Do not have an account?
Already have an account?

ആദായനികുതി റിട്ടേണുകൾ

Frequently Asked Questions

ആദായനികുതി റിട്ടേണുകൾ - പതിവുചോദ്യങ്ങൾ

1. ആദായ നികുതി നിയമം, 2025 പ്രകാരം ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ ഏതൊക്കെയാണ്?

ആദായ റിട്ടേൺ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ആദായ നികുതി നിയമം, 2025 ലെ വകുപ്പ് 263 ൽ ഉൾപ്പെടുത്തിയിരിക്കുന്നു. വകുപ്പ് 263 ൽ യഥാർത്ഥ റിട്ടേൺ (ഉപവകുപ്പ് 1), വൈകിയുള്ള റിട്ടേൺ (ഉപവകുപ്പ് 4), പുതുക്കിയ റിട്ടേൺ (ഉപവകുപ്പ് 5), പരിഷ്‌കരിച്ച റിട്ടേൺ (ഉപവകുപ്പ് 6) എന്നിവയെല്ലാം ഏകീകൃതമായ ഒരു വകുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിർബന്ധിതമായി റിട്ടേൺ സമർപ്പിക്കേണ്ടതിന്‍റെ വ്യവസ്ഥ, സമർപ്പണത്തിനുള്ള അവസാന തീയതികൾ, റിട്ടേൺ സമർപ്പിക്കാൻ ബാധ്യതയുള്ള വ്യക്തികളുടെ വിഭാഗങ്ങൾ എന്നിവയുടെ അടിസ്ഥാന ഘടന പഴയ നിയമത്തിലേതിന് സമാനമായിത്തന്നെ തുടരുന്നു.

2. പുതിയ നിയമപ്രകാരം ആദായ റിട്ടേൺ സമർപ്പിക്കേണ്ട ബാധ്യതയിൽ — അതായത് നിർബന്ധമായും റിട്ടേൺ സമർപ്പിക്കേണ്ട വ്യക്തികളുടെ വിഭാഗങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടോ?

പുതിയ നിയമത്തിലെ വകുപ്പ് 263(1) നിർബന്ധമായും ആദായ റിട്ടേൺ സമർപ്പിക്കേണ്ട വ്യക്തികളുടെ വിഭാഗങ്ങൾ നിർദ്ദേശിക്കുന്നു. ഈ വിഭാഗങ്ങൾ പൊതുവെ പഴയ നിയമത്തിലുണ്ടായിരുന്നതിന് സമാനമാണ്.

3. പരിവർത്തന വർഷത്തിൽ (FY 2026 -27) നികുതിദായകർ (AY 2026–27 നും TY 2026–27നും) രണ്ട് റിട്ടേണുകൾ സമർപ്പിക്കേണ്ടിവരുമോ?

ഇല്ല. നികുതി വർഷം 2026–27-നുള്ള റിട്ടേൺ സമർപ്പിക്കാനുള്ള ബാധ്യത പ്രസ്തുത നികുതി വർഷം അവസാനിച്ചതിനുശേഷമാണ് ഉണ്ടാകുക.
ഇത് ആദായനികുതി നിയമം, 1961 ൽ നിലവിലുണ്ടായിരുന്ന സംവിധാനത്തിന് സമാനമാണ്.

4. FY 2025–26 ൽ ലഭിച്ച വരുമാനത്തിനുള്ള ITR ഏത് നിയമപ്രകാരമാണ് സമർപ്പിക്കേണ്ടത്?

The ITR for income earned during FY 2025 -26 will be filed for FY 2025–26ൽ ലഭിച്ച വരുമാനത്തിനായുള്ള ITR, മൂല്യനിർണയ വർഷം 2026–27ൽ ആദായനികുതി നിയമം, 1961 ലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും സമർപ്പിക്കേണ്ടത്. റിട്ടേൺ സാധാരണയായി 2026 ഏപ്രിൽ 1ന് ശേഷം (അതായത് പുതിയ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം) സമർപ്പിക്കുന്നതെങ്കിലും അത് 2026 ഏപ്രിൽ 1 ന് മുമ്പ് ആരംഭിച്ച നികുതി വർഷവുമായി ബന്ധപ്പെട്ടതിനാൽ പൂർണമായും പഴയ നിയമമാണ് ബാധകമാകുന്നത്.

5. AY 2026–27 ലേക്ക് ഏത് ITR ഫോമാണ് ഉപയോഗിക്കേണ്ടത്?

AY 2026–27നായി ആദായനികുതി നിയമം, 1961 പ്രകാരമുള്ള ITR ഫോമുകൾ (ITR-1, ITR-2, ITR-3, ITR-4, ITR-5, ITR-6, ITR-7) ഉടൻ വിജ്ഞാപനം ചെയ്യുന്നതാണ്. റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് മുമ്പുതന്നെ ഈ ഫോമുകൾ ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമാക്കും. സാമ്പത്തിക വർഷം 2025–26ലെ വരുമാനത്തിനുള്ള റിട്ടേൺ സമർപ്പിക്കുമ്പോൾ നികുതിദായകർ AY 2026–27 തെരഞ്ഞെടുക്കേണ്ടതാണ്.

6. Y 2026–27 നായി സമർപ്പിച്ച ITR ൽ പിന്നീട് ഒരു പിശക് കണ്ടെത്തുകയും പുതുക്കിയ റിട്ടേൺ സമർപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ ഏത് നിയമമാണ് ബാധകമാകുന്നത്?

AY 2026–27 നുള്ള പുതുക്കിയ റിട്ടേൺ ആദായ നികുതി നിയമം, 1961 പ്രകാരമായിരിക്കും നിയന്ത്രിക്കപ്പെടുക. പഴയ നിയമത്തിലെ വകുപ്പ് 139(5) പ്രകാരം ബന്ധപ്പെട്ട മൂല്യനിർണയ വർഷം അവസാനിക്കുന്നതിനുമുമ്പ് (അതായത് AY 2026–27നായി 2027 മാർച്ച് 31 ന് മുമ്പ്) അല്ലെങ്കിൽ മൂല്യനിർണയം പൂർത്തിയാകുന്നതിനുമുമ്പ് ഇവയിൽ ഏതാണ് ആദ്യം സംഭവിക്കുന്നത് അതിനുമുമ്പ് പുതുക്കിയ റിട്ടേൺ സമർപ്പിക്കാവുന്നതാണ്. 01.04.2026-ന് ശേഷമാണ് പരിഷ്കരണം നടത്തുന്നതെന്ന കാരണത്താൽ ബാധകമായ നിയമത്തിൽ മാറ്റമുണ്ടാകില്ല. AY 2026–27 നെയും അതിന് മുമ്പുള്ള വർഷങ്ങളെയും സംബന്ധിക്കുന്ന എല്ലാ റിട്ടേൺ സമർപ്പണങ്ങളും പഴയ നിയമപ്രകാരമായിരിക്കും തുടരുക.
(*ധനകാര്യ ബിൽ, 2026 ൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം)

7. പഴയ നിയമപ്രകാരം AY 2026–27ലേക്കുള്ള വൈകിയുള്ള റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഏതാണ്?

ആദായനികുതി നിയമം, 1961-ലെ വകുപ്പ് 139(4) പ്രകാരം, മൂല്യനിർണയ വർഷം (AY) 2026–27-നുള്ള വൈകിയുള്ള റിട്ടേൺ 2026 ഡിസംബർ 31 നോ അല്ലെങ്കിൽ മൂല്യനിർണയം പൂർത്തിയാകുന്നതിനുമുമ്പോ ഇവയിൽ ഏതാണ് ആദ്യം സംഭവിക്കുന്നത്, അതിനുമുമ്പ് സമർപ്പിക്കാവുന്നതാണ്.
കൂടാതെ, നിയമത്തിലെ വകുപ്പ് 234F പ്രകാരം വൈകി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള ഫീസ് ഈടാക്കുന്നത് ആകെ വരുമാനം ₹5,00,000 കവിയാത്ത പക്ഷം ₹1,000 ഉം മറ്റെല്ലാ സാഹചര്യങ്ങളിലും ₹5,000 ഉം.

8. പുതിയ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷവും AY 2026–27 ലേക്ക് പഴയ നിയമപ്രകാരം പരിഷ്‌കരിച്ച റിട്ടേൺ (ITR-U) സമർപ്പിക്കാനാകുമോ?

അതെ. പഴയ നിയമത്തിലെ വകുപ്പ് 139(8A) പ്രകാരം AY 2026–27 ലേക്കുള്ള പരിഷ്‌കരിച്ച റിട്ടേൺ അതിൽ നിശ്ചയിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ, പുതിയ നിയമം പ്രാബല്യത്തിൽ വന്ന ശേഷവും സമർപ്പിക്കാവുന്നതാണ്. 2026 ഏപ്രിൽ 1 ന് മുമ്പുള്ള നികുതി വർഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പഴയ നിയമപ്രകാരമായിരിക്കും തുടരുക.
ഉദാഹരണം: ശ്രീ. X 2026 ജൂലൈ 25 ന് AY 2026–27 ലേക്കുള്ള യഥാർത്ഥ ITR സമർപ്പിച്ചു. 2028 ജനുവരിയിൽ റിപ്പോർട്ട് ചെയ്യാതെ പോയ അധിക വരുമാനം ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി. അത്തരം സാഹചര്യത്തിൽ, പഴയ നിയമത്തിലെ വകുപ്പ് 139(8A) ൽ നിഷ്‌കർഷിച്ചിരിക്കുന്ന സമയപരിധിക്കും അധിക നികുതി അടയ്ക്കൽ സംബന്ധമായ വ്യവസ്ഥകൾക്കും വിധേയമായി AY 2026–27 ലേക്കുള്ള പരിഷ്‌കരിച്ച റിട്ടേൺ (ITR-U) സമർപ്പിക്കാവുന്നതാണ്.

9. AY 2025–26-നോ അതിന് മുമ്പുള്ള നിർണയ വർഷങ്ങൾക്കോ ബന്ധപ്പെട്ട പുതുക്കിയ / വൈകിയ / പരിഷ്‌കരിച്ച റിട്ടേണുകൾ 2026 ഏപ്രിൽ 1 നോ അതിനുശേഷമോ സമർപ്പിക്കാനാകുമോ?

AY 2025–26-നോ അതിന് മുമ്പുള്ള നിർണയ വർഷങ്ങൾക്കോ ബന്ധപ്പെട്ട പുതുക്കിയ അല്ലെങ്കിൽ വൈകിയുള്ള റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി 2026 ഏപ്രിൽ 1-ന് മുമ്പ് അവസാനിക്കുന്നതാണ്. അതിനാൽ, AY 2025–26 നോ അതിന് മുമ്പുള്ള നിർണയ വർഷങ്ങൾക്കോ ബന്ധപ്പെട്ട പുതുക്കിയ അല്ലെങ്കിൽ വൈകിയുള്ള റിട്ടേൺ 2026 ഏപ്രിൽ 1 ന് ശേഷം സമർപ്പിക്കാൻ കഴിയില്ല. എന്നാൽ, പഴയ നിയമത്തിലെ വകുപ്പ് 139(8A) പ്രകാരം നിശ്ചയിച്ചിരിക്കുന്ന സമയപരിധിക്ക് വിധേയമായി നികുതിദായകന് പരിഷ്‌കരിച്ച റിട്ടേൺ (ITR-U) സമർപ്പിക്കാവുന്നതാണ്.

10. 01.04.2026-ന് ശേഷം മുൻ മൂല്യനിർണയ വർഷങ്ങളിലെ റിട്ടേണുകൾ സമർപ്പിക്കുന്നതിന് ഏത് ITR ഫോമുകളാണ് ഉപയോഗിക്കേണ്ടത്?

ബന്ധപ്പെട്ട മൂല്യനിർണയ വർഷത്തിനായി പഴയ നിയമപ്രകാരം ബാധകമായ ITR ഫോമുകൾ തന്നെയാണ് തുടർന്നും ഉപയോഗിക്കേണ്ടത്. പുതിയ നിയമം പ്രാബല്യത്തിൽ വന്ന ശേഷവും, മുമ്പത്തെ നിർണയ വർഷങ്ങൾക്കായുള്ള പഴയ ITR ഫോമുകൾ ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമായിരിക്കും.

11. നികുതി വർഷം 2026–27ലേക്കുള്ള പുതിയ ITR ഫോമുകൾ എപ്പോൾ ലഭ്യമാകും?

ആദായ നികുതി ചട്ടങ്ങൾ, 2026 പ്രകാരമുള്ള പുതിയ ITR ഫോമുകൾ, നികുതി വർഷം 2026–27ലേക്കുള്ള റിട്ടേൺ സമർപ്പണത്തിന്‍റെ അവസാന തീയതിക്ക് മുമ്പായി സർക്കാർ വിജ്ഞാപനം ചെയ്യും. ഈ ഫോമുകൾ ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമാക്കുന്നതാണ്.

12. ആദായ നികുതി നിയമം, 2025 പ്രകാരം വൈകിയ, പുതുക്കിയ, പരിഷ്‌കരിച്ച റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധികൾ എന്തൊക്കെയാണ്?

ആദായനികുതി നിയമം, 2025 പ്രകാരം വൈകിയ, പുതുക്കിയ, പരിഷ്‌കരിച്ച റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള
സമയപരിധികൾ ചുവടെപ്പറയുന്നവയാണ്:
വൈകിയ റിട്ടേൺ: വകുപ്പ് 263(4) – ബന്ധപ്പെട്ട നികുതി വർഷം അവസാനിച്ചതിന് ശേഷം 9 മാസത്തിനുള്ളിൽ, അല്ലെങ്കിൽ മൂല്യനിർണയം പൂർത്തിയാകുന്നതിനുമുമ്പ്, ഇവയിൽ ഏതാണ് ആദ്യം സംഭവിക്കുന്നത്, അതിനുമുമ്പ്.
പുതുക്കിയ റിട്ടേൺ: വകുപ്പ് 263(5) – ബന്ധപ്പെട്ട നികുതി വർഷം അവസാനിച്ചതിനുശേഷം 12 മാസത്തിനുള്ളിൽ, അല്ലെങ്കിൽ മൂല്യനിർണയം പൂർത്തിയാകുന്നതിനുമുമ്പ്, ഇവയിൽ ഏതാണ് ആദ്യം സംഭവിക്കുന്നത്, അതിനുമുമ്പ്.
പരിഷ്‌കരിച്ച റിട്ടേൺ (ITR-U): വകുപ്പ് 263(6) – ബന്ധപ്പെട്ട നികുതി വർഷത്തിന് ശേഷമുള്ള സാമ്പത്തിക വർഷം അവസാനിച്ചതിനുശേഷം 48 മാസത്തിനുള്ളിൽ.
(*ധനകാര്യ ബിൽ, 2026-ൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം)

13. പുതിയ നിയമപ്രകാരം പരിഷ്‌കരിച്ച റിട്ടേൺ (ITR-U) സംബന്ധിച്ച പ്രധാന വ്യവസ്ഥകൾ എന്തൊക്കെയാണ്?

ആദായ നികുതി നിയമം, 2025 ലെ വകുപ്പ് 263(6) പരിഷ്‌കരിച്ച റിട്ടേൺ സമർപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു.
പ്രധാന വ്യവസ്ഥകൾ ചുവടെപ്പറയുന്നവയാണ്:
(i) ബന്ധപ്പെട്ട നികുതി വർഷത്തിനുശേഷമുള്ള സാമ്പത്തിക വർഷം അവസാനിച്ചതിനുശേഷം 48 മാസത്തിനുള്ളിൽ പരിഷ്‌കരിച്ച റിട്ടേൺ സമർപ്പിക്കാം.
(ii) യഥാർത്ഥ, വൈകിയ, അല്ലെങ്കിൽ പുതുക്കിയ റിട്ടേൺ സമർപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെയാണ് ഈ സൗകര്യം ലഭ്യമാകുന്നത്.
(iii) പരിഷ്‌കരിച്ച റിട്ടേൺ സമർപ്പിക്കുന്നതിലൂടെ വർധിച്ച നഷ്ടം, ആകെ നികുതി ബാധ്യതയിൽ കുറവ്, അല്ലെങ്കിൽ റീഫണ്ടിൽ വർധന എന്നിവ ഉണ്ടാകാൻ പാടില്ല.
(iv) ഒരു നികുതി വർഷത്തിൽ ഒരു പരിഷ്‌കരിച്ച റിട്ടേൺ മാത്രമേ സമർപ്പിക്കാൻ കഴിയൂ.
(v) വകുപ്പ് 267 പ്രകാരം നിശ്ചിത നിരക്കിൽ അധിക ആദായനികുതി പരിഷ്‌കരിച്ച റിട്ടേണിനോടൊപ്പം അടയ്‌ക്കേണ്ടതാണ്.
ഈ വ്യവസ്ഥകൾ അടിസ്ഥാനപരമായി പഴയ നിയമത്തിലെ വകുപ്പ് 139(8A)ലുള്ള വ്യവസ്ഥകൾക്ക് സമാനമാണ്.

14. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് പഴയ നിയമത്തിലെ വകുപ്പ് 132 പ്രകാരം ഒരു വ്യക്തിക്കെതിരെ പരിശോധന ആരംഭിച്ചിട്ടുണ്ടെങ്കിലും ബന്ധിത-കാലയളവിനുള്ള ആദായ റിട്ടേൺ സമർപ്പിക്കുന്നതിനുള്ള നോട്ടീസ് 01.04.2026 ന് ശേഷമാണ് നൽകുന്നതെങ്കിൽ, ഏത് നിയമപ്രകാരമാണ് റിട്ടേൺ സമർപ്പിക്കേണ്ടത്?

അത്തരം പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പുതിയ നിയമം നിലവിൽ വന്നിട്ടില്ലായിരുന്നുവെന്നതുപോലെ പഴയ നിയമപ്രകാരമായിരിക്കും തുടരുക. അതിനാൽ, നികുതിദായകൻ ബന്ധിത-കാലയളവിനുള്ള ആദായ റിട്ടേൺ, ആദായനികുതി നിയമം, 1961ലെ വകുപ്പ് 158BCലെ വ്യവസ്ഥകൾ പ്രകാരം സമർപ്പിക്കേണ്ടതാണ്.
ഉദാഹരണം: ഒരു നികുതിദായകനെതിരെ 2026 ജനുവരി മാസത്തിൽ പരിശോധന ആരംഭിച്ചാൽ അതുമായി ബന്ധപ്പെട്ട മൂല്യനിർണയ നടപടികളും മറ്റ് എല്ലാ തുടർനടപടികളും പഴയ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും നടത്തപ്പെടുക.

15.പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് പഴയ നിയമത്തിലെ വകുപ്പ് 132A പ്രകാരം അക്കൗണ്ട് ബുക്കുകൾ, മറ്റ് രേഖകൾ അല്ലെങ്കിൽ ആസ്തികൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ തുടർനടപടികൾ പഴയ നിയമപ്രകാരമാണോ അതോ പുതിയ നിയമപ്രകാരമാണോ?

അത്തരം ആവശ്യപ്പെടലുകളുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പഴയ നിയമത്തിലെ വ്യവസ്ഥകൾ
പ്രകാരമായിരിക്കും തുടരുക.

16. AY 2026–27 ഉം നികുതി വർഷം 2026–27 ഉം ഒന്നുതന്നെയാണോ?

ഇവ രണ്ടും പരസ്പരം സ്വതന്ത്രമായ നിയമപാലന ബാധ്യതകളാണ്:
(i) AY 2026–27 (FY 2025–26 ലെ വരുമാനം): പഴയ ITR ഫോമുകൾ ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ AY 2026–27 തെരഞ്ഞെടുക്കുകയും റിട്ടേൺ സമർപ്പിക്കുകയും വേണം. അവസാന തീയതി സാധാരണയായി 2026 ജൂലൈ 31 ആണ്. ഓഡിറ്റിന് വിധേയമല്ലാത്ത ചില വിഭാഗങ്ങളിൽ 2026 ഓഗസ്റ്റ് 31 ഉൾപ്പെടെയുള്ള ബാധകമായ അവസാന തീയതികൾ ബാധകമായിരിക്കും.
(ii) നികുതി വർഷം 2026–27 (FY 2026–27 ലെ വരുമാനം): ഈ റിട്ടേൺ 2027 ജൂലൈ വരെ സമർപ്പിക്കേണ്ടതില്ല. എന്നിരുന്നാലും, 2026 ഏപ്രിൽ മുതൽ പുതിയ നിയമത്തിന്‍റെ ചട്ടക്കൂട് അനുസരിച്ച് വരുമാനം, സ്രോതസിൽ നിന്ന് നികുതി കുറച്ചത് (TDS), മുൻകൂർ നികുതി അടച്ചത് എന്നിവയുടെ കൃത്യമായ രേഖകൾ നികുതിദായകൻ സൂക്ഷിക്കേണ്ടതാണ്.
ഇ-ഫയലിംഗ് പോർട്ടൽ ഒരേസമയം പഴയ നിയമത്തിന്‍റെയും പുതിയ നിയമത്തിന്‍റെയും നിയമപാലന നടപടികൾക്ക് പിന്തുണ നൽകുന്നതായിരിക്കും.

17.പുതിയ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം AY 2026–27നായി ആദായനികുതി വകുപ്പ് പഴയ നിയമത്തിലെ വകുപ്പ് 139(9) പ്രകാരം പിഴവുകളുള്ള റിട്ടേൺ സംബന്ധിച്ച നോട്ടീസ് നൽകിയാൽ അതിനുള്ള മറുപടി ഏത് നിയമപ്രകാരമായിരിക്കും?

അത്തരം നോട്ടീസിനുള്ള മറുപടി ആദായനികുതി നിയമം, 1961 പ്രകാരമായിരിക്കും നൽകേണ്ടത്. വകുപ്പ് 536(2)(c) പ്രകാരം AY 2026–27നെയും അതിന് മുമ്പുള്ള മൂല്യനിർണയ വർഷങ്ങളെയും സംബന്ധിക്കുന്ന എല്ലാ നടപടിക്രമങ്ങളും പഴയ നിയമപ്രകാരമാണ് തുടരുന്നത്. അതിനാൽ, നോട്ടീസിൽ അനുവദിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ പഴയ നിയമത്തിലെ വകുപ്പ് 139(9) പ്രകാരം പിഴവുകളുള്ള റിട്ടേൺ തിരുത്തേണ്ടതാണ്.

18. ഒരു നികുതിദായകൻ AY 2026–27 ലേക്കുള്ള റിട്ടേൺ സമർപ്പിച്ചിട്ടുണ്ടെങ്കിലും സൂക്ഷ്മപരിശോധനയ്ക്കായി പഴയ നിയമത്തിലെ വകുപ്പ് 143(2) പ്രകാരമുള്ള നോട്ടീസ് ലഭിക്കുകയാണെങ്കിൽ പുതിയ നിയമം നിലവിലുണ്ടെങ്കിലും ആ സൂക്ഷ്മപരിശോധന പഴയ നിയമപ്രകാരമായിരിക്കുമോ?

അതെ. AY 2026–27 നോ അതിന് മുമ്പുള്ള ഏതെങ്കിലും മൂല്യനിർണയ വർഷവുമായി ബന്ധപ്പെട്ട സൂക്ഷ്മപരിശോധന ആദായനികുതി നിയമം, 1961 ലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും പൂർത്തിയാക്കുക. വകുപ്പ് 536(2)(c) പ്രകാരം 2026 ഏപ്രിൽ 1 ന് മുമ്പ് ആരംഭിച്ച നികുതി വർഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ മൂല്യനിർണയ നടപടിക്രമങ്ങളും പഴയ നിയമപ്രകാരമാണ് തുടരേണ്ടത്.

19. AY 2026–27 നും നികുതി വർഷം 2026–27 നും റിട്ടേൺ സമർപ്പിക്കേണ്ട ബാധ്യതയുള്ള ഒരു നികുതിദായകൻ അവയിൽ ഒരെണ്ണം മാത്രം സമർപ്പിച്ചാൽ എന്ത് സംഭവിക്കും?

ഇവ രണ്ടും സ്വതന്ത്രമായ നിയമപരമായ ബാധ്യതകളാണ്. അതിനാൽ, രണ്ട് റിട്ടേണുകളും അതത് നിയമങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന അവസാന തീയതിക്കകം നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. ഇവയിൽ ഏതെങ്കിലും ഒരു റിട്ടേൺ സമർപ്പിക്കാതിരുന്നാൽ ബന്ധപ്പെട്ട നിയമപ്രകാരം ബാധകമായ നിയമപരമായ പ്രത്യാഘതങ്ങളും നടപടികളും ബാധകമാകും.

20. ഒരു നികുതിദായകന് FY 2025–26 ൽ (AY 2026–27) നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ പുതിയ നിയമപ്രകാരം ആ നഷ്ടം തുടർവർഷങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുമോ?

അതെ. പഴയ നിയമപ്രകാരം AY 2026–27 ൽ നിർണയിക്കപ്പെട്ട നഷ്ടം, നിർദ്ദിഷ്ട വ്യവസ്ഥകൾക്ക് വിധേയമായി, പുതിയ നിയമപ്രകാരം നികുതി വർഷം 2026–27 ലേക്കും തുടർന്നുള്ള നികുതി വർഷങ്ങളിലേക്കും കൊണ്ടുപോയി നികത്താവുന്നതാണ്. വകുപ്പ് 536(2)(b) പ്രകാരം പഴയ നിയമപ്രകാരം സമ്പാദിച്ച അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നഷ്ടം കൊണ്ടുപോകാനുള്ള അവകാശം അത്തരം സംരക്ഷിത അവകാശങ്ങളിൽ ഒന്നാണ്.
ഉദാഹരണം: M/s. XYZ ട്രേഡിങ് LLP യ്ക്ക് FY 2025–26 ൽ (AY 2026–27) ₹15 ലക്ഷം ബിസിനസ് നഷ്ടമുണ്ടായി. അവർ നിശ്ചിത സമയപരിധിക്കുള്ളിൽ നഷ്ട റിട്ടേൺ സമർപ്പിച്ചു. ഈ നഷ്ടം നിർദ്ദിഷ്ട വ്യവസ്ഥകൾക്ക് വിധേയമായി നികുതി വർഷം 2026–27ലെയും തുടർന്നുള്ള നികുതി വർഷങ്ങളിലെയും ബിസിനസ് വരുമാനത്തിൽ നിന്നും നികത്തുന്നതിനായി വരും വർഷങ്ങളിലേക്ക് കൊണ്ടുപോകാവുന്നതാണ്.

21. പുതിയ നിയമപ്രകാരം നഷ്ടം മുന്നോട്ടുകൊണ്ടുപോകുന്നതിന്, നഷ്ട റിട്ടേൺ നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കേണ്ടത് നിർബന്ധമാണോ?

അതെ. പുതിയ നിയമപ്രകാരവും നഷ്ടം വരും വർഷങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള മുൻവ്യവസ്ഥയായി വകുപ്പ് 263(1)ൽ (പഴയ നിയമത്തിലെ വകുപ്പ് 139(1)ന് തുല്യമായ വ്യവസ്ഥ) നിശ്ചയിച്ചിരിക്കുന്ന അവസാന തീയതിക്കകം നഷ്ട റിട്ടേൺ സമർപ്പിച്ചിരിക്കണം. ഈ വ്യവസ്ഥ താഴെപ്പറയുന്ന വരുമാന വിഭാഗങ്ങളിലെ നഷ്ടങ്ങൾക്ക് ബാധകമാണ്: "ബിസിനസ് അല്ലെങ്കിൽ തൊഴിലിൽ നിന്നുള്ള ലാഭവും നേട്ടങ്ങളും", പന്തയക്കുതിരകളെ സ്വന്തമാക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട നഷ്ടം, "മൂലധന നേട്ടങ്ങൾ" എന്നിവ. പുതിയ നിയമത്തിലെ വകുപ്പ് 121ലും ഈ വ്യവസ്ഥ അതേപടി നിലനിർത്തിയിട്ടുണ്ട്.

22. പഴയ നിയമപ്രകാരം AY 2022–23 മുതൽ മുന്നോട്ടുകൊണ്ടുപോകുന്ന നഷ്ടം AY 2026–27 വരെയും പൂർണ്ണമായി നികത്താതെ ശേഷിക്കുന്നുണ്ടെങ്കിൽ പുതിയ നിയമപ്രകാരവും അതിന്‍റെ മുന്നോട്ടുകൊണ്ടുപോകൽ തടസ്സമില്ലാതെ തുടരുമോ?

അതെ. പഴയ നിയമപ്രകാരം മുൻ വർഷങ്ങളിൽ നിന്നുള്ളതും മുന്നോട്ടുകൊണ്ടുപോകുന്നതുമായ, ഇതുവരെ പൂർണ്ണമായി നികത്താത്ത നഷ്ടങ്ങൾ അതേ വ്യവസ്ഥകൾക്ക് (നഷ്ടത്തിന്‍റെ സ്വഭാവം, മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കാലാവധി മുതലായവ) വിധേയമായി പുതിയ നിയമപ്രകാരവും തുടർന്നും മുന്നോട്ടുകൊണ്ടുപോകാവുന്നതാണ്. പുതിയ നിയമത്തിലേക്കുള്ള പരിവർത്തനം മുന്നോട്ടുകൊണ്ടുപോകുന്ന കാലാവധിയെ തടസ്സപ്പെടുത്തുകയോ പുതുതായി ആരംഭിക്കുകയോ ചെയ്യുന്നില്ല.
ഉദാഹരണം: M/s. ABC Pvt. Ltd.ന് AY 2022–23ൽ ഉണ്ടായ ബിസിനസ് നഷ്ടം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. നികുതി വർഷം 2026–27 ആയപ്പോഴേക്കും ആ നഷ്ടം നാല് വർഷത്തേക്ക് മുന്നോട്ടുകൊണ്ടുപോയിക്കഴിഞ്ഞിരുന്നു. അതിനാൽ, പുതിയ നിയമപ്രകാരം AY 2022–23 മുതൽ ആകെ അനുവദനീയമായ എട്ട് വർഷത്തിൽ ശേഷിക്കുന്ന നാല് വർഷത്തേക്ക് കൂടി അത് നികത്തുന്നതിനായി മുന്നോട്ടുകൊണ്ടുപോകാവുന്നതാണ്.

23.പുതിയ നിയമപ്രകാരം ആദായ റിട്ടേൺ പരിശോധിച്ച് സ്ഥിരീകരിക്കുന്ന രീതിയിലോ, റിട്ടേൺ പരിശോധിച്ച് സ്ഥിരീകരിക്കേണ്ട വ്യക്തിയെ സംബന്ധിച്ചോ എന്തെങ്കിലും മാറ്റമുണ്ടോ?

ആദായ റിട്ടേൺ പരിശോധിച്ച് സ്ഥിരീകരിക്കുന്ന രീതിയിലോ, റിട്ടേൺ പരിശോധിച്ച് സ്ഥിരീകരിക്കേണ്ട വ്യക്തിയെ സംബന്ധിച്ചോ പുതിയ നിയമത്തിൽ അടിസ്ഥാനപരമായ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ആദായ നികുതി നിയമം, 2025 ലെ വകുപ്പ് 265 പ്രകാരം ഓരോ നികുതിദായന്‍റെ വിഭാഗത്തിനും (വ്യക്തി, കമ്പനി, സ്ഥാപനം മുതലായവ) റിട്ടേൺ പരിശോധിച്ച് സ്ഥിരീകരിക്കാൻ അധികാരമുള്ള വ്യക്തികളെ നിർദ്ദേശിച്ചിരിക്കുന്നു. ഈ വ്യവസ്ഥകൾ പഴയ നിയമത്തിലേതിന് സമാനമാണ്. ആധാർ OTP, നെറ്റ് ബാങ്കിംഗ്, ഡിജിറ്റൽ സിഗ്നേച്ചർ, അല്ലെങ്കിൽ നിർദ്ദേശിക്കപ്പെട്ട മറ്റ് ഇലക്ട്രോണിക് സ്ഥിരീകരണ മാർഗങ്ങൾ തുടർന്നും നിലവിലുണ്ടായിരിക്കും.

24. FY 2025–26 ലേക്കുള്ള നികുതി ഓഡിറ്റ് റിപ്പോർട്ട് 2026 ഏപ്രിൽ 1 ന് ശേഷമാണ് സമർപ്പിക്കുന്നത്. FY 2025–26 ലേക്കുള്ള (AY 2026–27) നികുതി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഏത് നിയമമാണ് ബാധകമാകുന്നത്?

FY 2025–26 ലേക്കുള്ള ഓഡിറ്റ് റിപ്പോർട്ട്, ആദായനികുതി നിയമം, 1961 പ്രകാരമുള്ള AY 2026–27നോട് ബന്ധപ്പെട്ടതാണ്. അതിനാൽ, യഥാർത്ഥ സമർപ്പണം 01.04.2026 ന് ശേഷമാണെങ്കിലും, പഴയ നിയമപ്രകാരം നിർദ്ദേശിച്ചിരിക്കുന്ന ഫോമുകളിൽ (ബാധകമായ ഫോം 3CA / ഫോം 3CB / ഫോം 3CD) തന്നെയാണ് സമർപ്പിക്കേണ്ടത്. AY 2026–27 ലേക്കുള്ള നികുതി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി ITR സമർപ്പണത്തിനുള്ള അവസാന തീയതിക്ക് ഒരു മാസം മുമ്പാണ്. ITR സമർപ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 31 ആണെങ്കിൽ, നികുതി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ 30 ആയിരിക്കും. കൈമാറ്റ വിലനിർണ്ണയവുമായി ബന്ധപ്പെട്ട കേസുകളിൽ ITR സമർപ്പിക്കേണ്ട അവസാന തീയതി 2026 നവംബർ 30 ആണെങ്കിൽ നികുതി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 31
ആയിരിക്കും.

25. പുതിയ നിയമപ്രകാരം വൈകി ആദായ റിട്ടേൺ സമർപ്പിക്കുന്നതിനുള്ള ഫീസ് എത്രയാണ്?

ആദായനികുതി നിയമം, 2025-ലെ വകുപ്പ് 428 പ്രകാരം വൈകി ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള ഫീസ് നിശ്ചയിച്ചിരിക്കുന്നു. ഫീസിന്‍റെ തുക പഴയ നിയമത്തിന് (നിയമം, 1961 വകുപ്പ് 234F പ്രകാരം) സമാനമാണ്.
(i) ആകെ വരുമാനം ₹5 ലക്ഷം കവിയാത്ത പക്ഷം ₹1,000;
(ii) മറ്റെല്ലാ സാഹചര്യങ്ങളിലും ₹5,000
കുറിപ്പ്: ഈ ഫീസ് പുതിയ നിയമപ്രകാരമുള്ള (നികുതി വർഷം 2026–27 മുതലുള്ള) റിട്ടേണുകൾക്കാണ് ബാധകമാകുന്നത്. AY 2026–27 നും അതിന് മുമ്പുള്ള മൂല്യനിർണയ വർഷങ്ങൾക്കും പഴയ നിയമത്തിലെ വകുപ്പ് 234F പ്രകാരമുള്ള ഫീസാണ് ബാധകമാകുക.

26. ഇ-ഫയലിംഗ് പോർട്ടൽ ഒരേസമയം പഴയ നിയമത്തിന്‍റെയും പുതിയ നിയമത്തിന്‍റെയും റിട്ടേൺ സമർപ്പിക്കുന്നതിനെ പിന്തുണയ്ക്കുമോ?

അതെ. പരിവർത്തന കാലയളവിൽ ഇ-ഫയലിംഗ് പോർട്ടൽ പഴയ നിയമത്തിന്‍റെയും പുതിയ നിയമത്തിന്‍റെയും റിട്ടേൺ സമർപ്പണങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്. പോർട്ടലിൽ റിട്ടേൺ സമർപ്പിക്കുമ്പോൾ നികുതിദായകർക്ക് മൂല്യനിർണയ വർഷം (പഴയ നിയമപ്രകാരം സമർപ്പിക്കുന്നതിന്) അല്ലെങ്കിൽ നികുതി വർഷം (പുതിയ നിയമപ്രകാരം സമർപ്പിക്കുന്നതിന്) തെരഞ്ഞെടുക്കാൻ സാധിക്കും. നികുതിദായകർ നടത്തിയ തെരഞ്ഞെടുപ്പിന്‍റെ അടിസ്ഥാനത്തിൽ അനുയോജ്യമായ ഫോമുകളിലേക്ക് പോർട്ടൽ അവരെ നയിക്കുന്നതാണ്.

27. പരിവർത്തന വർഷത്തിൽ പഴയ നിയമത്തിന്‍റെയും പുതിയ നിയമത്തിന്‍റെയും റിട്ടേൺ സമർപ്പണം സുഗമമാക്കുന്നതിന് നികുതിദായകർ രേഖകൾ എങ്ങനെ സൂക്ഷിക്കണം?

നികുതിദായകർ ചുവടെപ്പറയുന്ന കാര്യങ്ങൾ പാലിക്കേണ്ടതാണ്:
(i) FY 2025–26 (പഴയ നിയമപ്രകാരം)യും സാമ്പത്തിക വർഷം 2026–27 (പുതിയ നിയമപ്രകാരം)യും സംബന്ധിച്ച വരുമാനം, ചെലവുകൾ, സ്രോതസി നിന്ന്ൽ നികുതി കിഴിച്ചത് (TDS), മുൻകൂർ നികുതി എന്നിവ പ്രത്യേകം വ്യക്തമായി വേർതിരിച്ച് രേഖപ്പെടുത്തണം;
(ii) എല്ലാ ചലാനുകളിലും ബാധകമായ AY 2026–27 അല്ലെങ്കിൽ നികുതി വർഷം 2026–27 ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം;
(iii) ഓരോ വർഷത്തിനും പ്രത്യേകം ഫോം 26AS / വാർഷിക നികുതി പ്രസ്താവന ഒത്തുനോക്കണം;
(iv) കൃത്യമായ രേഖപ്പെടുത്തലിനായി (പഴയ നിയമത്തിലെ വകുപ്പുകളും പുതിയ നിയമത്തിലെ വകുപ്പുകളും തമ്മിലുള്ള) വകുപ്പ് സംബന്ധിച്ച ഒരു താരതമ്യ റഫറൻസ് കൈവശം സൂക്ഷിക്കണം;
(v) ഇ-ഫയലിംഗ് പോർട്ടലിലെ പരിവർത്തനവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ സമയം ലഭിക്കുന്നതിനായി, റിട്ടേണുകൾ അവസാന തീയതിക്ക് വളരെ മുമ്പുതന്നെ സമർപ്പിക്കുന്നത് ഉചിതമാണ്.