1. ഏത് മൂല്യനിർണ്ണയ വർഷം മുതലാണ് ഫോം 10-IEA ബാധകമാകുന്നത്?
21 ജൂൺ 2023 തീയതിയിലെ വിജ്ഞാപന നമ്പർ 43/2023 പ്രകാരം വിജ്ഞാപനം ചെയ്ത ഫോം 10-IEA, 2024-25 മൂല്യനിർണ്ണയ വർഷം മുതൽ അതായത്, A.Y. 2024-25 നും തുടർന്നുള്ള വർഷങ്ങൾക്കും ഇത് ബാധകമായിരിക്കും.
2. ഇ-ഫയലിംഗ് പോർട്ടലിൽ ആർക്കെല്ലാം ഫോം 10-IEA സമർപ്പിക്കാൻ കഴിയും?
ബിസിനസ്സിൽ നിന്നോ തൊഴിലിൽ നിന്നോ വരുമാനമുള്ള വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബം (HUF), വ്യക്തികളുടെ സംഘടന (സഹകരണ സംഘങ്ങൾ ഒഴികെ), വ്യക്തികളുടെ കൂട്ടായ്മ (BOI), വകുപ്പ് 2(31)(vii) ൽ പരാമർശിക്കുന്ന സാങ്കൽപ്പിക നിയമവ്യക്തി (AJP) എന്നിവർക്ക് ഈ ഫോം സമർപ്പിക്കാവുന്നതാണ്.
3. ഞാൻ എന്തിനാണ് ഫോം 10-IEA സമർപ്പിക്കേണ്ടത്?
നിങ്ങൾക്ക് പുതിയ നികുതി വ്യവസ്ഥയിൽ നിന്ന് മാറുന്നതിനോ അതിലേക്ക് വീണ്ടും പ്രവേശിക്കാനോ താല്പര്യമുണ്ടാവുകയും "ബിസിനസ്സിൽ നിന്നോ തൊഴിലിൽ നിന്നോ ഉള്ള ലാഭവും നേട്ടങ്ങളും" എന്ന വിഭാഗത്തിന് കീഴിൽ വരുമാനവുമുണ്ടെങ്കിൽ നിങ്ങൾ ഫോം 10-IEA സമർപ്പിക്കേണ്ടതുണ്ട്.
4. ഏതെല്ലാം മാർഗ്ഗങ്ങളിലൂടെയാണ് ഫോം 10-IEA സമർപ്പിക്കാൻ സാധിക്കുക
ഫോം 10-IEA ഇ-ഫയലിംഗ് പോർട്ടൽ വഴി ഓൺലൈനായി മാത്രമേ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.
5. ഫോം 10-IEA ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ?
നികുതിദായകന് ആധാർ OTP, EVC അല്ലെങ്കിൽ DSC ഉപയോഗിച്ച് ഫോം ഇ-വെരിഫൈ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് "ഇ-വെരിഫൈ ചെയ്യുന്നതെങ്ങനെ" എന്ന ഉപയോക്തൃ മാനുവൽ പരിശോധിക്കാവുന്നതാണ്. (ഉപയോക്തൃ മാനുവലിന്റെ ലിങ്ക് ഇവിടെ നൽകേണ്ടതാണ്.)
6.എനിക്കുവേണ്ടി ഫോം 10-IEA സമർപ്പിക്കുന്നതിനായി ഒരു അംഗീകൃത പ്രതിനിധിയെ ചുമതലപ്പെടുത്താൻ സാധിക്കുമോ?
അതെ, നിങ്ങൾക്കുവേണ്ടി ഫോം 10-IEA സമർപ്പിക്കുന്നതിനായി ഒരു അംഗീകൃത പ്രതിനിധിയെ ചേർക്കാം. കൂടുതൽ വിവരങ്ങൾക്ക് 'പ്രതിനിധിയായി അംഗീകരിക്കുക / രജിസ്റ്റർ ചെയ്യുക എന്ന ഉപയോക്തൃ മാനുവൽ' പരിശോധിക്കാവുന്നതാണ്. (ഉപയോക്തൃ മാനുവലിന്റെ ലിങ്ക് ഇവിടെ നൽകേണ്ടതാണ്).
7. ഫോം 10-IEA സമർപ്പിക്കുന്നതിനുള്ള സമയപരിധി എപ്പോഴാണ്?
ആദായനികുതി നിയമം, 1961 ലെ വകുപ്പ് 139(1) പ്രകാരം ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട നിശ്ചിത അവസാന തീയതിക്കകം ഫോം 10-IEA സമർപ്പിക്കണം. നികുതിദായകൻ ഈ അവസാന തീയതിക്കുശേഷം ഫോം സമർപ്പിച്ചാൽ, അത് അസാധുവായി കണക്കാക്കുന്നതാണ്.
8. ആദായനികുതി റിട്ടേൺ സമർപ്പിച്ചതിനുശേഷം ഫോം 10-IEA സമർപ്പിക്കാനാകുമോ?
ഫോം 10-IEA സമർപ്പിക്കുന്നതിന്റെ ആനുകൂല്യം ലഭിക്കുന്നതിനായി ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുമുമ്പ് ഈ ഫോം സമർപ്പിക്കുന്നതാണ് ഉചിതം. കാരണം, സമർപ്പിച്ച ഫോം 10-IEAയുടെ അക്നോളജ്മെന്റ് നമ്പറും സമർപ്പിച്ച തീയതിയും ആദായനികുതി റിട്ടേണിൽ രേഖപ്പെടുത്തേണ്ടതുണ്ട്.
9. ഫോം 10-IEA സമർപ്പിക്കുമ്പോൾ സ്ഥിരീകരണ ടാബിൽ പദവി സ്വയമേ പൂരിപ്പിക്കപ്പെടുന്നില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്?
"എന്റെ പ്രൊഫൈൽ" വിഭാഗത്തിലെ "പ്രധാന വ്യക്തികളുടെ വിവരങ്ങൾ" നിങ്ങൾ നവീകരിക്കുക. അതിനുശേഷം ഇ-ഫയലിംഗ് പോർട്ടലിൽ വീണ്ടും ലോഗിൻ ചെയ്ത് ഒന്നുകൂടി ശ്രമിച്ചുനോക്കുക.
10. എനിക്ക് ബിസിനസ്സ് വരുമാനം ഒന്നുമില്ല. ഫോം 10-IEA സമർപ്പിക്കുമ്പോൾ, "മൂല്യനിർണ്ണയ വർഷത്തിൽ നിങ്ങൾക്ക് "ബിസിനസ്സിൽ നിന്നോ തൊഴിലിൽ നിന്നോ ഉള്ള ലാഭവും നേട്ടങ്ങളും" എന്ന വിഭാഗത്തിൽ വരുമാനമുണ്ടോ" എന്നതിന് "ഇല്ല" എന്ന് തെരഞ്ഞെടുത്താൽ എനിക്ക് മുന്നോട്ടുപോകാൻ സാധിക്കുന്നില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്?
നിങ്ങൾക്ക് ബിസിനസ്സിൽ നിന്ന് വരുമാനം ഇല്ലെങ്കിലും നിങ്ങൾ ITR 1 അല്ലെങ്കിൽ ITR 2 ആണ് സമർപ്പിക്കേണ്ടതെങ്കിലും ആദായനികുതി നിയമം, 1961 വകുപ്പ് 115BAC(1A) പ്രകാരം പുതിയ നികുതി വ്യവസ്ഥയിൽ നിന്ന് മാറുന്നതിനോ അതിലേക്ക് വീണ്ടും പ്രവേശിക്കുന്നതിനോ വേണ്ടി ഫോം 10-IEA സമർപ്പിക്കേണ്ട ആവശ്യമില്ല. അത്തരം സാഹചര്യങ്ങളിൽ ആദായനികുതി നിയമം, 1961 വകുപ്പ് 139(1) പ്രകാരമുള്ള അവസാന തീയതിക്കകം ബന്ധപ്പെട്ട ITR ഫോം (ITR 1/ ITR 2) സമർപ്പിക്കുമ്പോൾ ഈ ഓപ്ഷൻ തെരഞ്ഞെടുക്കാവുന്നതാണ്.
11. "ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ബാധകമായ അവസാന തീയതി" എന്നതിന് ഞാൻ എന്താണ് തെരഞ്ഞെടുക്കേണ്ടത്?
ആദായനികുതി നിയമം, 1961 വകുപ്പ് 139(1) പ്രകാരം ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനായി നിങ്ങൾക്ക് ബാധകമായ അവസാന തീയതിയാണ് തെരഞ്ഞെടുക്കേണ്ടത്. ഫോം 10-IEA സമർപ്പിക്കുന്നതിന് അനുയോജ്യമായ ഓപ്ഷൻ തെരഞ്ഞെടുക്കുന്നതിനായി സ്ക്രീനിൽ ലഭ്യമായ 'സഹായരേഖ' നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
12. പുതിയ നികുതി വ്യവസ്ഥയിൽ നിന്ന് 'മാറുന്നതിന്' ഞാൻ എല്ലാ വർഷവും ഫോം 10-IEA സമർപ്പിക്കേണ്ടതുണ്ടോ?
നിങ്ങൾ (ബിസിനസ്സ് അല്ലെങ്കിൽ തൊഴിൽ വരുമാനമുള്ള ഒരു വ്യക്തി എന്ന നിലയിൽ) മുൻ മൂല്യനിർണ്ണയ വർഷത്തിൽ പുതിയ നികുതി വ്യവസ്ഥയിൽ നിന്ന് മാറിയിട്ടുണ്ടെങ്കിൽ തുടർന്നും പഴയ നികുതി വ്യവസ്ഥയിൽ തന്നെ ITR മായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾ എല്ലാ വർഷവും ഫോം 10-IEA സമർപ്പിക്കേണ്ടതില്ല. എന്നാൽ, ബിസിനസ്സ് അല്ലെങ്കിൽ തൊഴിൽ വരുമാനം ഇല്ലാത്ത വ്യക്തികൾക്ക് ഓരോ വർഷവും തങ്ങളുടെ ITRൽ നേരിട്ടുതന്നെ നികുതി വ്യവസ്ഥകളിൽ മാറ്റം വരുത്താവുന്നതാണ്.
13. എനിക്ക് ഫോം 10-IEA ബാധകമാണ്, ഇപ്പോൾ എന്റെ ITR ൽ പഴയ നികുതി വ്യവസ്ഥയുടെ ഓപ്ഷൻ പിൻവലിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിനുള്ള നടപടിക്രമം എന്താണ്?
മുൻ മൂല്യനിർണ്ണയ വർഷത്തിൽ നിങ്ങൾ പഴയ നികുതി വ്യവസ്ഥയാണ് തെരഞ്ഞെടുത്തതെന്നും ഇപ്പോൾ നിലവിലെ മൂല്യനിർണ്ണയ വർഷത്തിൽ വീണ്ടും പുതിയ നികുതി വ്യവസ്ഥയിലേക്ക് 'വീണ്ടും പ്രവേശിക്കാൻ' ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ പഴയ നികുതി വ്യവസ്ഥയുടെ ഓപ്ഷൻ പിൻവലിക്കുന്നതിനായി നിങ്ങൾ നിലവിലെ മൂല്യനിർണ്ണയ വർഷത്തിൽ ഫോം 10-IEA സമർപ്പിക്കേണ്ടതുണ്ട്.
14. മുൻ മൂല്യനിർണ്ണയ വർഷത്തിൽ വീണ്ടും പ്രവേശിക്കാനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത് ഫോം 10-IEA സമർപ്പിച്ച് ഞാൻ പഴയ നികുതി വ്യവസ്ഥയിൽ നിന്നും പുറത്തുകടന്നിരുന്നു. എനിക്ക് വീണ്ടും ഫോം 10-IEA വഴി പഴയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കാൻ സാധിക്കുമോ?
ഒരിക്കൽ പഴയ നികുതി സമ്പ്രദായത്തിൽ പ്രവേശിച്ച ശേഷം അതിൽ നിന്ന് പുറത്തുകടന്നിട്ടുണ്ടെങ്കിൽ പിന്നീട് ബിസിനസ്സിൽ നിന്നോ തൊഴിലിൽ നിന്നോ ഉള്ള വരുമാനം ഇല്ലാതാകുന്ന സാഹചര്യത്തിലൊഴികെ പഴയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കാൻ നിങ്ങൾക്ക് അർഹതയുണ്ടായിരിക്കുന്നതല്ല.
15. ഫോം 10-IEA വഴി പുതിയ നികുതി വ്യവസ്ഥയിൽ നിന്ന് ഒഴിവാകാൻ ആഗ്രഹമുണ്ടായിരുന്നു എന്നാൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് ശേഷമാണ് ഞാൻ ഫോം 10-IEA സമർപ്പിച്ചത്. എനിക്ക് പഴയ നികുതി വ്യവസ്ഥയുടെ ആനുകൂല്യം ലഭിക്കുമോ?
നിങ്ങൾ പുതിയ നികുതി വ്യവസ്ഥയിൽ നിന്ന് ഒഴിവാകാൻ ആഗ്രഹിക്കുകയും എന്നാൽ അവസാന തീയതിക്കുള്ളിൽ അതിനായുള്ള ഫോം സമർപ്പിക്കാൻ സാധിക്കാതെ വരികയും ചെയ്താൽ നിങ്ങളുടെ ITRൽ പഴയ നികുതി വ്യവസ്ഥയുടെ ആനുകൂല്യം ലഭിക്കാൻ നിങ്ങൾക്ക് അർഹതയുണ്ടായിരിക്കുന്നതല്ല.
16.ഞാൻ ഫോം 10-IEA സമർപ്പിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ ഫോമിന്റെ നിലവിലെ സ്ഥിതി "അസാധുവായ ഫോം" എന്നാണ് കാണിക്കുന്നത്. ഞാൻ എന്താണ് ചെയ്യേണ്ടത്?
ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് ശേഷമാണ് നിങ്ങൾ ഫോം 10-IEA സമർപ്പിക്കുന്നതെങ്കിൽ ഫോമിന്റെ നിലവിലെ സ്ഥിതി "അസാധുവായ ഫോം" എന്നായിരിക്കും കാണിക്കുക. അത്തരം സാഹചര്യത്തിൽ തുടർന്നുള്ള മൂല്യനിർണ്ണയ വർഷത്തിൽ ഫോം പുതുതായി സമർപ്പിക്കാവുന്നതാണ്.
17. ഞാൻ സമർപ്പിച്ച ഫോം 10-IEAയുടെ നിലവിലെ സ്ഥിതി "സാധുതയുള്ള ഫോം" എന്നതിൽ നിന്നും 'അസാധുവായ ഫോം' എന്ന് മാറിവന്നിരിക്കുന്നു. ഞാൻ എന്താണ് ചെയ്യേണ്ടത്?
നിങ്ങളുടെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ബാധകമായ ശരിയായ അവസാന തീയതി ഫോം 10-IEA സമർപ്പിക്കുമ്പോൾ തെരഞ്ഞെടുക്കാതിരിക്കുകയും ITRന്റെ അവസാന തീയതിക്ക് ശേഷമാണ് ഫോം സമർപ്പിച്ചതെന്ന കാരണത്താൽ ITR നടപടിക്രമങ്ങൾക്കായി നിങ്ങളുടെ ഫോം 10-IEA സ്വീകരിക്കപ്പെടാതിരിക്കുകയും ചെയ്താൽ, ആ ഫോമിന്റെ നിലവിലെ സ്ഥിതി "അസാധുവായ ഫോം" എന്നായി മാറുന്നതാണ്. അത്തരം സാഹചര്യത്തിൽ തൊട്ടടുത്ത മൂല്യനിർണ്ണയ വർഷത്തിൽ നിങ്ങൾക്ക് ഫോം 10-IEA പുതുതായി സമർപ്പിക്കാവുന്നതാണ്.
18. ഫോം 10-IEA സമർപ്പിച്ചതിനുശേഷം അത് പരിഷ്കരിക്കാനോ മാറ്റം വരുത്താനോ കഴിയുമോ?
ഇല്ല. ഫോം 10-IEA പരിഷ്കരിക്കുന്നതിനുള്ള സൗകര്യം ലഭ്യമല്ല. കൂടാതെ ഒരിക്കൽ സമർപ്പിച്ച ഫോം 10-IEA അതേ മൂല്യനിർണ്ണയ വർഷം പിൻവലിക്കാനും കഴിയില്ല.
19. ഫോം 10-IEA സമർപ്പിച്ചതിനുശേഷം അതിന്റെ നിലവിലെ സ്ഥിതി എങ്ങനെ പരിശോധിക്കാം?
ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്തശേഷം ഫോം 10-IEA സമർപ്പിച്ചതിന്റെ നിലവിലെ സ്ഥിതി പരിശോധിക്കാം. സമർപ്പിച്ച ഫോമിന്റെ വിവരങ്ങൾ താഴെപ്പറയുന്ന ക്രമത്തിൽ കാണാവുന്നതാണ്: ഇ-ഫയൽ ടാബ് → ആദായനികുതി ഫോമുകൾ → സമർപ്പിച്ച ഫോമുകൾ കാണുക→ ആദായനികുതി നിയമം 1961 പ്രകാരമുള്ള ഫോം → ഫോം 10-IEA തെരഞ്ഞെടുത്ത് അതിന്റെ നിലവിലെ സ്ഥിതി സാധുതയുള്ളതാണോ അസാധുവാണോ എന്ന് പരിശോധിക്കുക.
20. ഞാൻ പിന്നീട് എന്റെ വരുമാന സ്രോതസ്സ് ബിസിനസ്സ് / തൊഴിൽ ആയി മാറ്റുകയാണെങ്കിൽ എന്ത് സംഭവിക്കും? ഞാൻ വീണ്ടും ഫോം 10-IEA പൂരിപ്പിക്കേണ്ടതുണ്ടോ?
അതെ, പിന്നീട് വരുമാന സ്രോതസ്സ് ബിസിനസ്സിലേക്കും തൊഴിലിലേക്കും മാറുകയും നികുതിദായകൻ പഴയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുകയും ചെയ്യുകയാണെങ്കിൽ, നിയമത്തിലെ വകുപ്പ് 139(1) പ്രകാരമുള്ള അവസാന തീയതിക്കുള്ളിൽ ഫോം 10-IEA നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.
21. എനിക്ക് എല്ലാ വർഷവും പഴയതും പുതിയതുമായ നികുതി വ്യവസ്ഥകൾക്കിടയിൽ മാറാൻ സാധിക്കുമോ?
ബിസിനസ്സ് അല്ലെങ്കിൽ തൊഴിൽ എന്നിവയിൽ നിന്നല്ലാതെ മറ്റ് മാർഗ്ഗങ്ങളിൽ നിന്നും വരുമാനമുള്ള നികുതിദായകർക്ക്, നിയമത്തിലെ വകുപ്പ് 139(1) പ്രകാരമുള്ള അവസാന തീയതിക്കുള്ളിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഓരോ വർഷവും പഴയ നികുതി വ്യവസ്ഥയും പുതിയ നികുതി വ്യവസ്ഥയും മാറിമാറി തെരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ബിസിനസ്സിൽ നിന്നും തൊഴിലിൽ നിന്നും വരുമാനമുള്ള നികുതിദായകർക്ക് വകുപ്പ് 139(1) പ്രകാരമുള്ള അവസാന തീയതിക്കുള്ളിൽ ഫോം 10-IEA സമർപ്പിച്ച് പഴയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കാം. അതിനുശേഷം 'വീണ്ടും പ്രവേശിക്കുക' എന്ന ഓപ്ഷൻ നൽകി വീണ്ടും ഫോം 10-IEA സമർപ്പിച്ച് ഒരിക്കൽ മാത്രമേ പുതിയ നികുതി വ്യവസ്ഥയിലേക്ക് തിരികെ മാറാൻ സാധിക്കൂ.