1. ആദായനികുതി നിയമം, 1961 പ്രകാരം കണക്കാക്കിയ നഷ്ടങ്ങൾ ആദായനികുതി നിയമം, 2025 പ്രകാരം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമോ?
അതെ. ആദായനികുതി നിയമം, 2025 ലെ വകുപ്പ് 536 ൽ ഉൾപ്പെടുത്തിയിട്ടുള്ള റദ്ദാക്കലും സംരക്ഷണവും എന്ന ക്ലോസിൽ ഇക്കാര്യം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. വകുപ്പ് 536(2)-ലെ (m), (n) ക്ലോസുകൾ പ്രകാരം, 2026 ഏപ്രിൽ 1ന് മുമ്പ് ആരംഭിക്കുന്ന നികുതി വർഷങ്ങളിലെ മുന്നോട്ടു കൊണ്ടുവന്ന നഷ്ടങ്ങൾ, റദ്ദാക്കപ്പെട്ട പഴയ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾക്ക് വിധേയമായിത്തന്നെ പുതിയ നിയമപ്രകാരം മുന്നോട്ടു കൊണ്ടുപോകാനും ക്രമീകരിക്കാനും സാധിക്കുമെന്ന് വ്യക്തമായി പ്രസ്താവിക്കുന്നു.
ഉദാഹരണം: AY 2023 -24 ലെ (ആദായനികുതി നിയമം, 1961) അർഹതപ്പെട്ട ബിസിനസ്സ് നഷ്ടം പുതിയ ആദായനികുതി നിയമം, 2025 പ്രകാരം മുന്നോട്ട് കൊണ്ടുപോകാവുന്നതാണ്. എന്നാൽ, ഇങ്ങനെ മാറ്റിവെക്കാവുന്ന ആകെ കാലയളവ് AY 2023 -24 മുതൽ കണക്കാക്കുന്ന യഥാർത്ഥ എട്ട് വർഷത്തെ പരിധിയിൽ കൂടാൻ പാടുള്ളതല്ല.
2. പഴയ നിയമപ്രകാരം "ഭവന ആസ്തിയിൽ നിന്നുള്ള വരുമാനത്തിൽ" നിന്ന് മുന്നോട്ടുകൊണ്ടുവന്ന നഷ്ടങ്ങൾ പുതിയ നിയമപ്രകാരം ക്രമീകരിക്കാൻ സാധ്യമാണോ?
അതെ. 2026 ഏപ്രിൽ 1-ന് മുമ്പുള്ള വർഷങ്ങളിൽ നിന്നുള്ള ഭവന ആസ്തിയിലെ നഷ്ടം പഴയ നിയമത്തിലെ വകുപ്പ് 71B-ൽ പ്രതിപാദിച്ചിരിക്കുന്ന അതേ രീതിയിൽ തന്നെ പുതിയ നിയമപ്രകാരം നികത്താനും മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും.
ഉദാഹരണത്തിന്, ശ്രീമതി Rന് AY 2024 –25 ൽ ഭവന ആസ്തിയിൽ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ ആ നഷ്ടം വരും വർഷങ്ങളിൽ പുതിയ നിയമപ്രകാരമുള്ള ഭവന ആസ്തി വരുമാനത്തിൽ നിന്ന് വകകൊള്ളിക്കാൻ സാധിക്കുന്നതാണ്.
3. പഴയ നിയമപ്രകാരം മുൻവർഷങ്ങളിലെ മുൻപോട്ട് കൊണ്ടുവന്ന ബിസിനസ് നഷ്ടങ്ങൾ നികത്തുന്നത് സംബന്ധിച്ച് പുതിയ ആദായനികുതി നിയമത്തിൽ എന്തെങ്കിലും വ്യവസ്ഥകളുണ്ടോ?
അതെ. 2026 ഏപ്രിൽ 1-ന് മുമ്പുള്ള വർഷങ്ങളിൽ നിന്നുള്ള ബിസിനസ്സ് നഷ്ടങ്ങൾ പഴയ നിയമത്തിലെ വകുപ്പ് 72-ൽ വ്യവസ്ഥ ചെയ്തിരിക്കുന്ന അതേ രീതിയിൽ തന്നെ ബിസിനസ്സ് വരുമാനത്തിൽ നിന്ന് മാത്രമായി നികത്താനും, പുതിയ നിയമപ്രകാരം മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുന്നതാണ്.
ഉദാഹരണത്തിന്, നിശ്ചിത നിബന്ധനകൾ പാലിക്കുന്നതിന് വിധേയമായി, ഒരു നികുതിദായകന് AY 2023 –24 ൽ ഉണ്ടായ ബിസിനസ്സ് നഷ്ടം പുതിയ നിയമപ്രകാരം അദ്ദേഹത്തിന്റെ 2026 –27 നികുതി വർഷത്തിലെ ബിസിനസ്സ് വരുമാനത്തിൽ നിന്ന് വകകൊള്ളിക്കാൻ സാധിക്കും.
4. മുൻ വർഷങ്ങളിലെ മുന്നോട്ടുകൊണ്ടുവന്ന മൂലധന നഷ്ടങ്ങൾ (ദീർഘകാലത്തേതും ഹ്രസ്വകാലത്തേതും) പുതിയ നിയമപ്രകാരം എങ്ങനെ പരിഗണിക്കും?
അവ പുതിയ നിയമപ്രകാരം കണക്കാക്കുന്ന മൂലധന നേട്ടത്തിൽ നിന്ന് നികത്താനും മുന്നോട്ടുകൊണ്ടുപോകാനും സാധിക്കും; എന്നാൽ പഴയ നിയമം അനുവദിച്ചിരുന്ന അതേ രീതിയിൽ മാത്രം.
ഉദാഹരണത്തിന്, ഒരു നികുതിദായകന് AY 2024 –25 ൽ ഉണ്ടായ ദീർഘകാല മൂലധന നഷ്ടം പഴയ നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകൾ പാലിച്ച് വരും വർഷങ്ങളിലെ അദ്ദേഹത്തിന്റെ ദീർഘകാല മൂലധന നേട്ടത്തിൽ നിന്ന് നികത്താവുന്നതാണ്.
5.ആദായനികുതി നിയമം, 1961-ലെ വകുപ്പ് 72A പ്രകാരം സാമ്പത്തിക വർഷം 2024-25 ൽ ഒരു കമ്പനി ലയനം നടക്കുകയും അതിൽ നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകൾ സാമ്പത്തിക വർഷം 2026-27 ൽ ലംഘിക്കപ്പെടുകയും ചെയ്താൽ ഈ ലംഘനത്തിന്റെ നികുതി ബാധ്യത ഏത് നിയമപ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നത്?
ആദായനികുതി നിയമം, 1961ലെ വകുപ്പ് 72A പ്രകാരം നിർദ്ദേശിച്ചിട്ടുള്ള നിയമപരമായ നിബന്ധനകൾ — ബിസിനസ്സ് തുടരുകയോ അല്ലെങ്കിൽ നിശ്ചിത അളവിൽ ആസ്തികൾ നിലനിർത്തുകയോ ചെയ്യുന്നത് പോലുള്ളവ — 2026 ഏപ്രിൽ 1 നോ അതിനുശേഷമോ ആരംഭിക്കുന്ന ഒരു നികുതി വർഷത്തിൽ (ഉദാഹരണത്തിന് സാമ്പത്തിക വർഷം 2026-27 ൽ) ലംഘിക്കപ്പെടുകയാണെങ്കിൽ ആ ലംഘനത്തിന്റെ അനന്തരഫലങ്ങൾ നിശ്ചയിക്കുന്നത് ആദായനികുതി നിയമം, 2025-ലെ വകുപ്പ് 536(2)(o) പ്രകാരമാണ്. പഴയ നിയമത്തിലെ വകുപ്പ് 72A പ്രകാരം 2026 ഏപ്രിൽ 1ന് മുമ്പ് നഷ്ടം നികുത്തുകയോ മൂല്യത്തകർച്ചയ്ക്കുള്ള ആനുകൂല്യം കൈപ്പറ്റുകയോ ചെയ്യുകയും അതിനുശേഷം നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കാതിരിക്കുകയും ചെയ്താൽ അങ്ങനെ നികത്തിയ തുക നിബന്ധനകൾ ലംഘിക്കപ്പെട്ട നികുതി വർഷത്തിൽ ലയിപ്പിച്ച കമ്പനിയുടെ (അല്ലെങ്കിൽ അനന്തരാവകാശി) വരുമാനമായി കണക്കാക്കുമെന്ന് ഈ ക്ലോസ് വ്യക്തമായി വ്യവസ്ഥ ചെയ്യുന്നു. അതനുസരിച്ച് 2026-27 നികുതി വർഷത്തിൽ ഇത്തരത്തിൽ വരുമാനമായി കണക്കാക്കപ്പെടുന്ന തുക ആദായനികുതി നിയമം, 2025 പ്രകാരം നികുതി ചുമത്തപ്പെടും.
6. ആദായനികുതി നിയമം, 1961 പ്രകാരം കണക്കാക്കിയ നഷ്ടങ്ങൾ ആദായനികുതി നിയമം, 2025 പ്രകാരവും അവയുടെ യഥാർത്ഥ സ്വഭാവത്തിൽ തന്നെ നിലനിർത്തപ്പെടുമോ? അതോ പുതിയ നിയമം അവയെ വ്യത്യസ്ത വരുമാന തലങ്ങളിലേക്ക് പുനഃക്രമീകരിക്കുമോ?
ആദായനികുതി നിയമം, 1961 പ്രകാരം നിർണ്ണയിക്കപ്പെട്ടിട്ടുള്ള നഷ്ടങ്ങളെ മറ്റ് വരുമാന ഇനങ്ങളിലേക്ക് ആദായനികുതി നിയമം, 2025 ൽ പുനഃക്രമീകരിക്കുന്നില്ല. വകുപ്പ് 536 (റദ്ദാക്കലും സംരക്ഷണവും സംബന്ധിച്ച വ്യവസ്ഥ) ഇങ്ങനെയുള്ള നഷ്ടങ്ങളുടെ യഥാർത്ഥ സ്വഭാവത്തെ വ്യക്തമായി നിലനിർത്തുന്നുണ്ട്. വകുപ്പ് 536(2)(m), (n) എന്നിവ പ്രകാരം ഈ നഷ്ടങ്ങൾ അവയുടെ യഥാർത്ഥ സ്വഭാവം തന്നെ — ബിസിനസ്സ്, ഊഹക്കച്ചവടം, മൂലധനം മുതലായവ — നിലനിർത്തുകയും റദ്ദാക്കപ്പെട്ട നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾക്ക് അനുസൃതമായി മുന്നോട്ട് കൊണ്ടുപോകുകയും നികത്തുകയും ചെയ്യുന്നു. അതിനാൽ, പഴയ നഷ്ടങ്ങൾ പരിവർത്തനം ചെയ്യുകയോ പുനർരൂപകൽപ്പന ചെയ്യുകയോ ചെയ്യുന്നില്ല; 2025 നിയമത്തിലെ സമാന ഇനത്തിൽ അവയുടെ മുന്നോട്ട് കൊണ്ടുപോകുക, നികത്തുക എന്നിവ മാത്രമേ തുടരുകയുള്ളൂ.
7.AY 2024 -25 ലെ നഷ്ടം കാണിച്ചുള്ള ആദായനികുതി റിട്ടേൺ ആദായനികുതി നിയമം, 1961 പ്രകാരം വൈകിയാണ് സമർപ്പിച്ചതെങ്കിൽ അത് ആദായനികുതി നിയമം, 2025 പ്രകാരം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമോ?
ഇല്ല. AY 2024 –25 ലെ നഷ്ടം കാണിച്ചുള്ള റിട്ടേൺ വൈകിയാണ് സമർപ്പിച്ചതെങ്കിൽ അത് ആദായനികുതി നിയമം, 1961 ലെ വകുപ്പ് 80നോടൊപ്പം കൂട്ടി വായിക്കേണ്ട വകുപ്പ് 139(3) ലെ നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ ആ നഷ്ടം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല. ഈ നികുതി വർഷം 2026 ഏപ്രിൽ 1 ന് മുമ്പ് വരുന്നതിനാൽ ഇത് മുന്നോട്ട് കൊണ്ടുപോകാനുള്ള അർഹത പൂർണ്ണമായും പഴയ നിയമത്തിന് മാത്രം വിധേയമായിരിക്കും. ആദായനികുതി നിയമം, 2025 ലെ വകുപ്പ് 536 ൽ പറയുന്ന റദ്ദാക്കലും സംരക്ഷണവും എന്ന വ്യവസ്ഥ, നിയമപരമായി സാധുതയുള്ള രീതിയിൽ കണക്കാക്കിയ നഷ്ടങ്ങളെ മാത്രമേ നിലനിർത്തുകയുള്ളൂ; അല്ലാതെ റിട്ടേണിലെ പിഴവുകൾ പരിഹരിക്കുകയോ അർഹതയില്ലാതെ അവകാശപ്പെട്ടവ പുനരുജ്ജീവിപ്പിക്കുകയോ ചെയ്യുന്നില്ല. അതിനാൽ, 1961ലെ നിയമപ്രകാരം മുന്നോട്ട് കൊണ്ടുപോകാൻ അർഹതയില്ലാത്ത നഷ്ടങ്ങൾ, 2025-ലെ നിയമപ്രകാരവും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നതല്ല.
8. വെളിപ്പെടുത്താത്ത വരുമാനത്തിലെ നഷ്ടം നികത്താനുള്ള നിയന്ത്രണങ്ങളിൽ ആദായനികുതി നിയമം, 2025 പ്രകാരം എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?
ഇല്ല. തത്ത്വപരമായി ഈ നിയന്ത്രണം മാറ്റമില്ലാതെ തുടരുന്നു. ആദായനികുതി നിയമം, 1961 ലെ വകുപ്പ് 79A പോലെതന്നെ, ആദായനികുതി നിയമം, 2025-ലെ വകുപ്പ് 120 ഉം റെയ്ഡ്, പിടിച്ചെടുക്കൽ അല്ലെങ്കിൽ സർവേ നടപടികളുടെ ഫലമായി നികുതിദായകന്റെ ആകെ വരുമാനത്തിൽ ഉൾപ്പെടുന്ന വെളിപ്പെടുത്താത്ത വരുമാനത്തിൽ നിന്ന് മുന്നോട്ടുകൊണ്ടുവന്ന നഷ്ടങ്ങളോ അവശേഷിച്ച മൂല്യത്തകർച്ചയോ വകകൊള്ളിക്കുന്നത് വിലക്കുന്നു.
9. പഴയ നിയമത്തിലെ വകുപ്പ് 80C പ്രകാരം നിർദ്ദിഷ്ട സമ്പാദ്യ നിക്ഷേപങ്ങൾക്ക് ലഭിച്ചിരുന്ന അടിസ്ഥാന നികുതി കിഴിവ് ആദായനികുതി നിയമം, 2025 പ്രകാരം മാറിയിട്ടുണ്ടോ?
ഇല്ല. ആദായനികുതി നിയമം, 1961ലെ വകുപ്പ് 80CCEയോടൊപ്പം കൂട്ടിവായിക്കേണ്ട സമാന ഘടനയുള്ള വകുപ്പ് 80C വ്യക്തികൾക്കും HUF നും നിർദ്ദിഷ്ട സമ്പാദ്യ നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന ആകെ കിഴിവ് പരിധി 1.5 ലക്ഷം രൂപയായിത്തന്നെ ആദായനികുതി നിയമം, 2025 ലെ വകുപ്പ് 123 നിലനിർത്തിയിട്ടുണ്ട്. ഇളവിന് അർഹതയുള്ള നിക്ഷേപ മാർഗ്ഗങ്ങൾ ഇപ്പോൾ ഷെഡ്യൂൾ XVൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്, എങ്കിലും ലൈഫ് ഇൻഷുറൻസ്, പ്രൊവിഡന്റ് ഫണ്ട്, ട്യൂഷൻ ഫീസ് തുടങ്ങിയ അർഹമായ പണമടവുകളുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
10. 2025 ലെ നിയമത്തിലെ വകുപ്പ് 123 പ്രകാരം, പുതിയ നികുതി വ്യവസ്ഥ പ്രകാരം നികുതിദായകന് കിഴിവ് അവകാശപ്പെടാൻ കഴിയുമോ?
ഇല്ല, വകുപ്പ് 202 പ്രകാരമുള്ള പുതിയ ഇളവ് നികുതി വ്യവസ്ഥ പ്രകാരം നികുതിദായകന് ഈ നിയമത്തിലെ വകുപ്പ് 123 പ്രകാരമുള്ള കിഴിവ് അനുവദിക്കുന്നതല്ല.
11.വരുമാനം മറ്റെല്ലാ വിധത്തിലും ഇളവുകൾക്ക് അർഹതയുള്ളതാണെങ്കിൽ പോലും, ആദായനികുതി നിയമം, 2025 ലെ അദ്ധ്യായം VIII, ഭാഗം C പ്രകാരമുള്ള നികുതി ഇളവുകൾ നേടിയെടുക്കുന്നതിന് നിശ്ചിത സമയത്തിനകം തന്നെ റിട്ടേൺ സമർപ്പിക്കേണ്ടത് നിർബന്ധമാണോ?
അതെ. ആദായനികുതി നിയമം, 2025-ലെ വകുപ്പ് 122(5) പ്രകാരം, നിർദ്ദേശിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുക എന്നത് അദ്ധ്യായം VIII, ഭാഗം C പ്രകാരമുള്ള ഇളവുകൾ നേടുന്നതിനുള്ള ഒരു നിയമപരമായ മുൻവ്യവസ്ഥയാണ്. ഇളവുകൾ ലഭിക്കുന്നതിന് റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി പാലിക്കുന്നത് അനിവാര്യമാണെന്ന പഴയ നിയമത്തിലെ വകുപ്പ് 80AC ലൂടെ വ്യക്തമാക്കപ്പെട്ടിരുന്ന അതേ നിയമനിർമ്മാണ നയം തന്നെയാണ് ഇവിടെയും തുടർന്നുപോകുന്നത്.
12. ആദായനികുതി നിയമം, 1961 ലെ വകുപ്പ് 80 -IA പ്രകാരമുള്ള ലാഭവുമായി ബന്ധപ്പെട്ട കിഴിവ് നിശ്ചിത വർഷത്തേക്ക് അനുവദിച്ചിട്ടുണ്ടെങ്കിൽ, 2026 ഏപ്രിൽ 1 ന് ശേഷവും നികുതിദായകന് അത് തുടർന്നും നേടിയെടുക്കാൻ കഴിയുമോ?
അതെ, പക്ഷേ ശേഷിക്കുന്ന കാലയളവിലേക്കും 1961 ലെ യഥാർത്ഥ ആദായനികുതി നിയമത്തിൽ നൽകിയിരിക്കുന്ന രീതിയിലും മാത്രമേ ഇത് സാധ്യമാകൂ. 2025 ലെ ആദായനികുതി നിയമത്തിൽ നിർദ്ദിഷ്ട പരിവർത്തന വ്യവസ്ഥകൾ (ഉദാഹരണത്തിന്, വകുപ്പ് 138, 139, 141, 142, മുതലായവ) ഉൾപ്പെടുത്തിയിട്ടുണ്ട്, ആദായനികുതി നിയമം, 1961 റദ്ദാക്കിയില്ലായിരുന്നെങ്കിൽ, നികുതിദായകന് ഇളവ് ലഭിക്കാൻ അർഹമായ ബിസിനസ്സുകൾക്ക് ഈ നിയമവും കിഴിവുകൾ തുടരാൻ അനുവദിക്കുന്നു. ഈ നികുതി ഇളവ് പുതിയ നിയമപ്രകാരം പുതുതായി അനുവദിച്ചതല്ല, മറിച്ച് പഴയ നിയമത്തിന്റെ തുടർച്ചയായി അനുവദിക്കുന്നതാണ്.
ഈ തുടർച്ച പൂർണ്ണമായും സമയബന്ധിതമാണ്. ആദായനികുതി നിയമം, 1961 പ്രകാരം ഈ കിഴിവ് തുടർച്ചയായ പത്ത് വർഷത്തേക്കാണ് ലഭ്യമായിരുന്നതെങ്കിൽ, 2026 ഏപ്രിൽ 1 ന് ശേഷമുള്ള ബാക്കി വർഷങ്ങളിലേക്ക് മാത്രമേ നികുതിദായകന് ഇത് അവകാശപ്പെടാൻ സാധിക്കൂ എന്നാൽ ഈ നിയമപരമായ സമയപരിധിക്കപ്പുറം ആനുകൂല്യം നീട്ടാൻ കഴിയില്ല.
13.ആദായനികുതി നിയമം, 1961 പ്രകാരം നേടിയെടുത്ത കിഴിവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ 2026 ഏപ്രിൽ 1 ന് ശേഷം ലംഘിക്കപ്പെട്ടാൽ നികുതിപരമായ പ്രത്യാഘാതങ്ങൾ ഏത് നിയമപ്രകാരമാണ് ഉണ്ടാകുക?
ഈ വിഷയം ആദായനികുതി നിയമം, 2025 ലെ വകുപ്പ് 536(2)(h) (റദ്ദാക്കലും സംരക്ഷണവും) പ്രകാരമാണ് പ്രത്യേകമായി നിയന്ത്രിക്കപ്പെടുന്നത്. റദ്ദാക്കിയ നിയമപ്രകാരം ഇത്തരം നിബന്ധനകൾ ലംഘിക്കപ്പെടുമ്പോൾ ഏത് തുകയാണോ ആകെ വരുമാനത്തിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത് അതേ തുക ലംഘനം നടക്കുന്ന നികുതി വർഷത്തിലെ നികുതിദായകന്റെ വരുമാനമായി കണക്കാക്കുമെന്നും റദ്ദാക്കിയ നിയമപ്രകാരം അത് ഏത് വരുമാന ഇനത്തിലാണോ ഉൾപ്പെടുത്തേണ്ടിയിരുന്നത് അതേ ഇനത്തിൽ തന്നെ ഉൾപ്പെടുത്തുമെന്നും ഈ ക്ലോസ് വ്യവസ്ഥ ചെയ്യുന്നു.
14.1961 ലെ ആദായനികുതി നിയമത്തിലെ അദ്ധ്യായം VI-A പ്രകാരമുള്ള കിഴിവുകളുമായി ബന്ധപ്പെട്ട അപ്പീലുകളോ മൂല്യനിർണ്ണയങ്ങളോ പുനർമൂല്യനിർണ്ണയങ്ങളോ മറ്റ് നടപടികളോ പഴയ നിയമപ്രകാരം തുടരുമോ?
അതെ. ആദായനികുതി നിയമം, 2025 നിലവിൽ വരുന്ന തീയതിയിൽ നിലവിലുള്ളതോ അല്ലെങ്കിൽ 2026 ഏപ്രിൽ 1 ന് മുമ്പ് ആരംഭിക്കുന്ന നികുതി വർഷങ്ങളുമായി ബന്ധപ്പെട്ട് അതിനുശേഷമോ ആരംഭിക്കുന്ന നടപടികൾ തുടർന്നും റദ്ദാക്കപ്പെട്ട നിയമത്തിന്റെ പരിധിയിൽ തന്നെയായിരിക്കുമെന്ന് ആദായനികുതി നിയമം, 2025ലെ വകുപ്പ് 536(2)(c) വ്യക്തമായി പ്രസ്താവിക്കുന്നു. മൂല്യനിർണ്ണയങ്ങൾ, പുനർമൂല്യനിർണ്ണയങ്ങൾ, പിഴവ് തിരുത്തൽ, പുനഃപരിശോധന, പിഴ ചുമത്തൽ നടപടികൾ, അപ്പീൽ നടപടികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. അതനുസരിച്ച്, സെക്ഷൻ 80P അല്ലെങ്കിൽ 80-IA പ്രകാരം കിഴിവ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട ഒരു അപ്പീൽ നിലവിലുണ്ടെങ്കിൽ ആ വിഷയം ആദായനികുതി നിയമം, 1961 പ്രകാരമായിരിക്കും തീർപ്പാക്കുക. അതുപോലെ, അധ്യായം VI-A പ്രകാരം കിഴിവ് തെറ്റായി അനുവദിച്ചിട്ടുണ്ടെങ്കിൽ പഴയ നിയമം റദ്ദാക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദായനികുതി നിയമം, 1961 ന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് തന്നെ പുനർമൂല്യനിർണ്ണയം ആരംഭിക്കാവുന്നതാണ്.
15. 1961 ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 80 -IBA പ്രകാരം ആനുകൂല്യങ്ങൾക്ക് അർഹതയുള്ള ഒരു ഭവന പദ്ധതി 01.04.2026 ന് ശേഷവും തുടർന്നാൽ, കിഴിവ് തുടർന്നും നേടിയെടുക്കാൻ സാധിക്കുമോ?
അതെ, 2025 നിയമത്തിലെ വകുപ്പ് 142 പ്രകാരം, 1961 നിയമത്തിലെ വകുപ്പ് 80 -IBA പ്രകാരം അനുവദനീയമായിരുന്ന നികുതി വർഷങ്ങളിലേക്ക് കിഴിവ് അനുവദിക്കുന്നു (അത് റദ്ദാക്കപ്പെട്ടിട്ടില്ല എന്ന രീതിയിൽ). അതനുസരിച്ച് ഒരു ഭവന പദ്ധതിക്ക് ആദായനികുതി നിയമം, 1961-ലെ വകുപ്പ് 80-IBA പ്രകാരം കൃത്യമായ യോഗ്യതയുണ്ടായിരുന്നുവെങ്കിൽ, യഥാർത്ഥ വ്യവസ്ഥയിലെ എല്ലാ നിബന്ധനകളും പാലിക്കുന്ന പക്ഷം ബാക്കിയുള്ള കാലയളവിലേക്ക് കൂടി ഈ നികുതി ഇളവ് തുടരാവുന്നതാണ്. ഇതിന്റെ കണക്കുകൂട്ടലുകളും യോഗ്യതയും റദ്ദാക്കപ്പെട്ട നിയമത്തിന്റെ ചട്ടക്കൂടിന് കീഴിൽ തന്നെയായിരിക്കും, എന്നാൽ ഈ ഇളവ് അനുവദിക്കുന്നത് ആദായനികുതി നിയമം, 2025ലെ വകുപ്പ് 142 പ്രകാരമായിരിക്കും.
16. ആദായനികുതി നിയമം, 1961 പ്രകാരം ഏതെങ്കിലും ഒരു ഓപ്ഷനോ സാക്ഷ്യപ്പെടുത്തലോ വിനിയോഗിച്ചിട്ടുണ്ടെങ്കിൽ അത് റദ്ദാക്കലിനെ അതിജീവിക്കുമോ?
അതെ, 2025 ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 536(2)(f) ന് വിധേയമായി. റദ്ദാക്കപ്പെട്ട ആദായനികുതി നിയമം, 1961 പ്രകാരം നടപ്പിലാക്കിയതും ആദായനികുതി നിയമം, 2025 നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് വരെ പ്രാബല്യത്തിലുണ്ടായിരുന്നതുമായ ഏതൊരു തെരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്തൽ അല്ലെങ്കിൽ ഓപ്ഷൻ എന്നിവ പുതിയ നിയമത്തിലെ അതിന് തുല്യമായ വ്യവസ്ഥ പ്രകാരം നടപ്പിലാക്കിയതായി കണക്കാക്കുമെന്ന് ഈ ക്ലോസ് വ്യവസ്ഥ ചെയ്യുന്നു. അതിനാൽ, പുതിയ നിയമത്തിൽ സമാന്തരമായതോ ഉൾപ്പെടുത്തിയിട്ടുള്ളതോ ആയ വ്യവസ്ഥകൾ അടങ്ങിയിരിക്കുന്നിടത്ത് ഈ തുടർച്ച നിലനിർത്തപ്പെടുന്നു.
എന്നിരുന്നാലും, ആദായ നികുതി നിയമം, 2025-ൽ അതിന് തുല്യമായ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ, സേവിംഗ് ക്ലോസ് സംരക്ഷിക്കുന്ന പരിധിക്ക് അതീതമായി മുൻനിയമപ്രകാരമുള്ള ആ ഓപ്ഷൻ സ്വതന്ത്രമായി നിലനിൽക്കുകയില്ല. പുതിയ നിയമത്തിൽ സമാനമായ നിയമവ്യവസ്ഥകൾ നിലനിൽക്കുന്ന പരിധിവരെ മാത്രമാണ് ഈ നിയമപരമായ അനുമാനം പ്രവർത്തിക്കുന്നത്.
17. 2025 ലെ ആദായനികുതി നിയമപ്രകാരം ബിസിനസ്സ് വരുമാനം കണക്കാക്കുകയാണെങ്കിൽ പഴയ നിയമം റദ്ദാക്കിയത് കിഴിവ് കണക്കാക്കുന്നതിനുള്ള അടിസ്ഥാനത്തെ ബാധിക്കുമോ?
അതെ. 2026 ഏപ്രിൽ 1 നോ അതിനുശേഷമോ ആരംഭിക്കുന്ന നികുതി വർഷങ്ങളിലെ ബിസിനസ്സ് വരുമാനം കണക്കാക്കുന്നത് ആദായനികുതി നിയമം, 2025 പ്രകാരമായിരിക്കും; ഈ കിഴിവ് ആദായനികുതി നിയമം, 1961 പ്രകാരം നിലനിർത്തിപ്പോന്ന ഒന്നാണെങ്കിൽ പോലും കിഴിവ് ലഭിക്കാനുള്ള യോഗ്യത പഴയ നിയമത്തിലെ സംരക്ഷിക്കപ്പെട്ടിട്ടുള്ള വ്യവസ്ഥകളിൽ നിന്നാണ് വരുന്നതെങ്കിലും ഇളവിന് അർഹതയുള്ള ലാഭത്തിന്റെ അളവ് നിർണ്ണയിക്കുന്നത് പുതിയ നിയമത്തിലെ കണക്കുകൂട്ടൽ രീതി അനുസരിച്ചായിരിക്കും. ലളിതമായി പറഞ്ഞാൽ, ഇളവ് നേടാനുള്ള അവകാശം പഴയ നിയമത്തിൽ നിന്നായിരിക്കാം വരുന്നത്, എന്നാൽ അത് കണക്കാക്കേണ്ട ലാഭക്കണക്ക് വരുന്നത് പുതിയ നിയമത്തിൽ നിന്നായിരിക്കും.
ഉദാഹരണം: ആദായനികുതി നിയമം, 1961ലെ വകുപ്പ് 80-IA പ്രകാരം ഇളവിന് അർഹതയുള്ള ഒരു സ്ഥാപനത്തിന് 01.04.2026 ന് ശേഷം രണ്ട് വർഷത്തെ കിഴിവ് കൂടി ബാക്കിയുണ്ടെന്ന് കരുതുക. സാമ്പത്തിക വർഷം 2027-28 ലേക്കുള്ള അതിന്റെ ബിസിനസ്സ് വരുമാനം കണക്കാക്കുന്നത് ആദായനികുതി നിയമം, 2025 പ്രകാരമായിരിക്കും. പുതിയ നിയമപ്രകാരം വീണ്ടും കണക്കാക്കിയ ബിസിനസ്സ് ലാഭം പഴയ നിയമപ്രകാരമുള്ള 8.5 കോടി രൂപയ്ക്ക് പകരം 8 കോടി രൂപയാണെങ്കിൽ, കിഴിവ് ബാധകമാകുന്നത് 8.5 കോടി രൂപയ്ക്കല്ല, മറിച്ച് 8 കോടി രൂപയ്ക്കായിരിക്കും.
18.റദ്ദാക്കുന്നതിന് മുമ്പ് യോഗ്യതാ വ്യവസ്ഥകൾ പാലിച്ചിട്ടില്ലെങ്കിൽ 01.04.2026 ന് ശേഷം കിഴിവ് നേടാൻ കഴിയുമോ - എന്നാൽ 2025 ലെ ആദായനികുതി നിയമത്തിൽ സമാനമായ ഒരു വ്യവസ്ഥ നിലവിലുണ്ട്?
അതെ, എന്നാൽ ആ സ്ഥാപനം പുതിയ സ്ഥിരീകരണത്തിലൂടെ ആദായനികുതി നിയമം, 2025 പ്രകാരമുള്ള യോഗ്യതാ മാനദണ്ഡങ്ങൾ സ്വതന്ത്രമായി പാലിക്കുകയാണെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ. പുതിയ നിയമത്തിൽ അതിന് സമാനമായതോ തുല്യമായതോ ആയ കിഴിവ് വ്യവസ്ഥ ഉണ്ടെങ്കിൽ, നികുതിദായകൻ കിഴിവ് അവകാശപ്പെടുന്നത് ആദായനികുതി നിയമം, 2025-ലെ നിബന്ധനകൾക്ക് വിധേയമായി പരിശോധിക്കപ്പെടും. അങ്ങനെയുള്ള സാഹചര്യത്തിൽ, ഇത് പഴയ അവകാശത്തിന്റെ തുടർച്ചയല്ല; മറിച്ച് പുതിയ നിയമപ്രകാരമുള്ള ഒരു പുതിയ കിഴിവ് അവകാശപ്പെടലാണ്. ആ സ്ഥാപനം പ്രസക്തമായ നികുതി വർഷത്തേക്ക് ആദായനികുതി നിയമം, 2025 പ്രകാരം ആവശ്യമായ എല്ലാ നിബന്ധനകളും പാലിക്കേണ്ടതുണ്ട്.
19. ആദായനികുതി നിയമം, 1961 പ്രകാരം ഒരു കിഴിവ് ഭാഗികമായി നിരസിക്കുകയും റദ്ദാക്കിയതിനുശേഷം അപ്പീൽ തീരുമാനിക്കുകയും ചെയ്താൽ, ഏത് നിയമമാണ് നിയന്ത്രിക്കുന്നത്?
ഈ വിഷയം ആദായനികുതി നിയമം, 1961 പ്രകാരമായിരിക്കും നിയന്ത്രിക്കപ്പെടുന്നത്. ആദായനികുതി നിയമം, 2025ലെ വകുപ്പ് 536(2)(c), (d), (e) എന്നിവ പ്രകാരം, 2026 ഏപ്രിൽ 1ന് മുമ്പ് ആരംഭിക്കുന്ന ഒരു നികുതി വർഷവുമായി ബന്ധപ്പെട്ട ഏതൊരു നടപടിയും — മൂല്യനിർണ്ണയം, പുനർമൂല്യനിർണ്ണയം, പിഴവ് തിരുത്തൽ അല്ലെങ്കിൽ പിഴ ചുമത്തൽ എന്നിവയുൾപ്പെടെ — ആദായനികുതി നിയമം, 1961 റദ്ദാക്കിയിട്ടില്ലാത്തപോലെ തുടരുകയും തീർപ്പാക്കുകയും ചെയ്യേണ്ടതാണ്. അതിനാൽ, അപ്പീൽ അതോറിറ്റി ഇതിനുള്ള അർഹത പൂർണ്ണമായും ആദായനികുതി നിയമം, 1961-ലെ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ നിർണ്ണയിക്കുകയുള്ളൂ. എന്നിരുന്നാലും, ഈ അപ്പീൽ തീരുമാനത്തിന് തുടർന്നുള്ള നികുതി വർഷങ്ങളിൽ എന്തെങ്കിലും പ്രത്യാഘാതങ്ങളുണ്ടെങ്കിൽ (ഉദാഹരണത്തിന്, നഷ്ടങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് അല്ലെങ്കിൽ അവശേഷിച്ച മൂല്യത്തകർച്ചയുടെ അളവിനെയോ ബാധിക്കുന്നത്), 01.04.2026 മുതൽ ആരംഭിക്കുന്ന നികുതി വർഷങ്ങളിലേക്കുള്ള അതിന്റെ ആഘാതം ആദായനികുതി നിയമം, 2025ന്റെ കണക്കുകൂട്ടൽ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടായിരിക്കും പ്രവർത്തിക്കുക.
ഉദാഹരണം: AY 2025-26 ലേക്ക് ഒരു നികുതിദായകൻ വകുപ്പ് 80-IA പ്രകാരം 10 കോടി രൂപയുടെ കിഴിവ് അവകാശപ്പെട്ടുവെന്ന് കരുതുക, എന്നാൽ AO അത് 7 കോടി രൂപയായി കുറച്ചു. പഴയ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം (റദ്ദാക്കിയതിന് ശേഷം) FY 2026-27 ൽ ഈ അപ്പീലിൽ തീരുമാനമുണ്ടാകുകയും അപ്പീൽ അതോറിറ്റി 10 കോടി രൂപയുടെ മുഴുവൻ കിഴിവും അനുവദിക്കുകയും ചെയ്യുന്നു. ഇവിടെ 3 കോടി രൂപയുടെ അധിക കിഴിവ് അനുവദനീയമായിരുന്നോ എന്ന കാര്യം ആദായനികുതി നിയമം, 1961 പ്രകാരമായിരിക്കും തീരുമാനിക്കുക.
ഈ തീരുമാനം, TY 2026-27 മുതൽ ബിസിനസ്സ് നഷ്ടം അല്ലെങ്കിൽ മാറ്റ് ക്രെഡിറ്റ് മുന്നോട്ട് കൊണ്ടുപോകുന്നതിനെ ബാധിക്കുന്നുണ്ടെങ്കിൽ വകുപ്പ് 536 പ്രകാരം ആ മുന്നോട്ട് കൊണ്ടുപോകൽ നിലനിൽക്കും; എന്നാൽ വരും വർഷങ്ങളിൽ അത് ഉപയോഗപ്പെടുത്തുന്നത് ആദായനികുതി നിയമം, 2025-ലെ വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും.
20. 2025 ലെ ആദായനികുതി നിയമത്തിലെ ആകെ മൊത്ത വരുമാനവും (GTI) കിഴിവ് പരിധിയും തമ്മിലുള്ള ബന്ധത്തിൽ മാറ്റം വന്നിട്ടുണ്ടോ?
ഇല്ല, ഒരു മാറ്റവുമില്ല. ആദായനികുതി നിയമം, 1961 ലെ വകുപ്പ് 80A പ്രകാരം അധ്യായം VI -A പ്രകാരമുള്ള കിഴിവുകൾ ആകെ മൊത്ത വരുമാനത്തെക്കാൾ (GTI) കൂടാൻ പാടില്ല. ഇതേ തത്വം തന്നെയാണ് ആദായനികുതി നിയമം, 2025 ലെ വകുപ്പ് 122 പ്രകാരവും തുടർന്നുപോകുന്നത് - ആകെ കിഴിവുകൾ നികുതിദായകന്റെ GTIയേക്കാൾ കൂടാൻ പാടില്ല.
21. 2026 മാർച്ചിൽ ഒരു പരിശോധന ആരംഭിക്കുകയും അതിൽ അദ്ധ്യായം VI -A പ്രകാരമുള്ള കിഴിവ് സൂക്ഷ്മപരിശോധനയിലാവുകയും ചെയ്താൽ, ഏത് നിയമമാണ് ബാധകമാകുന്നത്?
ആദായനികുതി നിയമം, 1961 ബാധകമാകും. 2026 ഏപ്രിൽ 1 ന് മുമ്പാണ് പരിശോധന ആരംഭിച്ചതെങ്കിൽ, മൂല്യനിർണ്ണയ ഉത്തരവ് പുറപ്പെടുവിക്കുന്നത് 01.04.2026 ന് ശേഷമാണെങ്കിൽ പോലും — മൂല്യനിർണ്ണയം, പുനർമൂല്യനിർണ്ണയം, പിഴ ചുമത്തൽ, അപ്പീൽ ഉൾപ്പെടെയുള്ള — മുഴുവൻ നടപടികളും ആദായനികുതി നിയമം, 1961 പ്രകാരം തന്നെ തുടർന്നുപോകുന്നതാണ്. ആദായനികുതി നിയമം, 2025 ലെ വകുപ്പ് 536(2)(v)ലെ സംരക്ഷണ ക്ലോസ് ഈ നിലപാട് വ്യക്തമായി സംരക്ഷിക്കുന്നു. ആദായനികുതി നിയമം, 2025 നിലവിൽ വരുന്നതിനുമുമ്പ് വകുപ്പ് 132 പ്രകാരം ഒരു പരിശോധനയോ (അല്ലെങ്കിൽ വകുപ്പ് 132A പ്രകാരം പിടിച്ചെടുക്കൽ) ആരംഭിച്ചിട്ടുണ്ടെങ്കിൽ, പുതിയ നിയമം നിർമ്മിച്ചിട്ടില്ലാത്തപോലെ റദ്ദാക്കപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ തുടർന്നും ബാധകമായിരിക്കുമെന്ന് ഈ വകുപ്പ് പ്രസ്താവിക്കുന്നു.
22. നിയമം റദ്ദാക്കിയതിനുശേഷം, AY 2024-25 ലെ 80IA ക്ലെയിം ഉൾപ്പെടുന്ന ഒരു കേസിൽ, CIT ആദായനികുതി നിയമം, 1961ലെ വകുപ്പ് 263 പ്രകാരം നടത്തുന്ന പുനഃപരിശോധന ഇപ്പോഴും സാധുതയുള്ളതാണോ?
അതെ, ഇത് സാധുതയുള്ളതാണ്. AY 2024-25 എന്നത് 2026 ഏപ്രിൽ 1ന് മുമ്പ് ആരംഭിക്കുന്ന ഒരു നികുതി വർഷമാണ്. ആദായനികുതി നിയമം, 2025-ലെ വകുപ്പ് 536(2)(c), (e) എന്നിവ പ്രകാരം, 2026 ഏപ്രിൽ 1 ന് മുമ്പുള്ള ഒരു നികുതി വർഷവുമായി ബന്ധപ്പെട്ട — പുനഃപരിശോധന ഉൾപ്പെടെയുള്ള — ഏതൊരു നടപടിയും ആദായനികുതി നിയമം, 1961 റദ്ദാക്കപ്പെട്ടിട്ടില്ലാത്ത രീതിയിൽ തന്നെ തുടരുകയും തീർപ്പാക്കുകയും ചെയ്യേണ്ടതാണ്.
23. ആദായനികുതി നിയമം, 1961 പ്രകാരം ഒരു നികുതിദായകൻ ഒരു പ്രത്യേക കിഴിവ് വ്യവസ്ഥ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ആ ഓപ്ഷൻ സ്വയമേ ആദായനികുതി നിയമം, 2025 ലേക്ക് മാറുമോ?
സംരക്ഷണ ക്ലോസ് ഇതിനെ പ്രത്യേകം സംരക്ഷിക്കുന്നുണ്ടെങ്കിൽ മാത്രമേ ഇത് തുടർന്നുപോകുകയുള്ളൂ. ആദായനികുതി നിയമം, 2025ലെ വകുപ്പ് 536(2)(f) പ്രകാരം റദ്ദാക്കപ്പെട്ട ആദായനികുതി നിയമം, 1961 പ്രകാരം നടപ്പിലാക്കിയതും നിയമം റദ്ദാക്കുന്നതിന് തൊട്ടുമുമ്പ് വരെ പ്രാബല്യത്തിലുണ്ടായിരുന്നതുമായ ഏതൊരു തെരഞ്ഞെടുപ്പ്, സാക്ഷ്യപ്പെടുത്തൽ അല്ലെങ്കിൽ ഓപ്ഷൻ എന്നിവ പുതിയ നിയമത്തിലെ അതിന് തുല്യമായ വ്യവസ്ഥ പ്രകാരം നടപ്പിലാക്കിയതായി കണക്കാക്കും — എന്നാൽ പുതിയ നിയമത്തിൽ അതിന് സമാനമായ ഒരു വ്യവസ്ഥ ഉണ്ടെങ്കിൽ മാത്രമേ ഇത് ബാധകമാകൂ. ഇതിനർത്ഥം, പുതിയ നിയമത്തിൽ അതിന് തുല്യമായി ഉൾപ്പെടുത്തിയിട്ടുള്ള ഒരു വ്യവസ്ഥ ഉണ്ടെങ്കിൽ മാത്രമേ പഴയ ഓപ്ഷൻ നിലനിൽക്കുകയുള്ളൂ എന്നാണ്. ഇത് ശാശ്വതമായതോ സ്വതന്ത്രമായതോ ആയ ഒരു അവകാശം സൃഷ്ടിക്കുന്നില്ല.
24. ആദായനികുതി നിയമം, 1961-ൽ ഉൾപ്പെടുത്തിയിട്ടുള്ള യൂണിറ്റുകൾ തമ്മിലുള്ള കൈമാറ്റങ്ങളിലൂടെയുള്ള ഇളവുകൾക്ക് അർഹതയുള്ള ലാഭത്തിന്റെ പണപ്പെരുപ്പം തടയാനുള്ള വ്യവസ്ഥകൾ ആദായനികുതി നിയമം, 2025 ൽ ഉൾപ്പെടുത്തിയിട്ടുണ്ടോ?
അതെ. യൂണിറ്റുകൾ തമ്മിലുള്ള കൈമാറ്റങ്ങളിലൂടെ അർഹതയുള്ള ഒരു സംരംഭത്തിന്റെ ലാഭം കൃത്രിമമായി വർദ്ധിപ്പിക്കുന്നത് തടയുന്നതിനുള്ള സമാനമായ ദുരുപയോഗ വിരുദ്ധ സുരക്ഷാ വ്യവസ്ഥകൾ ആദായനികുതി നിയമം, 1961 ലും ആദായനികുതി നിയമം, 2025 ലും ഉൾപ്പെടുത്തിയിട്ടുണ്ട്.
25. പഴയ നിയമപ്രകാരം നേടിയെടുത്ത കിഴിവുകളിലെ നിബന്ധനകൾ, പുതിയ നിയമം നിലവിൽ വന്നതിനു ശേഷമുള്ള ഒരു വർഷത്തിൽ ലംഘിക്കപ്പെടുകയാണെങ്കിൽ ആ ഇളവുകൾ എങ്ങനെയായിരിക്കും കൈകാര്യം ചെയ്യപ്പെടുക?
പഴയ ആദായനികുതി നിയമപ്രകാരം മുൻവർഷങ്ങളിൽ അനുവദിച്ച കിഴിവ് നിബന്ധനകൾക്ക് വിധേയമായിരിക്കുകയും പുതിയ നിയമം നിലവിൽ വന്നതിനുശേഷമുള്ള ഒരു വർഷത്തിൽ ആ നിബന്ധനകൾ ലംഘിക്കപ്പെടുകയും ചെയ്താൽ മുമ്പ് അനുവദിച്ച ആനുകൂല്യം റദ്ദാക്കപ്പെടും. അങ്ങനെ മുമ്പ് കിഴിവ് നൽകിയ (അല്ലെങ്കിൽ ആകെ വരുമാനത്തിൽ നിന്ന് ഒഴിവാക്കിയ) തുക നിബന്ധന ലംഘിച്ച വർഷത്തിലെ വരുമാനമായി കണക്കാക്കി പുതിയ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അതിന് നികുതി ചുമത്തുന്നതാണ്.
26. ആദായനികുതി നിയമം, 1961-ലെ വകുപ്പ് 54 പ്രകാരം നികുതി ഒഴിവാക്കൽ നേടുകയും അതിലൂടെ വാങ്ങിയ പുതിയ ആസ്തി 2026 ഏപ്രിൽ 1ന് ശേഷവും എന്നാൽ നിർദ്ദിഷ്ട ലോക്ക്-ഇൻ കാലയളവിനുള്ളിൽ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്താൽ പിൻവലിക്കപ്പെടുന്ന ആ നികുതി ഒഴിവാക്കലിന് ആദായനികുതി നിയമം, 2025 പ്രകാരം എങ്ങനെയായിരിക്കും നികുതി ചുമത്തുക?
ആദായനികുതി നിയമം, 1961-ലെ വകുപ്പ് 54, 54B, 54F തുടങ്ങിയവ പ്രകാരം മുൻപ് നികുതി ഒഴിവാക്കൽ നേടുകയും അതിലൂടെ വാങ്ങിയ പുതിയ ആസ്തി 2026 ഏപ്രിൽ 1ന് ശേഷവും എന്നാൽ നിർദ്ദിഷ്ട ലോക്ക്-ഇൻ കാലയളവിനുള്ളിൽ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്താൽ 2025 നിയമത്തിലെ വകുപ്പ് 536(2)(h) ആണ് ബാധകമാകുക. റദ്ദാക്കപ്പെട്ട നിയമപ്രകാരം അനുവദിച്ച ഒരു കിഴിവിനോ നികുതി ഒഴിവാക്കലിന്റെയോ നിബന്ധനകൾ പുതിയ നിയമം നിലവിൽ വന്നതിന് ശേഷം ലംഘിക്കപ്പെടുകയാണെങ്കിൽ, മുമ്പ് ഒഴിവാക്കലായി നേടിയ തുക നിബന്ധന ലംഘിച്ച വർഷത്തിൽ നികുതിദായകന്റെ വരുമാനമായി കണക്കാക്കുമെന്ന് ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. ഉദാഹരണത്തിന്, 2025 മാർച്ചിൽ വാങ്ങിയ ഒരു വീട് (മൂലധന നേട്ടങ്ങളിൽ നിന്ന് ഇളവ് ക്ലെയിം ചെയ്യുന്നതിനുള്ള പുതിയ ആസ്തി) മൂന്ന് വർഷത്തിനുള്ളിൽ, അതായത് 2027 മെയ് മാസത്തിൽ വിൽക്കുകയാണെങ്കിൽ മുമ്പ് ഒഴിവാക്കപ്പെട്ട മൂലധന നേട്ടത്തിന് ആദായനികുതി നിയമം, 2025 പ്രകാരം 2027-28 നികുതി വർഷത്തിൽ നികുതി ചുമത്തും. എന്നാൽ ഈ ലംഘനത്തിനുള്ള കാരണവും അതിന്റെ അളവും പഴയ നിയമത്തിലെ വകുപ്പ് 54 അനുസരിച്ചായിരിക്കും നിർണ്ണയിക്കുക.
27. 2026 ഏപ്രിൽ 1 ന് മുമ്പ് ആദായനികുതി നിയമം, 1961 പ്രകാരമുള്ള മൂലധന നേട്ട അക്കൗണ്ട് സ്കീമിൽ നിക്ഷേപിച്ച തുകകൾ, നിർദ്ദിഷ്ട കാലാവധിക്കുശേഷവും ഉപയോഗിക്കാതെ കിടക്കുകയാണെങ്കിൽ അതിന്മേൽ എങ്ങനെയായിരിക്കും നികുതി ചുമത്തുക? കൂടാതെ ഇത്തരം നികുതി ചുമത്തൽ പഴയ നിയമപ്രകാരമാണോ അതോ ആദായനികുതി നിയമപ്രകാരമാണോ നിയന്ത്രിക്കപ്പെടുക?
ഒരു നികുതിദായകൻ 2026 ഏപ്രിൽ 1 ന് മുമ്പ് ഉപയോഗപ്പെടുത്താത്ത മൂലധന നേട്ടങ്ങൾ ആദായനികുതി നിയമം, 1961 പ്രകാരമുള്ള മൂലധന നേട്ട അക്കൗണ്ട് സ്കീമിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ആ നിക്ഷേപം പഴയ നിയമത്തിലെ നിബന്ധനകൾക്ക് വിധേയമായിത്തന്നെ തുടരും. നിർദ്ദിഷ്ട കാലാവധിക്കുള്ളിൽ (ഉദാഹരണത്തിന്, വകുപ്പ് 54 പ്രകാരമുള്ള മൂന്ന് വർഷം) ഈ തുക ഉപയോഗിച്ചില്ലെങ്കിൽ വകുപ്പ് 536(2)(h) പ്രകാരം ഉപയോഗിക്കാത്ത ഭാഗത്തിന് ആ കാലാവധി അവസാനിക്കുന്ന വർഷത്തിൽ നികുതി ചുമത്തുന്നതാണ്. ഉദാഹരണത്തിന് കൈമാറ്റം നടന്നത് 2024 ജൂണിലാവുകയും നിക്ഷേപിച്ച തുക 2027 ജൂൺ വരെ ഉപയോഗിക്കാതെ കിടക്കുകയും ചെയ്താൽ ആ തുക പുതിയ നിയമപ്രകാരം 2027-28 നികുതി വർഷത്തിൽ നികുതിക്ക് വിധേയമാകും; എന്നാൽ കണക്കുകൂട്ടലുകൾ പഴയ നികുതി ഒഴിവാക്കൽ ഘടനയെ പിന്തുടർന്നായിരിക്കും നടക്കുക.
28. ആദായനികുതി നിയമം, 1961 റദ്ദാക്കിയതിനുശേഷം വകുപ്പ് 47(xiii), 47(xiiib), 47(xiv) എന്നിവ പ്രകാരമുള്ള വ്യവസ്ഥകളുടെ ലംഘനങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?
1961 നിയമത്തിലെ 47(xiii), 47(xiiib), 47(xiv) എന്നീ വകുപ്പുകൾ യഥാക്രമം ഒരു പങ്കാളിത്ത സ്ഥാപനത്തെ കമ്പനിയാക്കി മാറ്റുമ്പോഴും കമ്പനിയെ LLP ആക്കിമാറ്റുമ്പോഴും പ്രൊപ്രൈറ്ററി സ്ഥാപനത്തെ കമ്പനിയാക്കി മാറ്റുമ്പോഴും തുടർച്ചയും ഓഹരിപങ്കാളിത്തവും സംബന്ധിച്ച നിബന്ധനകൾക്ക് വിധേയമായി മൂലധന നേട്ടത്തിന് നികുതി ഒഴിവാക്കൽ നൽകിയിരുന്നു. ഈ നിബന്ധനകൾ പാലിക്കാതിരുന്നാൽ വകുപ്പ് 47A പ്രകാരം ഈ നികുതി ഒഴിവാക്കൽ പിൻവലിക്കും. ഇത്തരം നിബന്ധനാ ലംഘനങ്ങൾ 2026 ഏപ്രിൽ 1ന് ശേഷമാണ് സംഭവിക്കുന്നതെങ്കിൽ മുമ്പ് ഒഴിവാക്കി നൽകിയ മൂലധന നേട്ടം ലംഘനം നടന്ന വർഷത്തിൽ 2025 ലെ നിയമപ്രകാരം നികുതിക്ക് വിധേയമായി കണക്കാക്കുമെന്ന് 2025 നിയമത്തിലെ വകുപ്പ് 536(2)(q)(B) വ്യവസ്ഥ ചെയ്യുന്നു. അതിനാൽ, പഴയ നിയമം റദ്ദാക്കപ്പെട്ടു എന്നതു കൊണ്ട് മാത്രം ഈ സ്ഥാപനങ്ങൾ മാറ്റത്തിന് ശേഷമുള്ള ലോക്ക്-ഇൻ നിബന്ധനകൾ പാലിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല.
29. ആദായനികുതി നിയമം, 1961 ലെ വകുപ്പ് 35ABA, 35ABB, 35D, 35DD, 35DDA, 35E അല്ലെങ്കിൽ വകുപ്പ് 36(1)(ix)ലെ ആദ്യത്തെ വ്യവസ്ഥ എന്നിവ പ്രകാരം നൽകിയിട്ടുള്ള പല വർഷങ്ങളിലായി അനുവദിക്കുന്ന നികുതി ഇളവുകൾ (പ്രാരംഭ ചെലവുകൾ, ടെലികോം/ലൈസൻസ് ഫീസുകൾ തുടങ്ങിയവ പല വർഷങ്ങളിലായി കുറവുചെയ്യുന്നത്) പഴയ നിയമപ്രകാരം നേടിയതാണെങ്കിൽ പുതിയ നിയമത്തിന് കീഴിലും തുടർന്നും ലഭിക്കുമോ?
അതെ. ആദായനികുതി നിയമം, 2025-ലെ വകുപ്പ് 536(2)(s) പ്രകാരം വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടെങ്കിൽ ഇത്തരം നികുതി ഇളവുകൾ ബാക്കിയുള്ള വർഷങ്ങളിലും പുതിയ നിയമത്തിന് കീഴിൽ തുടർന്നും ലഭിക്കുന്നതാണ്. ഉദാഹരണത്തിന്, M/s. ABC മൂല്യനിർണ്ണയ വർഷം 2025-26 മുതൽ പ്രാരംഭ ചെലവുകൾക്കുള്ള കിഴിവ് അഞ്ച് തുല്യ ഗഡുക്കളായി നേടാൻ തുടങ്ങിയാൽ പുതിയ നിയമപ്രകാരം മൂല്യനിർണ്ണയ വർഷം 2026-27 ലും തുടർന്നുള്ള വർഷങ്ങളിലും ബാക്കിയുള്ള ഗഡുക്കൾ അവർക്ക് തുടർന്നും ലഭിക്കും.
30. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾക്കായി സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം നേടുന്നതിനായി ഒരു ടെലികോം കമ്പനി 01.04.2026 ന് മുമ്പ് ചെലവ് വരുത്തുകയും പഴയ നിയമത്തിലെ 35ABA വകുപ്പ് പ്രകാരം ഒന്നിലധികം വർഷത്തെ കിഴിവ് നേടാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ പുതിയ നിയമം നിലവിൽ വരുന്നതോടെ അതിന് ബാക്കി തുക നഷ്ടപ്പെടുമോ?
ഇല്ല. വ്യവസ്ഥകൾ പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പുതിയ നിയമപ്രകാരം ബാക്കിയുള്ള വർഷങ്ങളിലും കിഴിവ് തുടർന്നും ലഭിക്കും.
ഉദാഹരണത്തിന്, XYZ ടെലികോം ലി. 2024 -25 സാമ്പത്തിക വർഷത്തിൽ ലൈസൻസ് ഫീസ് അടയ്ക്കുകയും പുതിയ നിയമം ആരംഭിക്കുന്നതിനുമുമ്പ് തന്നെ രണ്ട് വർഷത്തെ കിഴിവ് നേടുകയും ചെയ്തിട്ടുണ്ടെങ്കിൽ 2026 -27 നികുതി വർഷം മുതൽ, ശേഷിക്കുന്ന കിഴിവ് പുതിയ നിയമത്തിലെ മാറ്റിവച്ച ചെലവ് അലവൻസിന്റെ ഭാഗമായി മാറുകയും നിർദ്ദേശിച്ച വ്യവസ്ഥകൾ പാലിക്കുന്നതിന് വിധേയമായി കമ്പനിക്ക് അത് ഓരോ വർഷവും തുടർന്നു നേടാവുന്നതുമാണ്.
31.2026 ന് മുമ്പുള്ള മൂല്യനിർണ്ണ വർഷങ്ങളിലെ അവശേഷിച്ച മൂല്യത്തകർച്ച 2025 ലെ നിയമപ്രകാരം പരിധിയില്ലാതെ തുടർന്നും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമോ?
അതെ. സംരക്ഷണ ക്ലോസ് നിലവിലുള്ളതിനാൽ സ്വഭാവവും സമയപരിധിയും (അല്ലെങ്കിൽ അതിന്റെ അഭാവം) യാതൊരു മാറ്റവുമില്ലാതെ തുടരുന്നതാണ്.