അപ്പീലുകളും പുനഃപരിശോധനകളും

Frequently Asked Questions

അപ്പീലുകളും പുനഃപരിശോധനകളും സംബന്ധിച്ച പതിവുചോദ്യങ്ങൾ

1. 2025 ലെ ആദായനികുതി നിയമത്തിന് കീഴിലുള്ള അപ്പീലുകൾ, പുനഃപരിശോധന, തർക്ക പരിഹാര സമിതി (DRC) എന്നിവയെക്കുറിച്ചുള്ള അദ്ധ്യായത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന വ്യവസ്ഥകൾ എന്തൊക്കെയാണ്?

2025 ലെ ആദായനികുതി നിയമത്തിന് കീഴിലുള്ള അപ്പീലുകൾ, പുനഃപരിശോധന, തർക്കപരിഹാരത്തിനുള്ള ബദൽ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള അദ്ധ്യായം ഈ നിയമത്തിന് കീഴിലുള്ള സമ്പൂർണ്ണ പരിഹാരചട്ടക്കൂടിനെയും സമഗ്രമായി സംയോജിപ്പിക്കുന്നു.
 
ഇതിൽ ജോയിന്‍റ് കമ്മീഷണർ (അപ്പീൽസ്), കമ്മീഷണർ (അപ്പീൽസ്) എന്നിവർക്ക് മുമ്പാകെയുള്ള ആദ്യത്തെ അപ്പീലുകൾ (വകുപ്പ് 356–360), അപ്പലേറ്റ് ട്രൈബ്യൂണലിലേക്കുള്ള അപ്പീലുകൾ (വകുപ്പ് 361–364), ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കുമുള്ള കൂടുതൽ അപ്പീലുകൾ (വകുപ്പ് 365–368), കൂടാതെ സമയപരിധി, സാമ്പത്തിക പരിധികൾ, അപ്പീലുകളുടെ പ്രഭാവം എന്നിവ സംബന്ധിച്ച പൊതുവായ വ്യവസ്ഥകളും ഉൾപ്പെടുന്നു.
 
അതോടൊപ്പം, അധികാരപ്പെട്ട അതോറിറ്റിയുടെ പുനഃപരിശോധനാ അധികാരങ്ങൾ (വകുപ്പ് 377–378), തർക്ക പരിഹാര സമിതി സംവിധാനം (വകുപ്പ് 379), മുൻകൂർ വിധിനിർണയ സംവിധാനം (ബോർഡ് ഫോർ അഡ്വാൻസ് റൂളിംഗ്സ്), 375, 376 എന്നീ വകുപ്പുകൾ വഴി ആവർത്തിച്ചുള്ള വ്യവഹാരങ്ങൾ ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥാപിത സംവിധാനവും എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2. ആദായനികുതി നിയമം, 1961 മായി താരതമ്യപ്പെടുത്തുമ്പോൾ ആദായനികുതി നിയമം, 2025 പ്രകാരമുള്ള അപ്പീൽ ശ്രേണിയിൽ എന്തെങ്കിലും മാറ്റമുണ്ടോ? അപ്പീൽ അധികാരികളുടെ അധികാരങ്ങളിലോ അപ്പീൽ തീർപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളിലോ എന്തെങ്കിലും മാറ്റമുണ്ടോ?

ഇല്ല, 2025 ലെ ആദായനികുതി നിയമപ്രകാരം അപ്പീൽ ശ്രേണിയിൽ ഘടനാപരമായ മാറ്റമൊന്നുമില്ല. അപ്പീൽ പരിഹാരങ്ങളുടെ ഘടന മാറ്റമില്ലാതെ തുടരുകയും അതേ ക്രമത്തിൽ തന്നെ മുന്നോട്ട് പോവുകയും ചെയ്യുന്നു:

അസസ്സിംഗ് ഓഫീസർ → JCIT(A)/CIT(A) → ITAT → ഹൈക്കോടതി → സുപ്രീം കോടതി

അപ്പീൽ അധികാരികളുടെ അധികാരങ്ങൾ - സ്ഥിരീകരിക്കുക, കുറയ്ക്കുക, വർദ്ധിപ്പിക്കുക അല്ലെങ്കിൽ വാർഷിക മൂല്യനിർണ്ണയം, അധിക കാരണങ്ങൾ അംഗീകരിക്കുക, റിമാൻഡ് റിപ്പോർട്ട് ആവശ്യപ്പെടുക, പിവവുകൾ തിരുത്തുക, വ്യവസ്ഥകൾക്ക് വിധേയമായി സ്റ്റേ അനുവദിക്കുക തുടങ്ങിയ അധികാരങ്ങൾ മാറ്റമില്ലാതെ തുടരുന്നു. നടപടിക്രമങ്ങളുടെ ചട്ടക്കൂടും മാറ്റമില്ലാതെ തുടരുന്നു.

3. ആദായനികുതി നിയമം, 1961 വുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ആദായനികുതി നിയമം, 2025 ൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധിയിൽ എന്തെങ്കിലും മാറ്റമുണ്ടോ?

ആദായനികുതി നിയമം, 1961 വുമായി താരതമ്യപ്പെടുത്തുമ്പോൾ ആദായനികുതി നിയമം, 2025 ൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധിയിൽ മാറ്റമൊന്നും വന്നിട്ടില്ല.

4. 01.04.2026 വരെ CIT(A) യുടെ മുമ്പാകെ ഒരു അപ്പീൽ നിലനിൽക്കുന്നുണ്ടെങ്കിൽ അത് ആദായനികുതി നിയമം, 1961 പ്രകാരമാണോ ആദായനികുതി നിയമം, 2025 പ്രകാരമാണോ തീർപ്പാക്കുക? ഞാൻ പുതിയൊരു അപ്പീൽ സമർപ്പിക്കേണ്ടതുണ്ടോ?

ഏതെങ്കിലും ആദായനികുതി അതോറിറ്റി, അപ്പലേറ്റ് ട്രൈബ്യൂണൽ അല്ലെങ്കിൽ കോടതി എന്നിവയ്ക്ക് മുമ്പാകെ നിലവിലുള്ള ഏതൊരു നടപടിയും ഈ നിയമം നിലവിൽ വന്നിട്ടില്ലാത്തതുപോലെ തുടരേണ്ടതും തീർപ്പാക്കേണ്ടതുമാണെന്ന് പുതിയ നിയമത്തിലെ സെക്ഷൻ 536(2)(e) വ്യക്തമായി പ്രസ്താവിക്കുന്നു. അതനുസരിച്ച്, നിലവിലുള്ള അപ്പീൽ തുടരുകയും ആദായനികുതി നിയമം, 1961 ലെ വ്യവസ്ഥകൾക്കനുസൃതമായി തീർപ്പാക്കുകയും ചെയ്യും. പുതിയ അപ്പീൽ സമർപ്പിക്കേണ്ടതില്ല.

5. 2026-27 മൂല്യനിർണ്ണയ വർഷത്തിലോ അതിനു മുമ്പുള്ള ഏതെങ്കിലും മൂല്യനിർണ്ണയ വർഷത്തിലോ 2026 ഏപ്രിൽ 1ന് ശേഷം ഒരു അപ്പീൽ സമർപ്പിച്ചാൽ അത് ആദായനികുതി നിയമം, 1961 അല്ലെങ്കിൽ ആദായനികുതി നിയമം, 2025 അനുസരിച്ചായിരിക്കുമോ നിയന്ത്രിക്കപ്പെടുന്നത്?

2026 ഏപ്രിൽ 1ന് മുമ്പ് ആരംഭിക്കുന്ന നികുതി വർഷവുമായി ബന്ധപ്പെട്ട് 2026 ഏപ്രിൽ 1നോ അതിനുശേഷമോ ആരംഭിച്ച നടപടികൾ റദ്ദാക്കിയ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി നടപ്പിലാക്കണമെന്ന് വകുപ്പ് 536(2)(c) വ്യവസ്ഥ ചെയ്യുന്നു. അതനുസരിച്ച് ആദായനികുതി നിയമം, 2025 ആരംഭിച്ചതിനുശേഷം ഒരു അപ്പീൽ സമർപ്പിച്ചാലും അത് 2026-27 മൂല്യനിർണ്ണയ വർഷവുമായോ അതിനുമുമ്പുള്ള ഏതെങ്കിലും മൂല്യനിർണ്ണയ വർഷവുമായോ ബന്ധപ്പെട്ടതാണെങ്കിൽ അത്തരം അപ്പീൽ ആദായനികുതി നിയമം, 1961ലെ വ്യവസ്ഥകൾക്കനുസൃതമായി നിയന്ത്രിക്കപ്പെടുകയും തീർപ്പാക്കുകയും ചെയ്യും.

6. ആദായനികുതി നിയമം, 1961 പ്രകാരം അപ്പീൽ സമർപ്പിക്കുന്നതിനുള്ള കാലഹരണപ്പെട്ടവ ആദായനികുതി നിയമം, 2025 പ്രകാരം പുനരുജ്ജീവിപ്പിക്കാൻ കഴിയുമോ?

ഇല്ല. പുതിയ നിയമം ആരംഭിക്കുന്നതിന് മുമ്പ് അപ്പീൽ, പുനഃപരിശോധന അല്ലെങ്കിൽ റഫറൻസ് സമർപ്പിക്കുന്നതിനുള്ള സമയം കാലഹരണപ്പെട്ടിട്ടുണ്ടെങ്കിൽ പുതിയ നിയമം വ്യത്യസ്തമായതോ ദീർഘിപ്പിച്ചതോ ആയ സമയപരിധി നിർദ്ദേശിക്കുന്നു എന്ന കാരണത്താൽ മാത്രം അത്തരം അവകാശം പുനരുജ്ജീവിപ്പിക്കാൻ കഴിയില്ലെന്ന് ആദായനികുതി നിയമം, 2025 ലെ വകുപ്പ് 536(2)(k) വ്യക്തമായി വ്യവസ്ഥ ചെയ്യുന്നു.
 
എന്നിരുന്നാലും, കൃത്യമായ ശ്രദ്ധ പുലർത്തിയിട്ടും സമയത്തിനുള്ളിൽ അപ്പീൽ സമർപ്പിക്കാൻ കഴിഞ്ഞില്ല എന്ന് അപ്പീൽ നൽകുന്ന കക്ഷി തെളിയിക്കുകയാണെങ്കിൽ പഴയ നിയമപ്രകാരം കാലതാമസം ക്ഷമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഭ്യമായേക്കാം. കാലതാമസം ഗുരുതരമായ അശ്രദ്ധ മൂലമോ മതിയായ കാരണം കാണിച്ചിട്ടില്ലെങ്കിലോ ക്ഷമ അഭ്യർത്ഥിക്കുന്ന അപേക്ഷ നിരസിക്കപ്പെടാവുന്നതാണ്.

7: മൂല്യനിർണ്ണയ വർഷം 2024–25 ബന്ധപ്പെട്ട് കമ്മീഷണർ (അപ്പീൽസ്) പുറപ്പെടുവിച്ച ഒരു അപ്പീൽ ഉത്തരവിൽ തിരുത്തൽ ആവശ്യപ്പെടുന്നത് 2026 ഏപ്രിൽ 1ന് ശേഷം ആണെങ്കിൽ അത്തരം തിരുത്തൽ ഏത് നിയമപ്രകാരമായിരിക്കും നിയന്ത്രിക്കപ്പെടുക?

പിഴവുകൾ തിരുത്തൽ ആദായനികുതി നിയമം, 1961ലെ ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രകാരമായിരിക്കും ബാധകമാകുന്നത്. തിരുത്തൽ എന്നത് യഥാർത്ഥ അപ്പീൽ നടപടിയുടെ തുടർച്ചയാണ്. വകുപ്പ് 536(2)(c)യും (e)യും അനുസരിച്ച്, 2026 ഏപ്രിൽ 1ന് മുമ്പ് ആരംഭിക്കുന്ന നികുതി വർഷവുമായി ബന്ധപ്പെട്ട നടപടികൾ, പിഴവുകൾ തിരുത്തലും സമയപരിധിയും ഉൾപ്പെടെ, ആദായനികുതി നിയമം, 1961-ന്റെ ചട്ടക്കൂടിന് കീഴിൽ തന്നെ തുടരേണ്ടതാണ്.

8. 2025–26 വർഷത്തേക്കുള്ള അപ്പീൽ 01.04.2026 വരെ തീർപ്പുകൽപ്പിക്കാതിരിക്കുകയാണെങ്കിൽ ആ അപ്പീൽ JCIT(A) യിൽ നിന്ന് CIT(A) ലേക്ക് അല്ലെങ്കിൽ തിരിച്ചോ മാറ്റാൻ കഴിയുമോ?

അതെ. 1961-ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 246(2), 246(3) എന്നിവയിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ അത്തരം അപ്പീലുകൾ JCIT(A)ൽ നിന്ന് CIT(A)ലേക്ക് അല്ലെങ്കിൽ തിരിച്ചോ മാറ്റാവുന്നതാണ്. പുതിയ നിയമത്തിലെ അനുബന്ധ വ്യവസ്ഥകൾ വകുപ്പ് 356(3)(a), വകുപ്പ് 356(3)(b) എന്നിവയാണ്.

9. മൂല്യനിർണ്ണയ വർഷം 2023-24 ലേക്കുള്ള ഒരു കേസ് 01.04.2026 നോ അതിനുശേഷമോ ITAT വീണ്ടും പരിശോധനയ്ക്കായി തിരിച്ചയക്കുകയാണെങ്കിൽ ആ പുനഃപരിശോധനാ നടപടികൾ ആദായനികുതി നിയമം, 1961 പ്രകാരമാണോ അതോ ആദായനികുതി നിയമം, 2025പ്രകാരമാണോ നിയന്ത്രിക്കപ്പെടുക?

മൂല്യനിർണ്ണയ വർഷം 2023-24 മായി ബന്ധപ്പെട്ട ഒരു കേസ് 01.04.2026 നോ അതിനുശേഷമോ ആണ് ITAT തിരിച്ചയക്കുന്നതെങ്കിൽ ആ നടപടികൾ ആദായനികുതി നിയമം, 1961പ്രകാരം തന്നെ നിയന്ത്രിക്കപ്പെടും. 01.04.2026 ന് മുമ്പ് ആരംഭിക്കുന്ന നികുതി വർഷങ്ങളുമായി ബന്ധപ്പെട്ട നടപടികൾ പുതിയ നിയമം നിലവിൽ വന്നിട്ടില്ലാത്തതുപോലെ റദ്ദാക്കപ്പെട്ട നിയമപ്രകാരം തന്നെ തുടരുകയും തീർപ്പാക്കുകയും ചെയ്യണമെന്ന് ആദായനികുതി നിയമം, 2025 ലെ വകുപ്പ് 536(2)(c), (e) വ്യക്തമായി വ്യവസ്ഥ ചെയ്യുന്നു. ITAT യുടെ പുനഃപരിശോധന എന്നത് യഥാർത്ഥ നികുതി നിർണ്ണയ നടപടികളുടെ തുടർച്ച മാത്രമാണ്, ഇത് പുതിയ നിയമപ്രകാരം ഒരു പുതിയ കേസ് സൃഷ്ടിക്കുന്നില്ല. അതിനാൽ അസസ്സിംഗ് ഓഫീസർ ഉത്തരവ് നടപ്പിലാക്കേണ്ടത് പൂർണ്ണമായും ആദായനികുതി നിയമം, 1961ലെ നടപടിക്രമങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി മാത്രമായിരിക്കണം.

10. മൂല്യനിർണ്ണയ വർഷം 2024-25 മായി ബന്ധപ്പെട്ട് 30.03.2025 ൽ ലഭിച്ച ഒരു മൂല്യനിർണ്ണയ ഉത്തരവിനെതിരെ അപ്പീൽ സമർപ്പിക്കുന്നതിന് ഏത് നിയമമാണ് ബാധകമാവുക, അതിനുള്ള സമയപരിധി എന്തായിരിക്കും?

ഈ മൂല്യനിർണ്ണയ ഉത്തരവ് 2024-25 മൂല്യനിർണ്ണയ വർഷവുമായി ബന്ധപ്പെട്ടതായതിനാൽ, അപ്പീൽ ആദായനികുതി നിയമം, 1961 പ്രകാരം നിയന്ത്രിക്കപ്പെടും, പുതിയ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷവും ഇത് സമർപ്പിക്കാവുന്നതാണ്. ഉത്തരവ് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനകം അതായത് 1961ലെ നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തന്നെ അപ്പീൽ സമർപ്പിച്ചിരിക്കണം.

11. പുതിയ നിയമം പ്രാബല്യത്തിൽ വരുമ്പോൾ കോടതികൾ, ട്രൈബ്യൂണൽ അല്ലെങ്കിൽ കമ്മീഷണർ (അപ്പീൽസ്) എന്നിവയ്ക്ക് മുമ്പാകെ നിലവിലുള്ള അപ്പീലുകൾക്ക് എന്ത് സംഭവിക്കും?

അത്തരം അപ്പീലുകൾ പഴയ നിയമപ്രകാരം തുടരുകയും പഴയ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി തീർപ്പാക്കുകയും ചെയ്യും.
ഉദാഹരണത്തിന്, ഒരു നികുതിദായകന് മൂല്യനിർണ്ണയ വർഷം 2021-22 മായി ബന്ധപ്പെട്ട് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിന് മുമ്പാകെ ഒരു അപ്പീൽ നിലവിലുണ്ടെങ്കിൽ
ആ അപ്പീൽ പുതിയ നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ചല്ല പഴയ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും തീർപ്പാക്കുക.

12. നിയമപരമായ ഒരേ ചോദ്യങ്ങളിന്മേൽ ആവർത്തിച്ചുള്ള അപ്പീലുകൾ ഒഴിവാക്കുന്നതിനായി ആദായനികുതി നിയമം, 1961 പ്രകാരമുള്ള നിയമപരമായ സംവിധാനങ്ങൾ എന്തായിരുന്നു, ആദായനികുതി നിയമം, 2025 പ്രകാരം അവ എങ്ങനെയാണ് പുനഃക്രമീകരിച്ചിരിക്കുന്നത്?

ആദായനികുതി നിയമം, 1961 പ്രകാരം, ആവർത്തിച്ചുള്ള വ്യവഹാരങ്ങൾ ഒഴിവാക്കുന്നത് വകുപ്പ് 58A, വകുപ്പ് 58AB എന്നീ രണ്ട് വ്യത്യസ്ത വ്യവസ്ഥകൾ വഴിയാണ് നിയന്ത്രിച്ചിരുന്നത്. വകുപ്പ് 58A നികുതിദായകന് മുൻകൈയെടുക്കാവുന്ന ഒരു സംവിധാനം നൽകി, ഇതുവഴി നിയമപരമായ ഇതേ ചോദ്യം ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ നിലവിലുണ്ടെന്ന് നികുതിദായകന് പ്രഖ്യാപിക്കാനും അതിന്‍റെ അന്തിമ തീരുമാനത്തിന് വിധേയമാകാമെന്ന് സമ്മതിക്കാനും കഴിഞ്ഞിരുന്നു. മറുവശത്ത്, വകുപ്പ് 158AB പ്രകാരം ഇതേ നിയമപരമായ ചോദ്യം ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ നിലവിലുള്ളപ്പോൾ അപ്പീൽ സമർപ്പിക്കുന്നത് താത്കാലികമായി മാറ്റിവെക്കാൻ ആദായനികുതി വകുപ്പിന് കഴിഞ്ഞിരുന്നു. ആദായനികുതി നിയമം, 2025 ഈ രണ്ട് സംവിധാനങ്ങളെ യഥാക്രമം വകുപ്പ് 375, 376 എന്നിങ്ങനെ പുനഃക്രമീകരിച്ചിട്ടുണ്ട്, ഇത് മുൻപത്തെ ചട്ടക്കൂടിനെ കാര്യക്ഷമമാക്കുന്നുവെങ്കിലും അതിൽ മാറ്റം വരുത്തുന്നില്ല.

13. ആദായനികുതി നിയമം, 1961 മായി താരതമ്യപ്പെടുത്തുമ്പോൾ ആദായനികുതി നിയമം, 2025 പ്രകാരം ഈ സംവിധാനം നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാന നിബന്ധനകളിൽ എന്തെങ്കിലും മാറ്റമുണ്ടോ?

ഇല്ല, രണ്ട് നിയമനിർമ്മാണങ്ങളിലും അടിസ്ഥാന നിബന്ധന ഒന്നുതന്നെയായി തുടരുന്നു. ആദായനികുതി നിയമം, 1961ലെ വകുപ്പ് 158A, 158AB എന്നിവ പ്രകാരം, കേസിൽ സമാനമായ ഒരു നിയമപ്രശ്നം ഉയർന്നുവരുകയും അതേ ചോദ്യം ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ നിലവിലിരിക്കുകയും ചെയ്താൽ മാത്രമേ ഈ സംവിധാനം നടപ്പിലാക്കാൻ കഴിയുമായിരുന്നുള്ളൂ. ആദായനികുതി നിയമം, 2025ലെ വകുപ്പ് 375, 376 എന്നിവയും നിയമപ്രശ്നത്തിന്‍റെ സമാനതയും അത് ഉയർന്ന നീതിന്യായ വേദി അതായത്, ഹൈക്കോടതി അല്ലെങ്കിൽ സുപ്രീം കോടതിയിൽ നിലനിൽക്കുന്നു എന്നത് ഈ അടിസ്ഥാനപരമായ ആവശ്യകത നിലനിർത്തുന്നു. ആദായനികുതി നിയമം, 2025 കൂടുതൽ വ്യക്തമാക്കുന്നത് ഇത്തരം കേസുകൾ ആദായനികുതി നിയമം, 1961പ്രകാരമോ അല്ലെങ്കിൽ 2025-ലെ ആദായനികുതി നിയമം, 2025 പ്രകാരമോ ഉള്ള നടപടികളുമായി ബന്ധപ്പെട്ടതാകാമെന്നാണ്, അതുവഴി നിയമപരമായ മാറ്റത്തിനിടയിലും തുടർച്ച ഉറപ്പാക്കുന്നു.

14. ആദായനികുതി നിയമം, 1961 പ്രകാരം 158A & 158AB വകുപ്പുകൾ ഏത് ഘട്ടത്തിലാണ് നടപ്പിലാക്കാൻ കഴിയുക, ആദായനികുതി നിയമം, 2025 പ്രകാരം പ്രവർത്തന ഘട്ടത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?

1961 ലെ ആദായനികുതി നിയമപ്രകാരം, അസസ്സിംഗ് ഓഫീസറുടെയോ അപ്പീൽ അതോറിറ്റിയുടെയോ മുമ്പാകെ വിഷയം പരിഗണനയിലിരിക്കുമ്പോൾ മൂല്യനിർണ്ണയം അല്ലെങ്കിൽ അപ്പീൽ നടപടിക്രമങ്ങൾക്കിടയിൽ വകുപ്പ് 158A പ്രയോഗിക്കാവുന്നതാണ്, അതേസമയം കമ്മീഷണറുടെ (അപ്പീൽസ്) അല്ലെങ്കിൽ ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരെ വകുപ്പ് കൂടുതൽ അപ്പീൽ സമർപ്പിക്കണോ എന്ന് തീരുമാനിക്കുന്ന ഘട്ടത്തിലാണ് വകുപ്പ് 158AB പ്രവർത്തിച്ചിരുന്നത്. വകുപ്പ് 375 ൽ മൂല്യനിർണ്ണയം അല്ലെങ്കിൽ അപ്പീൽ ഘട്ടത്തിൽ ബാധകമായ ഒരു നികുതിദായകൻ മുൻകൈയെടുക്കാവുന്ന സംവിധാനവും, വകുപ്പ് 376 ൽ കൂടുതൽ അപ്പീൽ സമർപ്പിക്കുന്ന ഘട്ടത്തിൽ ബാധകമായ ഒരു കൊളീജിയം അടിസ്ഥാനമാക്കിയുള്ള സംവിധാനവും നൽകിക്കൊണ്ട് 2025 ലെ ആദായനികുതി നിയമം സമാനമായ ഒരു ഘടനാപരമായ സ്ഥാനം നിലനിർത്തുന്നു. അതിനാൽ, അപേക്ഷയുടെ ഘട്ടങ്ങൾ മുമ്പത്തെ നിയമത്തിന് അനുസൃതമായി തന്നെ തുടരുന്നു.

15. അപ്പീൽ മാറ്റിവെക്കുന്നതിന് രണ്ട് നിയമപ്രകാരവും നികുതിദായകന്‍റെ അംഗീകാരം ആവശ്യമാണോ?

അതെ, രണ്ട് അംഗീകാരം എന്ന തത്വം രണ്ട് നിയമങ്ങളിലും തുടരുന്നു. 1961 ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 158A പ്രകാരം, സമാനമായ നിയമപ്രശ്നത്തിൽ അന്തിമ തീരുമാനം പാലിക്കാൻ നികുതിദായകൻ സമ്മതിക്കുന്ന സാക്ഷ്യപ്പെടുത്തലിനെ അടിസ്ഥാനമാക്കിയുള്ളതാണ് സംവിധാനം, കൂടാതെ വകുപ്പ് 158AB അപ്പീൽ മാറ്റിവയ്ക്കുന്നതിന് മുമ്പ് നിയമപ്രശ്നം ഒന്നുതന്നെയാണെന്ന കാര്യം അംഗീകരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുപോലെ, 2025 ലെ ആദായനികുതി നിയമപ്രകാരം, വകുപ്പ് 375 ഒരു നികുതിദായകന്‍റെ സാക്ഷ്യപ്പെടുത്തലിനെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ വകുപ്പ് 376 അപ്പീൽ മാറ്റിവയ്ക്കുന്നതിന് മുമ്പ് നിയമപ്രശ്നം ഒന്നുതന്നെയാണെന്ന കാര്യത്തിൽ യോജിപ്പ് ഉണ്ടായിരിക്കണം. അതിനാൽ, ഇക്കാര്യത്തിൽ കാര്യമായ മാറ്റമൊന്നുമില്ല.

16. 2025 ലെ ആദായനികുതി നിയമപ്രകാരം തർക്ക പരിഹാര സമിതി (DRC) ചട്ടക്കൂടിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടോ?

തർക്ക പരിഹാര സമിതി (DRC) ചട്ടക്കൂടിൽ കാര്യമായ ഘടനാപരമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. 2025 ലെ ആദായ നികുതി നിയമത്തിലെ വകുപ്പ് 379, 1961 ലെ ആദായ നികുതി നിയമത്തിലെ വകുപ്പ് 245MA-യുടെ പുനരാവിഷ്കരണമാണ്. ലക്ഷ്യം, യോഗ്യതാ മാനദണ്ഡങ്ങൾ, സാമ്പത്തിക പരിധികൾ (10 ലക്ഷം രൂപയിൽ താഴെ വ്യതിയാനം; 50 ലക്ഷം രൂപയിൽ താഴെ തിരികെ ലഭിച്ച വരുമാനം), പിഴ ഇളവ്, പ്രോസിക്യൂഷൻ പ്രതിരോധശേഷി എന്നിവ നൽകാനുള്ള അധികാരം എന്നിവ മാറ്റമില്ലാതെ തുടരുന്നു. ഒഴിവാക്കപ്പെട്ട വ്യക്തികളുടെ വിഭാഗങ്ങളും അതേപടി തുടരുന്നു. മാറ്റങ്ങൾ പ്രധാനമായും ഉള്ളടക്കത്തിന്‍റെ സ്ഥാനത്തിലും വ്യക്തതയിലും വകുപ്പ് പുനഃക്രമീകരണങ്ങളിലും മാത്രമാണ്.

17. ആദായനികുതി നിയമം, 2025 പ്രകാരം തർക്ക പരിഹാര സമിതിയുടെ (DRC) അധികാരങ്ങൾ എന്തൊക്കെയാണ്?

2025 ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 379(2) പ്രകാരം, പിഴ ഇളവ് അല്ലെങ്കിൽ നിയമനടപടികളിൽ സുരക്ഷ അനുവദിക്കുന്നതിന് പുറമെ നിർദ്ദിഷ്ട ഉത്തരവിലെ നികുതി വ്യതിയാനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ DRCക്ക് അധികാരമുണ്ടെന്ന് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. നിർദ്ദിഷ്ട ഉത്തരവിലെ നികുതി വ്യതിയാനങ്ങൾ പരിഷ്കരിക്കാനുള്ള DRCയുടെ അധികാരം ഇത് വ്യക്തമാക്കുന്നു.

18. 01.04.2026 ന് ശേഷമുള്ള പരിവർത്തന കാലയളവിൽ DRC വ്യവസ്ഥകൾ വ്യത്യസ്തമായാണോ പ്രവർത്തിക്കുക?

ഇല്ല. 01.04.2026 ന് ശേഷമുള്ള നിയമപരമായ പരിവർത്തനം കാരണം തർക്ക പരിഹാര സമിതി (DRC) വ്യവസ്ഥകൾ വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കില്ല. 2025 ലെ ആദായനികുതി നിയമത്തിലെ സേവിംഗ്സ്, പരിവർത്തന വ്യവസ്ഥകൾ കാരണം, അത് ആരംഭിക്കുന്നതിന് മുമ്പുള്ള നികുതി വർഷങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ 1961 ലെ ആദായനികുതി നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്നു. അതനുസരിച്ച്, DRC സംവിധാനത്തിന്‍റെ ലഭ്യതയും പ്രയോഗക്ഷമതയും പ്രസക്തമായ നികുതി വർഷത്തെ നിയന്ത്രിക്കുന്ന നിയമത്തെ ആശ്രയിച്ചിരിക്കും, കൂടാതെ 1961 ലെ നിയമപ്രകാരം സംരക്ഷിക്കപ്പെട്ട കാര്യങ്ങൾക്കായി 2025 നിയമപ്രകാരം DRC അഭ്യർത്ഥിക്കുന്നതിനുള്ള സ്വതന്ത്രമായ അല്ലെങ്കിൽ വിപുലീകൃത അവകാശം ഈ പരിവർത്തനം സൃഷ്ടിക്കുന്നില്ല.

19. ആദായനികുതി നിയമം, 1961 ഉം ആദായനികുതി നിയമം, 2025 ഉം ഒരു കരട് വിലയിരുത്തൽ ഉത്തരവ് ഉൾപ്പെടുത്തുന്നതിനുള്ള "നിർദ്ദിഷ്ട ഉത്തരവ്" നിർവചിക്കുന്നിടത്ത്, ഒരു നികുതിദായകന് തർക്ക പരിഹാര പാനൽ (DRP), തർക്ക പരിഹാര കമ്മിറ്റി (DRC) എന്നിവയിൽ ഒന്ന് തെരഞ്ഞെടുക്കാൻ കഴിയുമോ?

അതെ — തത്വപരമായി 1961 ലെ നിയമത്തിലെ വകുപ്പ് 144C പ്രകാരമുള്ള ഒരു കരട് ഉത്തരവ് (2025 ലെ നിയമത്തിലെ വകുപ്പ് 275(1)) DRC ആവശ്യങ്ങൾക്കായി ഒരു "നിർദ്ദിഷ്ട ഉത്തരവിന്‍റെ" നിർവചനത്തിൽ വരുന്നതിനാൽ രണ്ട് സംവിധാനങ്ങളും ലഭ്യമാണ്. എന്നിരുന്നാലും, DRC യുടെ ലഭ്യത നിയമപരമായ യോഗ്യതാ വ്യവസ്ഥകൾക്ക് വിധേയമാണ് (സാമ്പത്തിക പരിധികൾ, വ്യതിയാനത്തിന്‍റെ സ്വഭാവം, ഗുരുതരമായ കുറ്റകൃത്യങ്ങളുടെ അഭാവം മുതലായവ). അതിനാൽ, നിർവചനത്തിന്‍റെ പ്രാരംഭഘട്ടത്തിൽ ചില ആവർത്തനം അനുവദിക്കുന്നുണ്ടെങ്കിലും, ഈ രണ്ട് പരിഹാര മാർഗങ്ങളും പരസ്പരം ബദലുകളാണ്, ഒരേസമയം നടപ്പാക്കാവുന്നതല്ല; കൂടാതെ നികുതിദായകന് ഇവ രണ്ടും ഒരേസമയം പിന്തുടരാൻ കഴിയില്ല.

20. ആദായനികുതി നിയമം, 1961 ലെ അദ്ധ്യായം XIX -B യുമായി താരതമ്യപ്പെടുത്തുമ്പോൾ ആദായനികുതി നിയമം, 2025 ൽ മുൻകൂർ വിധിനിർണയ സംവിധാനത്തിൽ എന്തെങ്കിലും കാര്യമായ അല്ലെങ്കിൽ നടപടിക്രമപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ?

ആദായനികുതി നിയമം, 2025 ന് മുൻകൂർ വിധിനിർണയ സംവിധാനത്തിൽ കാര്യമായതോ നടപടിക്രമപരമോ ആയ മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. ആദായനികുതി നിയമം, 1961 ലെ 245N മുതൽ 245W വരെയുള്ള വകുപ്പുകളിൽ നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥകളെ ആദായനികുതി നിയമം അടിസ്ഥാനപരമായി സംയോജിപ്പിക്കുകയും പുനഃക്രമീകരിക്കുകയും കാര്യക്ഷമമാക്കുകയും മാത്രമാണ് ചെയ്യുന്നത് (2021 ലെ ധനകാര്യ നിയമത്തിന് ശേഷം ഭേദഗതി ചെയ്തത്).

21. 01.04.2026 വരെ ആദായനികുതി നിയമം, 1961 പ്രകാരം ഒരു മുൻകൂർ നികുതിനിർണയ അപേക്ഷ നിലവിലുണ്ടെങ്കിൽ അത് എങ്ങനെ കൈകാര്യം ചെയ്യും?

വകുപ്പ് 536(2)(e), (j) എന്നിവ പ്രകാരം, പ്രത്യേകമായി മാറ്റം വരുത്തിയില്ലെങ്കിൽ നിലവിലുള്ള നടപടികളെ നിയമം റദ്ദാക്കുന്നത് യാതൊരു തരത്തിലും ബാധിക്കുകയില്ല. അതിനാൽ, നിലവിലുള്ള മുൻകൂർ നികുതിനിർണയ അപേക്ഷ, അന്ന് പ്രാബല്യത്തിൽ വന്ന നിയമപ്രകാരം രൂപീകരിച്ച ബന്ധപ്പെട്ട അതോറിറ്റിയുടെ മുമ്പാകെ തുടരും. ആദായനികുതി നിയമം 2025, നിലവിലുള്ള മുൻകൂർ നികുതിനിർണയ നടപടിക്രമങ്ങളെ തടസ്സപ്പെടുത്തുന്നില്ല.

22. 1961 ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 263 പ്രകാരം റദ്ദാക്കുന്നതിന് മുമ്പ് ഒരു പുനഃപരിശോധനയും ആരംഭിച്ചിട്ടില്ലെങ്കിൽ, 2026 ന് മുമ്പുള്ള നികുതി വർഷത്തേക്ക് 01.04.2026 ന് ശേഷം പുതിയ പുനഃപരിശോധന ആരംഭിക്കാൻ കഴിയുമോ?

അതെ, ആദായനികുതി നിയമം, 1961 ലെ വകുപ്പ് 263(2) പ്രകാരമുള്ള സമയപരിധി കാലഹരണപ്പെട്ടിട്ടില്ലെങ്കിൽ ഇത് സാധ്യമാണ്. മുൻ നികുതി വർഷങ്ങളിൽ 1.04.2026 ന് ശേഷം നടപടികൾ ആരംഭിക്കാൻ വകുപ്പ് 536(2)(c) അനുവദിക്കുന്നു, എന്നാൽ ആദായനികുതി നിയമം, 1961 ലെ നടപടിക്രമങ്ങൾ കർശനമായി പാലിക്കണം. എന്നിരുന്നാലും, സമയപരിധി ഇതിനകം കാലഹരണപ്പെട്ടിട്ടുണ്ടെങ്കിൽ ആദായനികുതി നിയമം, 2025 പ്രകാരം അത് പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല.

23. 2025-ലെ ആദായനികുതി നിയമപ്രകാരം, ഒരു ഉത്തരവ് പുനഃപരിശോധിക്കുന്നതിനുള്ള അധികാരപരിധി വ്യവസ്ഥയായി "തെറ്റായതും" "വരുമാന താൽപ്പര്യങ്ങൾക്ക് ദോഷകരവുമായിരിക്കണം" എന്ന നിബന്ധന തുടർന്നും ബാധകമാണോ?

അസസ്സിംഗ് ഓഫീസറുടെ ഉത്തരവ് തെറ്റും വരുമാന താൽപ്പര്യങ്ങൾക്ക് ഹാനികരവുമായിരിക്കണം എന്ന അടിസ്ഥാന അധികാരപരമായ നിബന്ധന ആദായനികുതി നിയമം, 1961 ലെ വകുപ്പ് 263 പ്രകാരം നിലവിലുണ്ടായിരുന്നതുപോലെ ആദായനികുതി നിയമം, 2025 ലെ വകുപ്പ് 377 പ്രകാരവും തുടരുന്നു.

24. ആദായനികുതി നിയമം, 1961 ലെ വകുപ്പ് 263 പ്രകാരവും ആദായനികുതി നിയമം, 2025 ലെ വകുപ്പ് 377 പ്രകാരവുമുള്ള പുനഃപരിശോധന സമയപരിധികളിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?

പരമാവധി അനുവദനീയമായ സമയപരിധിയിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ആദായനികുതി നിയമം, 1961ലെ വകുപ്പ് 263, ആദായനികുതി നിയമം, 2025-ലെ വകുപ്പ് 377(4) എന്നിവ പ്രകാരം പുനഃപരിശോധിക്കാൻ ഉദ്ദേശിക്കുന്ന ഉത്തരവ് പാസ്സാക്കിയ സാമ്പത്തിക വർഷം അവസാനിക്കുന്നത് മുതൽ രണ്ട് വർഷത്തിനകം പുനഃപരിശോധനാ അധികാരം വിനിയോഗിച്ചിരിക്കണം.

എന്നിരുന്നാലും, ആദായനികുതി നിയമം, 2025 ലെ ഈ സമയപരിധി കണക്കാക്കുന്ന രീതിയെ കൂടുതൽ പരിഷ്കരിക്കുകയും വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. നടപടികൾ സ്റ്റേ ചെയ്യുന്ന കാലയളവോ അല്ലെങ്കിൽ പുനർവിചാരണയ്ക്കായി ചെലവഴിച്ച സമയമോ കാലപരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് ആദായനികുതി നിയമം, 1961 (വകുപ്പ്129 പ്രകാരം) വ്യവസ്ഥ ചെയ്തിരുന്നുവെങ്കിലും ആദായനികുതി നിയമം, 2025 (വകുപ്പ് 377(6)) ഒഴിവാക്കേണ്ട കാലയളവുകൾ ഏതൊക്കെയാണെന്ന് കൃത്യമായി എടുത്തുപറയുന്നു — അതായത് പുനർവിചാരണയ്ക്കായി ചെലവഴിച്ച സമയവും കോടതി നടപടികൾ സ്റ്റേ ചെയ്തിരുന്ന കാലയളവും പോലുള്ളവ. ഏറ്റവും പ്രധാനമായി, വകുപ്പ് 377(7) വ്യക്തമായ ഒരു 60 ദിവസത്തെ ശേഷിക്കുന്ന സമയപരിധി എന്ന വ്യവസ്ഥ അവതരിപ്പിക്കുന്നു; ഇതനുസരിച്ച്, ബന്ധപ്പെട്ട കാലയളവുകൾ ഒഴിവാക്കിയശേഷം പുനഃപരിശോധനാ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി ശേഷിക്കുന്ന സമയം 60 ദിവസത്തിൽ കുറവാണെങ്കിൽ അത് സ്വയമേ 60 ദിവസമായി ദീർഘിപ്പിക്കപ്പെടുന്നതാണ്.

25: ആദായനികുതി നിയമം, 1961-ലെ വകുപ്പ് 264 പ്രകാരം സമർപ്പിച്ച ഒരു അപേക്ഷ 01.04.2026-ന് നിലവിലുണ്ടെങ്കിൽ അത് ആദായനികുതി നിയമം, 1961 പ്രകാരമാണോ അതോ ആദായനികുതി നിയമം, 2025 പ്രകാരമാണോ തീർപ്പാക്കപ്പെടുക?

ആദായനികുതി നിയമം, 1961-ലെ വകുപ്പ് 264 പ്രകാരം സമർപ്പിക്കപ്പെട്ടതും 01.04.2026-ന് നിലവിലുണ്ടായിരുന്നതുമായ ഒരു പുനപരിശോധനാ അപേക്ഷ, ആദായനികുതി നിയമം, 1961-ലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും തീർപ്പാക്കപ്പെടുക. ആദായനികുതി നിയമം, 2025-ലെ വകുപ്പ് 536(2)(c), 536(2)(e) എന്നിവ വ്യക്തമായി വ്യവസ്ഥ ചെയ്യുന്നത്, പുതിയ നിയമം പ്രാബല്യത്തിൽ വരുന്ന തീയതിയിൽ നിലവിലുള്ള ഏതൊരു നടപടിയും, പുനപരിശോധനാ നടപടികൾ ഉൾപ്പെടെ പുതിയ നിയമം നിലവിൽ വന്നിട്ടില്ലെന്ന മട്ടിൽ തുടർന്നും അതേ നിയമപ്രകാരമാണ് തീർപ്പാക്കേണ്ടതെന്നതാണ്. വകുപ്പ് 264 പ്രകാരമുള്ള പുനപരിശോധന റദ്ദാക്കപ്പെട്ട നിയമപ്രകാരം ആരംഭിച്ച ഒരു നിയമനടപടിയാണ്. അതിനാൽ, ആ നടപടിയുമായി ബന്ധപ്പെട്ട അവകാശങ്ങൾ, പരിധി, സമയപരിധി, അധികാരങ്ങൾ എന്നിവയെല്ലാം ആദായനികുതി നിയമം, 1961-ലെ വ്യവസ്ഥകളാൽ തന്നെ നിയന്ത്രിക്കപ്പെടുന്നതാണ്.