ഒരേസമയം നടത്താൻ സാധിക്കുമോ?
അതെ. ഇവ രണ്ടു വ്യത്യസ്ത വരുമാന കാലയളവുകളിലേക്ക് രണ്ടു വ്യത്യസ്ത നിയമങ്ങൾക്കു കീഴിൽ നടക്കുന്ന സ്വതന്ത്രമായ നടപടിക്രമങ്ങളാണ്. ആവശ്യമുള്ള പക്ഷം വകുപ്പിന് സമാന്തരമായി ഈ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. AY 2024-25 ലെ പുനർനിർണ്ണയ നടപടികളെ പഴയ നിയമവും 2026-27 നികുതി വർഷത്തെ നികുതി നിർണ്ണയ നടപടികളെ പുതിയ നിയമവുമായിരിക്കും നിയന്ത്രിക്കുക.
13. 2026 ഏപ്രിൽ 1 ന് മുമ്പ് ആരംഭിക്കുന്ന ഏതൊരു നികുതി വർഷവുമായും ബന്ധപ്പെട്ട പിഴ ചുമത്തൽ നടപടികളെ ഏത് നിയമമായിരിക്കും നിയന്ത്രിക്കുക?
വകുപ്പ് 536(2)(d) വ്യക്തമായി പ്രസ്താവിക്കുന്നത്, 2026 ഏപ്രിൽ 1 ന് മുമ്പ് ആരംഭിക്കുന്ന ഏതൊരു നികുതി വർഷത്തെയും പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട ഏതൊരു നടപടിയും പഴയ നിയമപ്രകാരം തന്നെ ആരംഭിക്കാനും പിഴ ചുമത്താനും സാധിക്കുമെന്നാണ്; പുതിയ നിയമം നിലവിൽ വന്നിട്ടില്ലാത്തതുപോലെ ഇതിനെ കണക്കാക്കാം. ആയതിനാൽ, മുൻവർഷങ്ങളിലെ പുനർനിർണ്ണയത്തിൽ നിന്ന് ഉണ്ടാകുന്ന പിഴകൾ ആദായനികുതി നിയമം, 1961ൽ വ്യവസ്ഥ ചെയ്തിട്ടുള്ള പിഴകളുടെ ചട്ടക്കൂട് അനുസരിച്ചായിരിക്കും നടപ്പിലാക്കുക.